അമിത ബലപ്രയോഗം നടത്തിയിട്ടില്ല; സിജെപിയുടെ പാർലമെന്റ് മാർച്ച് നിയമവിരുദ്ധം; ഡൽഹി പൊലീസ് സുപ്രീംകോടതിയിൽ

'മൂന്ന് കിലോമീറ്ററിലധികം പ്രദേശത്ത് 30,000ലധികം വരുന്ന ജനക്കൂട്ടം എത്തി. ഇവരെ നിയന്ത്രിക്കാന്‍ 5,000 പൊലീസുകാരാണ് ശ്രമിച്ചത്'

അമിത ബലപ്രയോഗം നടത്തിയിട്ടില്ല; സിജെപിയുടെ പാർലമെന്റ് മാർച്ച് നിയമവിരുദ്ധം; ഡൽഹി പൊലീസ് സുപ്രീംകോടതിയിൽ
dot image

ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍മന്തറിലെ കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിഷേധത്തിനെതിരെ അമിത ബലപ്രയോഗം നടത്തിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്. സുപ്രീംകോടതിയിലാണ് ഡല്‍ഹി പൊലീസിന്റെ മറുപടി. സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ച് നിയമവിരുദ്ധമാണെന്നും ക്രമസമാധാന പ്രശ്‌നത്തിന് കാരണമായെന്നും ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചു.

ആള്‍ക്കൂട്ടം ഒന്നിലധികം നിരകളിലെ ബാരിക്കേഡ് തകര്‍ത്തു. പാര്‍ലമെന്റിലേക്ക് നീങ്ങാന്‍ ശ്രമിച്ചതോടെ പ്രതിഷേധം സമാധാനപരമല്ലാതായി മാറി. ഘട്ടം ഘട്ടമായുള്ള ബലപ്രയോഗമാണ് നടത്തിയതെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. എ എ റഹീം എംപിയുടെ ഹര്‍ജിയിലാണ് ഡല്‍ഹി പൊലീസിന്റെ മറുപടി.

മൂന്ന് കിലോമീറ്ററിലധികം പ്രദേശത്ത് 30,000ലധികം വരുന്ന ജനക്കൂട്ടം എത്തി. ഇവരെ നിയന്ത്രിക്കാന്‍ 5,000 പൊലീസുകാരാണ് ശ്രമിച്ചത്. ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ സംഘര്‍ഷം ഉടലെടുത്തു. 240 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ആണിയുള്ള ലാത്തി ഉപയോഗിച്ച ഒരൊറ്റ സംഭവം മാത്രമാണുള്ളത്. അത് ഉപയോഗിച്ചത് പ്രതിഷേധക്കാരനെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചു.

ദേശീയപതാക ഘടിപ്പിച്ച വടികള്‍ പ്രതിഷേധക്കാര്‍ ഉപയോഗിച്ചു. അക്രമം നിയന്ത്രിക്കാന്‍ അനുവദനീയ മാര്‍ഗ്ഗം മാത്രമാണ് സ്വീകരിച്ചത്. പൊലീസ് ഉദ്യോഗസ്ഥരായ സ്പോട്ടര്‍മാര്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചുവെന്നത് എഡിറ്റ് ചെയ്ത വീഡിയോയാണ്. സാഹചര്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സ്പോട്ടര്‍മാര്‍ ആള്‍ക്കൂട്ടത്തില്‍ ലയിച്ചുചേരാറുണ്ട്. പ്രതിഷേധക്കാര്‍ പൊലീസുകാരെ ആള്‍ക്കൂട്ട കൊലപാതകത്തിന് ശ്രമിച്ചു. വിവിധ ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്ന 2, 873 പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു ഇവരെക്കുറിച്ച് എസ്ഐടി അന്വേഷിക്കുമെന്നും ഡല്‍ഹി പൊലീസ് സുപ്രിംകോടതിയില്‍ വ്യക്തമാക്കി.

Content Highlights: Delhi Police has denied allegations of using excessive force during the Cockroach Janata Party protest held at Jantar Mantar.

dot image
To advertise here,contact us
dot image