

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ആദ്യമായി നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ യുവതലമുറയായ Gen Z-യ്ക്ക് പ്രത്യേക അഭിവാദ്യം അർപ്പിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. 'ലോകമെമ്പാടുമുള്ള എന്റെ എല്ലാ തമിഴ് സഹോദരങ്ങൾക്കും, Gen Z സുഹൃത്തുകൾക്കും എന്റെ വണക്കം' എന്ന് പറഞ്ഞാണ് ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിന് പിന്നാലെ അദ്ദേഹം പ്രസംഗം ആരംഭിച്ചത്. വിജയ്‌യുടെ മാതാപിതാക്കളായ എസ് എ ചന്ദ്രശേഖറും ശോഭാ ചന്ദ്രശേഖറും നടി തൃഷയും ചടങ്ങിൽ വേദിയുടെ മുൻനിരയിൽ ഉണ്ടായിരുന്നു.
ഭരണപരമായ കാര്യങ്ങളിൽ കേന്ദ്രസർക്കാരുമായി സഹകരിക്കുമെന്നും എന്നാൽ സംസ്ഥാനത്തിന്റെ അവകാശങ്ങൾക്ക് വിരുദ്ധമായ നയങ്ങളെ തന്റെ സർക്കാർ എല്ലായ്പ്പോഴും ശക്തമായി എതിർക്കുമെന്നും വിജയ് വ്യക്തമാക്കി. അഴിമതി ഇല്ലാതാക്കുന്നതാണ് യഥാർഥ സ്വാതന്ത്ര്യമെന്നും, അതിനായുള്ള ദൗത്യത്തിലാണ് തന്റെ സർക്കാരെന്നും അദ്ദേഹം പറഞ്ഞു. 'സർക്കാർ വരുമാനം സ്വകാര്യ വ്യക്തികളിലേക്ക് ഒഴുകുന്നത് തടഞ്ഞിട്ടുണ്ട്. എല്ലാ വകുപ്പുകളിലുമുള്ള അഴിമതി ഇല്ലാതാക്കാൻ തുടർച്ചയായ നടപടികളാണ് സ്വീകരിക്കുന്നത്. സുതാര്യവും മികച്ചതുമായ ഭരണമാണ് ഞങ്ങളുടെ ലക്ഷ്യം' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ സർക്കാരിനെതിരെ പ്രവർത്തിക്കുന്ന ശക്തികളെയും ഗൂഢാലോചനകളെയും ജനപിന്തുണയുടെ കരുത്തിൽ പരാജയപ്പെടുത്തുമെന്ന് ആരെയും പേരെടുക്ക് പരാമർശിക്കാതെ വിജയ് സൂചിപ്പിച്ചു. മുൻ സർക്കാരുകൾ നടപ്പാക്കിയ ജനോപകാര പദ്ധതികൾ തുടരുമെന്നും വിജയ് പ്രഖ്യാപിച്ചു. എഐഎഡിഎംകെയുടെ അമ്മ കാന്റീൻ പദ്ധതിയും, ഡിഎംകെയുടെ സ്കൂൾ കുട്ടികൾക്കായുള്ള പ്രഭാതഭക്ഷണ പദ്ധതിയും ജനങ്ങൾക്ക് ഗുണകരമായതിനാൽ തുടരുമെന്നും വിജയ് വ്യക്തമാക്കി.
സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്കായി 'തൈമാമൻ തങ്ക മോതിരം' പദ്ധതി ദ്രാവിഡ പ്രസ്ഥാനങ്ങളുടെ നായകൻ സി എൻ അണ്ണാദുരൈയുടെ ജന്മവാർഷികമായ സെപ്റ്റംബർ 15ന് ആരംഭിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. 755.83 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ നവജാത ശിശുക്കൾക്ക് സ്വർണമോതിരം സമ്മാനമായി നൽകുമെന്നാണ് പ്രഖ്യാപനം. പ്രസംഗത്തിനിടെ മുൻസൈനികർക്കും സ്വാതന്ത്ര്യസമര സേനാനികൾക്കും വിവിധ ക്ഷേമാനുകൂല്യങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. മുൻസൈനികരുടെ രണ്ട് പെൺമക്കൾക്ക് വരെ ലഭിക്കുന്ന വിവാഹസഹായം 25,000 രൂപയിൽ നിന്ന് 50,000 രൂപയാക്കി ഉയർത്തും. ഭിന്നശേഷിക്കാരായ മുൻസൈനികർക്കും അവരുടെ കുടുംബങ്ങൾക്കും ലഭിക്കുന്ന പ്രതിമാസ ധനസഹായം 5,000 രൂപയിൽ നിന്ന് 7,000 രൂപയാക്കി വർധിപ്പിക്കും. സ്വാതന്ത്ര്യസമര സേനാനികളുടെ പെൻഷൻ 23,000 രൂപയായും, അവരുടെ ആശ്രിതർക്കുള്ള കുടുംബപെൻഷൻ 12,500 രൂപയായും ഉയർത്തുമെന്നും വിജയ് പ്രഖ്യാപിച്ചു.
Content Highlights: Tamil Nadu Chief Minister Vijay gave a special shoutout to Gen Z during his maiden Independence Day address, greeting young people with "Vanakkam Gen Z" from Fort St. George in Chennai.