സ്വാതന്ത്ര്യദിനാഘോഷം: കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും, തെലങ്കാനയിലും, ഹിമാചലിലും വന്ദേമാതരം പൂർണമായി ആലപിച്ചു

കേരളത്തില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ നിന്നും വന്ദേമാതരം സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു

സ്വാതന്ത്ര്യദിനാഘോഷം: കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും, തെലങ്കാനയിലും, ഹിമാചലിലും വന്ദേമാതരം പൂർണമായി ആലപിച്ചു
dot image

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലും ഹിമാചല്‍ പ്രദേശിലും തെലങ്കാനയിലും വന്ദേമാതരം പൂര്‍ണമായി ആലപിച്ചു. കര്‍ണാടകയില്‍ മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ സാന്നിധ്യത്തിലാണ് വന്ദേമാതരം പൂര്‍ണമായും ആലപിച്ചത്.

ഹൈദരബാദിൽ രേവന്ദ് റെഡ്ഢിയുടെയും ഹിമാചൽ പ്രദേശിൽ സുഖ്വീന്ദർ സിങ് സുഖുവിൻ്റെയും പരിപാടികളിൽ വന്ദേമാതരം മുഴുവൻ പാടി. എന്നാൽ തമിഴ്നാട് സർക്കാരിൻറെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേ മാതരം പൂർണമായി ഒഴിവാക്കി. മുഖ്യമന്ത്രി ജോസഫ് വിജയ് പതാക ഉയർത്തുന്ന സമയം ദേശീയ ഗാനം മാത്രമാണ് ആലപിച്ചത്.

കേരളത്തില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ നിന്നും വന്ദേമാതരം സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ദേശീയഗാനം മാത്രമാണ് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷം ദേശീയ ഗാനം ആലപിക്കുകയായിരുന്നു. അതിനിടെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് കൊണ്ട് വഴുതക്കാട് വനം വകുപ്പ് ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു. APCCF നിര്‍ദേശ പ്രകാരമാണ് ആലപിച്ചതെന്ന് എസ്റ്റേറ്റ് വിഭാഗം നല്‍കിയ വിശദീകരണം.

ദേശീയഗാനമായ ജനഗണമനയ്ക്ക് മുന്‍പ് വന്ദേമാതരം മുഴുവന്‍ ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചും ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും ഔദ്യോഗിക സ്ഥാപനങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കേരളത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പങ്കെടുത്ത സ്വാതന്ത്ര്യദിനച്ചടങ്ങില്‍ വന്ദേമാതരം ആലപിച്ചില്ല. എഐസിസി ആസ്ഥാനത്ത് ഗാനം മുഴുവനായി ആലപിച്ചത് വിവാദമായി. വന്ദേമാതരം ബില്‍ പാര്‍ലമെന്റില്‍ വന്നപ്പോള്‍ അതിനെതിരേ ശക്തമായി നിലകൊണ്ട പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. രാജ്യത്ത് കൂടുതല്‍ വിഭജനം സൃഷ്ടിക്കാന്‍ വന്ദേമാതരം ബില്‍ കാരണമാകുമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിൽ സോണിയാഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഇടപെട്ടെങ്കിലും മൂന്ന് മിനിറ്റുള്ള ഗാനം പൂര്‍ണമായും ചൊല്ലുകയായിരുന്നു. ആദ്യ രണ്ട് സ്റ്റാന്‍സ കഴിഞ്ഞ് പ്രത്യേക മതവിഭാഗത്തിലെ ദൈവങ്ങളെ പ്രകീര്‍ത്തിക്കുന്ന വരികള്‍ എത്തിയപ്പോള്‍ സോണിയാഗാന്ധി ഇടപെടുകയായിരുന്നു. പിന്നാലെ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇടപെട്ട് സോണിയാഗാന്ധിയെ അനുനയിപ്പിച്ചു. ഖര്‍ഗെയും ആദ്യം നീരസം പ്രകടിപ്പിച്ചിരുന്നു.

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെ ന്യായീകരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര രംഗത്ത് വന്നിരുന്നു. വീഴ്ച സംഭവിച്ചത് സംഘാടകരായ സേവാദള്‍ പ്രവര്‍ത്തകര്‍ക്കാണ് എന്നാണ് പവന്‍ ഖേര വിശദീകരിച്ചത്. രണ്ട് ചരണങ്ങള്‍ മാത്രം പാടുന്നത് പാര്‍ട്ടി പരിപാടികളില്‍ മാത്രമെന്നും അല്ലാത്ത പരിപാടികളില്‍ മുഴുവന്‍ പാടുമെന്നും പവന്‍ ഖേര ന്യായീകരിച്ചു. ഗായകരെ പുറത്ത് നിന്ന് നിയോഗിച്ചതാണെന്നും ഇവര്‍ക്ക് കൃത്യമായ നിര്‍ദേശം കിട്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: During Independence Day celebrations, the full version of 'Vande Mataram' was sung in Congress-ruled Karnataka, Himachal Pradesh and Telangana.

dot image
To advertise here,contact us
dot image