

ന്യൂഡൽഹി: പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡറെ രണ്ട് മാസം മുമ്പ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക രഹസ്യ നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നാണ് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നത്. 'തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിട്ടുള്ള വലിയൊരു ചാരശൃംഖല'യുണ്ടെന്ന സൂചനയാണ് ലഭിക്കുന്നതെന്നാണ് ഡൽഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗം ആസൂത്രണം ചെയ്ത ‘ഹണിട്രാപ്പിൽ’ പേരുവെളിപ്പെടുത്താത്ത വിങ് കമാൻഡർ കുടുങ്ങുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. തൻ്റെ സഹപ്രവർത്തകന്റെ മൊബൈൽ ഫോണിന്റെ നിയന്ത്രണം കൈക്കലാക്കുന്നതിനായി അതിൽ വിവരങ്ങൾ മോഷ്ടിക്കുന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ ഉദ്യോഗസ്ഥൻ ശ്രമിച്ചതായും പൊലീസ് ആരോപിക്കുന്നു. മെയ് 31ന് രാത്രിയിലാണ് വിങ് കമാൻഡറെ അറസ്റ്റ് ചെയ്തതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗം ഡൽഹി പൊലീസിന് കൈമാറിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.
അറസ്റ്റിന് പിന്നാലെ ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥനെ പിന്നീട് തീഹാർ ജയിലിലേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ അയക്കുകയായിരുന്നു. ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളും രേഖകളും കൈമാറിയതിന് ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. അറസ്റ്റിലായ വിങ് കമാൻഡർ നിരീക്ഷണത്തിലായിരുന്നെന്നും തുടർന്ന് അനുയോജ്യമായ നിയമനിർവഹണ ഏജൻസികൾക്ക് കൈമാറുകയായിരുന്നെന്നും വ്യോമസേനാ വക്താവ് അറിയിച്ചതായുമാണ് റിപ്പോർട്ട്. വ്യക്തിജീവിതത്തിൽ പ്രയാസകരമായ ഒരു ഘട്ടത്തിലൂടെയാണ് ഉദ്യോഗസ്ഥൻ കടന്നുപോയിരുന്നതെന്നും ഈ സമയത്താണ് സോഷ്യൽ മീഡിയയിലൂടെ ഒരു സ്ത്രീ അദ്ദേഹവുമായി ബന്ധപ്പെടുന്നതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായതായാണ് ബന്ധപ്പെട്ടവരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഉദ്യോഗസ്ഥൻ സ്ത്രീയുമായി ചാറ്റ് ചെയ്യുകയും പിന്നീട് വീഡിയോ കോളുകളിലൂടെ സംസാരിക്കുകയും ചെയ്തു. ക്രമേണ വിശ്വാസം നേടിയെടുത്ത ശേഷം സൈനിക യൂണിറ്റുകളുടെ നീക്കങ്ങളും വിന്യാസവുമായി ബന്ധപ്പെട്ട വിവരങ്ങളും ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാൻ സ്ത്രീ ആവശ്യപ്പെട്ടു എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞതെന്നാണ് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നത്. ഉദ്യോഗസ്ഥൻ ഡിജിറ്റൽ ആശയവിനിമയ മാർഗങ്ങളിലൂടെ “നിർണായക രേഖകളും വിവരങ്ങളും” സ്ത്രീക്ക് കൈമാറിയതായി അന്വേഷണത്തിനിടെ കണ്ടെത്തിയതായും ഇവർ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.
'ഉദ്യോഗസ്ഥനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം, സഹപ്രവർത്തകന്റെ മൊബൈൽ ഫോണിൽ പ്രത്യേകമായി ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ സ്ത്രീ ആവശ്യപ്പെട്ടു. ഉപകരണത്തിൽ നിന്നുള്ള വിവരങ്ങൾ മോഷ്ടിക്കാനും ലൊക്കേഷൻ നിരീക്ഷിക്കാനും ആശയവിനിമയങ്ങൾ ചോർത്താനും സാധിക്കുന്ന ടാർഗെറ്റഡ് സ്പൈവെയർ അല്ലെങ്കിൽ റിമോട്ട് ആക്സസ് മാൽവെയർ വിഭാഗത്തിൽപ്പെടുന്ന സോഫ്റ്റ്‌വെയറാണിതെന്നാണ് സംശയിക്കുന്ന'തെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞതായാണ് റിപ്പോർട്ട്. പാകിസ്താനിൽ നിന്നുള്ള ഹാൻഡ്ലർമാരുടെ നിർദേശപ്രകാരമാണ് സ്ത്രീ പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞതായാണ് റിപ്പോർട്ട്. തന്ത്രപ്രധാനമായ സൈനിക രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിട്ടുള്ള വലിയൊരു ചാരശൃംഖലയുടെ ഭാഗമായിരുന്നു ഈ നീക്കമെന്നും' ഇവർ ചൂണ്ടിക്കാണിച്ചതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഉദ്യോഗസ്ഥൻ കൈമാറിയ വിവരങ്ങൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയിട്ടുണ്ടോയെന്നും രാജ്യത്തിന് എതിരായ പ്രവർത്തനങ്ങൾ നടത്താൻ അവ ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നോയെന്നും അന്വേഷിച്ച് വരികയാണ്. പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് രഹസ്യ വിവരങ്ങൾ ചോർത്തിയെടുക്കാൻ രൂപകൽപ്പന ചെയ്ത ഏകോപിത ഹണിട്രാപ്പ് സംവിധാനത്തിന്റെ ഭാഗമായിരിക്കാം ഈ സ്ത്രീയെന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥർ പങ്കുവെച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് പ്രവർത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഹാൻഡ്ലർമാരെ തിരിച്ചറിയുന്നതിനും അവരിലേക്കുള്ള ബന്ധം കണ്ടെത്തുന്നതിനും കൈമാറപ്പെട്ട വിവരങ്ങളുടെ വ്യാപ്തി നിർണയിക്കുന്നതിനുമുള്ള നടപടികളും പുരോഗമിക്കുകയാണെന്നും ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Content Highlights: An Indian Air Force officer has been arrested by Delhi Police for allegedly leaking sensitive defence-related information to Pakistani intelligence operatives after being trapped in a honey-trap operation. The officer has been booked under the Official Secrets Act and is currently in judicial custody. Police suspect a larger espionage network aimed at collecting strategic military intelligence.