'സമരത്തെ പിന്തുണച്ചവരും പാറ്റകള്‍, ഇത്തരക്കാരെ പുറത്തേക്ക് വലിച്ചെറിയണം'; അധിക്ഷേപവുമായി മുകേഷ് ഖന്ന

നീറ്റ് പരീക്ഷാ ചേദ്യപേപ്പര്‍ ചോര്‍ച്ച മൂലം ദുരിതമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതായിരുന്നില്ല ആ പ്രതിഷേധമെന്നും മുകേഷ് ഖന്ന പറഞ്ഞു

'സമരത്തെ പിന്തുണച്ചവരും പാറ്റകള്‍, ഇത്തരക്കാരെ പുറത്തേക്ക് വലിച്ചെറിയണം'; അധിക്ഷേപവുമായി മുകേഷ് ഖന്ന
dot image

ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ശക്തിമാന്‍ താരം മുകേഷ് ഖന്ന. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ വിദ്യാര്‍ത്ഥി സമരത്തെ പിന്തുണയ്ക്കുന്നവര്‍ പാറ്റകളാണെന്നും അവരെ പുറത്തേക്ക് എറിയണമെന്നുമായിരുന്നു മുകേഷ് ഖന്നയുടെ പരാമര്‍ശം. പേപ്പര്‍ ചോര്‍ച്ച കൊണ്ട് ബാധിക്കപ്പെട്ടവരല്ല അവിടെ സമരം ചെയ്തതെന്നും വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് സര്‍ക്കാരിനെ അനിശ്ചിതത്വത്തില്‍ ആക്കുക എന്നതായിരുന്നു അവരുടെ അജണ്ടയെന്നും ഖന്ന ആരോപിച്ചു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു ഖന്നയുടെ പ്രതികരണം.

ഇക്കൂട്ടര്‍ 'പാറ്റകളെപ്പോലെയാണെന്ന്' താന്‍ ഉറച്ചു വിശ്വസിക്കുന്നതായി ഖന്ന പറഞ്ഞു. വീടുകളില്‍ നിന്ന് പാറ്റകളെ പുറത്താക്കുന്നതുപോലെ, ഇവര്‍ ഉപയോഗിച്ച ഭാഷയുടെ പേരില്‍ ഇവരെയും പുറത്താക്കണമെന്ന് ഖന്ന വിമര്‍ശിച്ചു. നീറ്റ് പരീക്ഷാ ചേദ്യപേപ്പര്‍ ചോര്‍ച്ച മൂലം ദുരിതമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതായിരുന്നില്ല ആ പ്രതിഷേധം, മറിച്ച് ഒരു പ്രത്യേക അജണ്ടയോടെ ആസൂത്രണം ചെയ്യപ്പെട്ട പ്രതിഷേധമായിരുന്നു അതെന്നും മുകേഷ് ഖന്ന പറഞ്ഞു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കൂട്ടുനില്‍ക്കുന്നവരുടെ നിലപാടുകള്‍ വിറ്റഴിച്ചവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോയില്‍ ഖന്ന വിദ്യാര്‍ത്ഥികളെ നേരിട്ട് അഭിസംബോധന ചെയ്യുകയും ചെയ്തു. തങ്ങള്‍ ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ തങ്ങളെ വിട്ടുപോകില്ലെന്ന് മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം, വിദ്യാര്‍ത്ഥികളെ മറ്റുള്ളവര്‍ കരുവാക്കുകയാണെന്നും ആരോപിച്ചു. ഇതേ പാതയില്‍ തുടരുകയാണെങ്കില്‍ പൊലീസില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ യാതൊരു സഹായവും ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ജോലി കണ്ടെത്തുന്നതിലും വിസ ലഭിക്കുന്നതിലും അവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാമെന്നും തങ്ങളുടെ കരിയര്‍ നശിക്കുന്നതിന് മുന്‍പ് ഇതില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.

'വൈകാതെ തന്നെ ഈ പാറ്റകളെ വലിച്ചെറിയൂ' എന്നാണ് അദ്ദേഹം ആ വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത്. പ്രധാനമന്ത്രിക്കെതിരെ അശ്ലീല ഭാഷ പ്രയോഗിച്ചുവെന്ന് ആരോപിക്കപ്പെടുന്നവരുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട്, യുവാക്കളിലെ ഒരു വിഭാഗത്തെ വിമര്‍ശിക്കുന്ന മറ്റൊരു വീഡിയോയും മുകേഷ് ഖന്ന നേരത്തെ പോസ്റ്റ് ചെയ്തിരുന്നു.

Content Highlights: Mukesh Khanna has stirred controversy with his comments on the Jantar Mantar student protest over the NEET paper leak issue. In a video shared on Instagram, he questioned the motives behind the demonstration, triggering strong reactions on social media and in political circles.

dot image
To advertise here,contact us
dot image