സ്വർണവില കുതിച്ചിട്ടും വാങ്ങൽ തകൃതി ; ഒന്നാം പാദത്തിൽ റെക്കോർഡ് ലാഭവുമായി ടൈറ്റൻ കമ്പനി

ആഭരണ വിഭാഗത്തിന്റെ വരുമാനം 43 ശതമാനം ഉയർന്ന് 18,253 കോടിയായി

സ്വർണവില കുതിച്ചിട്ടും വാങ്ങൽ തകൃതി ; ഒന്നാം പാദത്തിൽ റെക്കോർഡ് ലാഭവുമായി ടൈറ്റൻ കമ്പനി
dot image

ടാറ്റ ഗ്രൂപ്പിന്റെ പ്രമുഖ ജ്വല്ലറി-ലൈഫ്‌സ്റ്റൈൽ കമ്പനിയായ ടൈറ്റൻ കമ്പനി 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവച്ചു. കമ്പനിയുടെ ഏകീകൃത അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 63 ശതമാനം ഉയർന്ന് 1,777 കോടിയായി.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അറ്റാദായം 1,091 കോടിയായിരുന്നു. പ്രവർത്തന വരുമാനം 40 ശതമാനം ഉയർന്ന് 20,787 കോടിയിലെത്തി.

ഓപ്പറേറ്റിംഗ് പ്രകടനവും ശക്തമായിരുന്നു. കമ്പനിയുടെ EBITDA (പ്രവർത്തന ലാഭം) 57 ശതമാനം വർധിച്ച് 3,036 കോടിയായി. EBITDA മാർജിൻ 14.1 ശതമാനമായും ഉയർന്നു.

ടൈറ്റന്റെ മൊത്തം വരുമാനത്തിന്റെ 80 ശതമാനത്തിലധികം സംഭാവന ചെയ്യുന്ന ആഭരണ വിഭാഗമാണ് മികച്ച വളർച്ചയ്ക്ക് പ്രധാന കാരണം. ബുള്ളിയൻ, ഡിജി-ഗോൾഡ് വിൽപ്പന ഒഴിവാക്കിയുള്ള ആഭരണ വിഭാഗത്തിന്റെ വരുമാനം 43 ശതമാനം ഉയർന്ന് 18,253 കോടിയായി.

ടൈറ്റന്റെ പ്രധാന ബ്രാൻഡുകളായ തനിഷ്ക്, മിയ, സോയ എന്നിവയുടെ സംയുക്ത വരുമാനം 38 ശതമാനം ഉയർന്ന് 16,943കോടിയായി. ആഭരണ ബ്രാൻഡായ കാരറ്റ്‌ലെയ്ൻ 40 ശതമാനം വളർച്ചയോടെ 1,441 കോടി വരുമാനമാണ് ഇത്തവണ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അന്താരാഷ്ട്ര ആഭരണ ബിസിനസും മികച്ച മുന്നേറ്റം കാഴ്ചവെച്ചു. ഈ വിഭാഗത്തിലെ വരുമാനം 136 ശതമാനം ഉയർന്ന് 1,309 കോടിയായി. ആഭരണ വിഭാഗത്തിന്റെ EBIT മാർജിൻ (പലിശയ്ക്കും നികുതിക്കും മുൻപുള്ള പ്രവർത്തന ലാഭം) 12.9 ശതമാനമായി.

രാജ്യത്തെ ആഭരണ ആവശ്യകതയിൽ ഉണ്ടായ വർധനയും, ബ്രാൻഡഡ് ജ്വല്ലറി സ്റ്റോറുകളിലേക്കുള്ള ഉപഭോക്തൃ ഒഴുക്കും ടൈറ്റന്റെ വളർച്ചയ്ക്ക് പിന്തുണയായി. ഉപഭോക്താക്കളുടെ എണ്ണം വർധിച്ചതിനൊപ്പം ഒരോ ഉപഭോക്താവും ചെലവഴിക്കുന്ന ശരാശരി തുകയും ഉയർന്നതായി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

സ്വർണാഭരണങ്ങൾക്കും സ്വർണ നാണയങ്ങൾക്കുമുള്ള ആവശ്യകതയും വരുമാന വർധനയിൽ നിർണായക പങ്കുവഹിച്ചു.
മികച്ച ഫലങ്ങൾ ബ്രാൻഡഡ് ജ്വല്ലറി വിപണിയിലെ ടൈറ്റന്റെ ശക്തമായ സ്ഥാനം വീണ്ടും ഉറപ്പിക്കുന്നതാണെന്ന് വിപണി നിരീക്ഷകർ വിലയിരുത്തുന്നു.

Content Highlights: Titan Q1 Results: Net profit jumps 63% to ₹1,777 crore on steady jewellery demand; revenue rises 40%

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us