

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിലെ ഡല്‍ഹി പൊലീസ് നടപടിയെ ന്യായീകരിച്ച് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു. പ്രതിഷേധത്തില്‍ ക്രിമിനലുകള്‍ നുഴഞ്ഞുകയറിയെന്നും ആരെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും റിജിജു പറഞ്ഞു. ബിഹാറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിലെ പൊലീസ് നടപടിയെ അടക്കമാണ് റിജിജു ന്യായീകരിച്ചത്. ഇരു സര്‍ക്കാരുകളും നിയമസംവിധാനങ്ങളും ആള്‍ക്കൂട്ടത്തിന് അത്യാഹിതമോ ഗുരുതര പരിക്കുകളോ സൃഷ്ടിക്കാതെ സാഹചര്യം കൈകാര്യം ചെയ്യുകയാണ് ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു.
'ഒരാള്‍ പോലും കൊല്ലപ്പെട്ടിട്ടില്ല. ഒരാളുടെ പോലും എല്ലൊടിഞ്ഞിട്ടില്ല. പ്രതിഷേധക്കാരില്‍ ഒരാള്‍ പോലും ഗുരുതരമായ പരിക്കുകളുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിട്ടില്ല. പ്രതിഷേധത്തിന്റെ തീവ്രത കണക്കിലെടുക്കുമ്പോള്‍, ആയിരങ്ങളാണ് അതിന്റെ ഭാഗമായത്, അതിനിടയിലേക്ക് വിദ്യാര്‍ത്ഥികളാണെന്ന വ്യാജേന നിരവധി ക്രിമിനലുകള്‍ നുഴഞ്ഞുകയറി' - എഎന്‍ഐയോട് സംസാരിക്കവേ റിജിജു പറഞ്ഞു. ഒപ്പം പൊലീസും ഭരണകൂടങ്ങളും പ്രതിഷേധത്തെ നേരിട്ട രീതിയെ അഭിനന്ദിക്കുകയും കോണ്‍ഗ്രസാണ് ഭരിച്ചിരുന്നതെങ്കില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടേനെയെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
'കോണ്‍ഗ്രസ് ഭരണകാലത്താണ് ഇങ്ങനെയൊരു പ്രതിഷേധം നടന്നതെങ്കില്‍, നിരവധി പേര്‍ ചെയ്തിട്ടുണ്ട്, ഇതിന്റെ അനന്തരഫലം ആയിരക്കണക്കിന് പേരുടെ മരണമായിരുന്നേനെ. ഇത്തരത്തില്‍ വലിയൊരു പ്രതിഷേധത്തെ നേരിട്ട, ഒരാള്‍ക്ക് പോലും ഗുരുതരമായ പരിക്കേല്‍ക്കാതെ ശ്രദ്ധിച്ച ഡല്‍ഹി പൊലീസിനെയും ഭരണകൂടത്തെയും എല്ലാവരും അഭിനന്ദിക്കണം. കോണ്‍ഗ്രസ് കാലത്ത് ആയിരങ്ങള്‍ വെടിയേറ്റ് മരിച്ചിട്ടുണ്ട്.'- റിജിജു പറഞ്ഞു. പ്രതിഷേധങ്ങള്‍ക്കെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് കോണ്‍ഗ്രസാണ്. രാജ്യത്ത് നടന്ന പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ എത്രപേര്‍ വെടിവെയ്പ്പിന് ഇരയായെന്ന് ഒന്ന് ഓര്‍ത്ത് നോക്കുവെന്നും കിരണ്‍ റിജിജു പറഞ്ഞു. തെലങ്കാന സംസ്ഥാന രൂപീകരണത്തിനിടയില്‍ പോലും പല ആളുകളും കൊല്ലപ്പെട്ടു. എന്നാല്‍ ഇവിടെ ഒരു വെടിപോലും ഉതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Union Minister Kiren Rijiju claimed that criminals had infiltrated the CJP protest. He also said there was no one in hospital with serious injuries, challenging claims about the severity of injuries linked to the protest.