ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിരുന്നില്ലെങ്കില്‍ POK ഇന്ത്യയില്‍ ലയിക്കുമായിരുന്നു; ഒമര്‍ അബ്ദുള്ള

പിഒകെയിലെ ഇപ്പോഴത്തെ അവസ്ഥയില്‍ തനിക്ക് ദുഖമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, തങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ ചോദിച്ചതിന് അവിടെ നിരവധിപ്പേര്‍ കൊല്ലപ്പെട്ടെന്നും പലരേയും ജയിലിലടച്ചെന്നും ചൂണ്ടിക്കാട്ടി

ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിരുന്നില്ലെങ്കില്‍ POK ഇന്ത്യയില്‍ ലയിക്കുമായിരുന്നു; ഒമര്‍ അബ്ദുള്ള
dot image

ശ്രീനഗര്‍: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാന പദവി എടുത്തുമാറ്റുകയും ചെയ്തിരുന്നില്ലെങ്കില്‍, പാക് അധീന കശ്മീരിലെ (പിഒകെ) ജനങ്ങള്‍ ജമ്മു-കശ്മീരുമായി ലയിക്കാന്‍ മുന്നിട്ടിറങ്ങുമായിരുന്നുവെന്ന് ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ശനിയാഴ്ച പറഞ്ഞു. ശ്രീനഗറില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ സംസാരിക്കവെ ആയിരുന്നു പരാമര്‍ശം. 1947ല്‍ പാകിസ്ഥാനില്‍ നിന്നുള്ള ഗോത്രവര്‍ഗ അക്രമികള്‍ക്കെതിരെ പോരാടി ഇന്ത്യയുടെ ഭാഗമാകാന്‍ തീരുമാനിച്ച കശ്മീരിലെ ജനങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് പിഒകെയിലെ ഇപ്പോഴത്തെ സാഹചര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിഒകെയിലെ ഇപ്പോഴത്തെ അവസ്ഥയില്‍ തനിക്ക് ദുഖമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, തങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ ചോദിച്ചതിന് അവിടെ നിരവധിപ്പേര്‍ കൊല്ലപ്പെട്ടെന്നും പലരേയും ജയിലിലടച്ചെന്നും ചൂണ്ടിക്കാട്ടി. 1947ല്‍ ഇന്ത്യന്‍ സൈന്യം കാശ്മീരില്‍ എത്തുന്നതിനു മുന്‍പുതന്നെ, പാകിസ്ഥാന്‍ അക്രമികള്‍ക്കെതിരെ പോരാടാനും തങ്ങളുടെ മാതൃഭൂമി സംരക്ഷിക്കാനും കാശ്മീരിലെ ജനങ്ങളെ നയിച്ച തന്റെ മുത്തശ്ശനും ജമ്മു-കാശ്മീരിലെ ആദ്യത്തെ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് അബ്ദുള്ളയ്ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്നാണ് ബിജെപി അഭിപ്രായപ്പെട്ടത്. 'മുഖ്യമന്ത്രിയില്‍ നിന്നുണ്ടായ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനയാണ്. നമ്മുടെ ദേശീയ പതാകയെ ആഘോഷിക്കേണ്ട ഈ സ്വാതന്ത്ര്യ ദിനത്തില്‍ അദ്ദേഹം രാഷ്ട്രീയ കളികളില്‍ ഏര്‍പ്പെടുകയാണ്. തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും സംസാരിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തണമായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, അദ്ദേഹം ഇതിനെ രാഷ്ട്രീയത്തിനായി ഉപയോഗിച്ചു' എന്ന് ജമ്മു കശ്മീര്‍ നിയമസഭ പ്രതിപക്ഷ നേതാവ് സുനില്‍ ശര്‍മ്മ പറഞ്ഞു.

എന്നാല്‍ 2019 ആഗസ്റ്റില്‍ റദ്ദാക്കപ്പെട്ട ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും മറ്റ് ഭരണഘടനാപരമായ ഉറപ്പുകളും പുനഃസ്ഥാപിക്കുന്നതിനായി പോരാടാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഒമര്‍ അബ്ദുള്ള ആവര്‍ത്തിച്ചു വ്യക്തമാക്കി. ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഒമര്‍ അബ്ദുള്ള പറഞ്ഞു.

Content Highlights: Jammu and Kashmir Chief Minister Omar Abdullah said that people in PoK might have sought integration with Jammu and Kashmir had its special status and statehood not been altered. Speaking at an Independence Day event in Srinagar, he also referred to the current situation in PoK while discussing Kashmir’s political history.

dot image
To advertise here,contact us
dot image