ഹായ് നല്ല ബിരിയാണി; ഇഷ്ട ഭക്ഷണം കാണുമ്പോള്‍ വായില്‍ വെള്ളമൂറുന്നത് എന്തുകൊണ്ട്?

ഇതിന് പിന്നില്‍ തലച്ചോറിന്റെ രസകരമായ കളിയുണ്ട്

ഹായ് നല്ല ബിരിയാണി; ഇഷ്ട ഭക്ഷണം കാണുമ്പോള്‍ വായില്‍ വെള്ളമൂറുന്നത് എന്തുകൊണ്ട്?
dot image

ബിരിയാണിയുടെ മണം മൂക്കിലെത്തുകയോ ചൂടോടെ വിളമ്പിയിരിക്കുന്ന ബിരിയാണി കണ്ണില്‍പ്പെടുകയോ ചെയ്യുമ്പോള്‍ പെട്ടെന്ന് വായില്‍ വെള്ളമൂറുന്നു. വിശപ്പില്ലെങ്കിലും ഒരു പ്ലേറ്റ് കഴിക്കാനുള്ള ആഗ്രഹം തോന്നും അല്ലേ?. ബിരിയാണി മാത്രമല്ല ഇഷ്ടപ്പെട്ട ഏതൊരു ഭക്ഷണവും കാണുമ്പോള്‍ ഇതേ അനുഭവം ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ഭക്ഷണം നേരിട്ട് കാണണമെന്നുപോലുമില്ല. അതിന്റെ മണം അടിച്ചാല്‍ മതി. ചിലപ്പോള്‍ ഒരു ഭക്ഷണത്തിന്റെ ചിത്രം കണ്ടാലോ അതിനെക്കുറിച്ച് ചിന്തിച്ചാലോ പോലും വായില്‍ വെള്ളമൂറും.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

ഇതിന് പിന്നില്‍ തലച്ചോറിന്റെ കളി

ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തലച്ചോറും നാഡീവ്യവസ്ഥയും ദഹനവ്യവസ്ഥയും തമ്മിലുള്ള ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ്. ഭക്ഷണം വായില്‍ എത്തുന്നതിന് മുമ്പുതന്നെ ശരീരം ഭക്ഷണം കഴിക്കാനും ദഹിപ്പിക്കാനും തയ്യാറെടുക്കാന്‍ തുടങ്ങുന്നു.അതായത് ഭക്ഷണം കാണുമ്പോള്‍ തന്നെ തലച്ചോര്‍ തയ്യാറെടുപ്പ് തുടങ്ങും.

 mouth water when you see your favorite food

നമ്മുടെ തലച്ചോര്‍ ചുറ്റുപാടുകളില്‍ നിന്നുള്ള കാഴ്ച, ഗന്ധം, ശബ്ദം, ഓര്‍മ്മകള്‍ തുടങ്ങിയ വിവരങ്ങള്‍ നിരന്തരം സ്വീകരിക്കുന്നുണ്ട്. ഇഷ്ടപ്പെട്ട ഭക്ഷണം കാണുകയോ അതിന്റെ ഗന്ധം അനുഭവപ്പെടുകയോ ചെയ്യുമ്പോള്‍ തലച്ചോറിന് അത് ഭക്ഷണം ലഭിക്കാന്‍ പോകുന്നതിന്റെ സൂചനയായി മനസിലാക്കുന്നു. തുടര്‍ന്ന് നാഡീവ്യവസ്ഥ ശരീരത്തോട് ഭക്ഷണം കഴിക്കാന്‍ തയ്യാറാകാന്‍ നിര്‍ദേശം നല്‍കുന്നു. ഇതിന്റെ ഭാഗമായി ഉമിനീര്‍ ഉത്പാദനം വര്‍ധിക്കും. ദഹനവുമായി ബന്ധപ്പെട്ട മറ്റ് ചില പ്രവര്‍ത്തനങ്ങളും സജീവമാകും.

എന്താണ് 'സെഫാലിക് ഘട്ടം'

ഭക്ഷണം വായിലോ വയറ്റിലോ എത്തുന്നതിന് മുമ്പ് ഭക്ഷണത്തിന്റെ കാഴ്ച, മണം, രുചിയെക്കുറിച്ചുള്ള ചിന്ത തുടങ്ങിയ ഉത്തേജനങ്ങളോട് ശരീരം പ്രതികരിക്കുന്ന ദഹനപ്രക്രിയയുടെ ആദ്യഘട്ടത്തെ സെഫാലിക് ഘട്ടം (Cephalic phase) എന്നാണ് വിളിക്കുന്നത്. ഭക്ഷണം കാണുക മാത്രമല്ല ഇതിന് കാരണം. അതിന്റെ ഗന്ധം, രുചിയെക്കുറിച്ചുള്ള ഓര്‍മ്മ, ഭക്ഷണവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ എന്നിവയും ഈ പ്രതികരണത്തിന് കാരണമാകാം. ഉദാഹരണത്തിന് കുട്ടിക്കാലത്ത് അമ്മയോ മുത്തശ്ശിയോ ഉണ്ടാക്കിയിരുന്ന ഒരു പ്രത്യേക കറിയുടെ മണം കിട്ടിയാല്‍ പെട്ടെന്ന് വിശപ്പ് തോന്നാം. ആ ഗന്ധം പഴയ ഓര്‍മ്മകളുമായി തലച്ചോര്‍ ബന്ധിപ്പിക്കുന്നതിനാലാണ് ഇത്തരമൊരു പ്രതികരണം ഉണ്ടാകുന്നത്.

