

ന്യൂഡല്‍ഹി: ദേശീയ ടെസ്റ്റിംഗ് ഏജന്‍സി പിരിച്ചുവിടണമെന്ന ആവശ്യവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി. പകരം സ്ഥിരം സംവിധാനമുള്ള ദേശീയ സാങ്കേതിക പരീക്ഷാ കമ്മീഷന്‍ രൂപീകരിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. നീറ്റ്-യുജി 2026 ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് സിജെപി ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്.
പുതുതായി രൂപീകരിക്കുന്ന സംവിധാനത്തിൽ സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്നും സംഘടിപ്പിക്കുന്ന മുഴുവന്‍ പരീക്ഷകളുടെയും ചോദ്യംപേപ്പര്‍ ഓഡിറ്റ് ചെയ്യപ്പെടണമെന്നും സിജെപി വക്താവ് അഷുതോഷ് റാങ്ക ആവശ്യപ്പെട്ടു. 2024, 2025 വര്‍ഷങ്ങളിലെ നീറ്റ് യുജി പരീക്ഷകളിലേത് അടക്കം കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും വിശദമായ അന്വേഷണം നടത്തണമെന്നും അഷുതോഷ് റാങ്ക ആവശ്യപ്പെട്ടു. രാജ്യത്തെ പരീക്ഷാ സംവിധാനത്തെ ബാധിക്കുന്ന ഘടനാപരമായ പ്രശ്‌നം ഉള്‍പ്പെടെ സര്‍ക്കാര്‍ പരിശോധിക്കണമെന്ന ആവശ്യവും സിജെപി വക്താവ് മുന്നോട്ടുവെച്ചു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എന്‍ഡിഎ ഓഫീസില്‍ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന് നേരത്തെ സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. ബന്ധപ്പെട്ട വിഷയത്തിലെ വിദഗ്ധരായ പ്രതികള്‍ വളരെ ആസൂത്രിതമായാണ് ചോദ്യങ്ങള്‍ ചോര്‍ത്തിയതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. ചോദ്യങ്ങള്‍ മനഃപാഠമാക്കുക, കടലാസില്‍ കുറിച്ചെടുക്കുക, പുസ്തകങ്ങളില്‍ പ്രസക്തമായ ഭാഗങ്ങള്‍ അടയാളപ്പെടുത്തുക എന്നിവയായിരുന്നു ചോദ്യങ്ങള്‍ ചോര്‍ത്താനുപയോഗിച്ച പ്രധാനരീതിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ബോട്ടണി വിദഗ്ദ്ധയായ മനീഷ ഗുരുനാഥ് മന്ധാരെ, കെമിസ്ട്രി വിദഗ്ധനായ പ്രഹ്ലാദ് വിത്തല്‍റാവു കുല്‍ക്കര്‍ണി, ഫിസിക്സ് വിദഗ്ദ്ധയായ മനീഷ സഞ്ജയ് ഹവല്‍ദാര്‍ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. അതീവ രഹസ്യസ്വഭാവ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ വിദഗ്ദരെ പരിശോധിച്ചില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കേസിലെ മുഖ്യപ്രതിയായ പി വി കുല്‍ക്കര്‍ണി കെമിസ്ട്രി ചോദ്യങ്ങള്‍ റഫ് പേപ്പറില്‍ എഴുതി എടുതെന്ന് അന്വേഷണസംഘം കണ്ടെത്തി. 135 ചോദ്യങ്ങള്‍ പ്രതി പകര്‍ത്തിയെടുത്തെന്നാണ് കണ്ടെത്തല്‍. മറ്റ് വിദഗ്ധര്‍ ചോദ്യങ്ങള്‍ മനപാഠമാക്കി പുറത്തിറങ്ങിയപ്പോള്‍ പേപ്പറിലെഴുതി പ്രചരിപ്പിച്ചെന്നുമാണ് സിബിഐയുടെ കുറ്റപത്രത്തിലെ പരാമര്‍ശങ്ങള്‍.
Content Highlights: Cockroach Janata Party has demanded the dissolution of the National Testing Agency, citing concerns over its functioning and examination system.