

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് യുഎഇയിലെ പൊതു-സ്വകാര്യ മേഖലകൾക്ക് 2026 ഓഗസ്റ്റ് 28 വെള്ളിയാഴ്ച ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. സാധാരണയായി ശനിയും ഞായറും വാരാന്ത്യ അവധിയുള്ള ജീവനക്കാർക്ക് വെള്ളിയാഴ്ച കൂടി അവധി ലഭിക്കുന്നതോടെ തുടർച്ചയായ മൂന്ന് ദിവസത്തെ അവധി ആസ്വദിക്കാനാകും. എന്നാൽ ഷാർജയിലെ പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ചകൾ നേരത്തെ തന്നെ വാരാന്ത്യ അവധിയുടെ ഭാഗമാണ്.
മുമ്പ് ഓഗസ്റ്റ് 25-നായിരുന്നു നബിദിനം പ്രതീക്ഷിച്ചിരുന്നതെങ്കിലും അധികൃതർ ഓഗസ്റ്റ് 28ന് നബിദിനമെന്ന് തീരുമാനിക്കുകയായിരുന്നു. യുഎഇയിൽ ആഴ്ചയുടെ മധ്യത്തിൽ വരുന്ന പൊതുഅവധി ദിവസങ്ങൾ വാരാന്ത്യത്തോട് ചേർത്ത് വലിയ അവധികളാക്കി മാറ്റാൻ നിയമമുണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് യുഎഇ ക്യാബിനറ്റ് പെരുന്നാൾ ഒഴികെയുള്ള മറ്റ് പ്രധാന അവധികൾ പ്രവൃത്തിദിവസത്തിന്റെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റി ക്രമീകരിക്കുന്നത്.
യുഎഇയിൽ പുതിയ അധ്യയന വർഷം (2026-27) ഓഗസ്റ്റ് 31-ന് ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി സ്കൂൾ വേനലവധി അവസാനിക്കുന്ന ഘട്ടത്തിലെത്തുന്ന ഈ അവധി ദിവസങ്ങൾ യുഎഇയിലെ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും.
Content Highlights: The UAE has announced a three-day holiday for residents in connection with Prophet Muhammad’s Birthday, with August 28 set as the holiday date.