 mouth water when you see your favorite food

വായില്‍ വെള്ളമൂറുന്നത്

വായില്‍ നിറയുന്ന ഉമിനീര്‍ ഭക്ഷണം കഴിക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. ഉമിനീര്‍ ഭക്ഷണത്തെ നനയ്ക്കുകയും മൃദുവാക്കുകയും ചെയ്യുന്നു. അതുവഴി ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനും എളുപ്പമാകും. ഭക്ഷണത്തിലെ ചില ഘടകങ്ങളുടെ ദഹനത്തിനും ഉമിനീരിലുള്ള എന്‍സൈമുകള്‍ സഹായിക്കുന്നു.

വിശപ്പില്ലെങ്കിലും വായില്‍ വെള്ളമൂറുന്നതെന്തുകൊണ്ട്?

വിശപ്പില്ലെങ്കിലും കൊതിയുണ്ടാകുമോ?. ഇതാണ് ഏറ്റവും രസകരമായ കാര്യം. വായില്‍ വെള്ളമൂറാന്‍ വിശപ്പുണ്ടാകണമെന്നില്ല. വയറുനിറഞ്ഞിരിക്കുമ്പോഴും ഇഷ്ടപ്പെട്ട ഭക്ഷണം കണ്ടാല്‍ അത് കഴിക്കാനുള്ള ആഗ്രഹം തോന്നാം. ശരീരത്തിന് ഊര്‍ജം ആവശ്യമാകുമ്പോള്‍ ഉണ്ടാകുന്ന വിശപ്പിനൊപ്പം കാഴ്ച, മണം, ഓര്‍മ്മ, വികാരം, ശീലം തുടങ്ങിയവയും ഭക്ഷണത്തോടുള്ള ആഗ്രഹത്തെ സ്വാധീനിക്കും.അതുകൊണ്ടാണ് ഭക്ഷണം കഴിച്ച് വയറുനിറഞ്ഞിരിക്കുമ്പോഴും കണ്ടപ്പോള്‍ വീണ്ടും കഴിക്കാന്‍ തോന്നുന്നു എന്ന് പലരും പറയുന്നത്.

 mouth water when you see your favorite food

ഗന്ധത്തിന്റെ പ്രാധാന്യം

ഭക്ഷണത്തിന്റെ ഗന്ധത്തിന് നമ്മുടെ ഭക്ഷണത്തോടുളള ആഗ്രഹത്തെ ശക്തമായി സ്വാധീനിക്കാനാകും. ഒരു പ്രത്യേക ഭക്ഷണത്തിന്റെ മണം തലച്ചോറില്‍ അതുമായി ബന്ധപ്പെട്ട രുചിയുടെയും അനുഭവങ്ങളുടെയും ഓര്‍മ്മകള്‍ ഉണര്‍ത്താം. കാരണം തലച്ചോര്‍ ആ ഗന്ധത്തെ മുമ്പത്തെ ഭക്ഷണാനുഭവവുമായി ബന്ധിപ്പിക്കുന്നു. അതോടെ ശരീരം ഭക്ഷണം ലഭിക്കാനിരിക്കുന്നതുപോലെ പ്രതികരിക്കുകയും ചെയ്യും.

 mouth water when you see your favorite food

ഇഷ്ടപ്പെട്ട ഭക്ഷണത്തിന് വിപരീതമായി മോശം ഭക്ഷണം കണ്ടാലോ?

ഇവിടെയാണ് ശരീരത്തിന്റെ മറ്റൊരു അത്ഭുതകരമായ സംവിധാനമുള്ളത്. രുചികരമായ ഭക്ഷണം കാണുമ്പോള്‍ വായില്‍ വെള്ളമൂറാന്‍ സഹായിക്കുന്ന അതേ തലച്ചോര്‍-ശരീര സംവിധാനമാണ് ചില സാഹചര്യങ്ങളില്‍ അതിന്റെ വിപരീത പ്രതികരണത്തിനും കാരണമാകുന്നത്. ചീത്ത ഭക്ഷണം കാണുകയോ അതിന്റെ ദുര്‍ഗന്ധം അനുഭവപ്പെടുകയോ ചെയ്താല്‍ പെട്ടെന്ന് ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ പ്രതികരണങ്ങള്‍ ഉണ്ടാകാം. കാരണം തലച്ചോര്‍ ഇത്തരം കാഴ്ചയെയും ഗന്ധത്തെയും മോശം സൂചനയായി വ്യാഖ്യാനിച്ചേക്കാം. ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കാനുള്ള ശരീരത്തിന്റെ സ്വാഭാവിക സംരക്ഷണ സംവിധാനത്തിന്റെ ഭാഗമാണിത്. ഒരു പ്രത്യേക ഭക്ഷണം കഴിച്ചതിന് ശേഷം ഒരിക്കല്‍ അസുഖം ബാധിച്ചിട്ടുണ്ടെങ്കില്‍ പിന്നീട് അതേ ഭക്ഷണത്തിന്റെ മണം പോലും അസ്വസ്ഥതയുണ്ടാക്കാം.

Content Highlights :Why does your mouth water when you see your favorite food? Sometimes, your mouth waters even just by looking at a picture of the food or thinking about it. Why does this happen?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image