

സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് ബിയില്‍. പാകിസ്താനും മാലദ്വീപുമാണ് ഇന്ത്യയ്‌ക്കൊപ്പം ഗ്രൂപ്പ് ബിയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഭൂട്ടാനിലെ തിംഫുവില്‍ നടന്ന നറുക്കെടുപ്പിലാണ് ഗ്രൂപ്പ് ചിത്രം തെളിഞ്ഞത്. ടൂര്‍ണമെന്റിന്റെ പതിനഞ്ചാം പതിപ്പ് നവംബര്‍ നാല് മുതല്‍ 17 വരെ ബംഗ്ലാദേശിലെ ധാക്കയിലാണ് നടക്കുന്നത്. പത്താം സാഫ് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യ നവംബര്‍ 5-ന് മാലദ്വീപിനെതിരെയാണ് ആദ്യ പോരാട്ടത്തിന് ഇറങ്ങുക. തുടര്‍ന്ന് നവംബര്‍ 11-ന് ഇന്ത്യ ചിരവൈരികളായ പാകിസ്താനെ നേരിടും.
ആതിഥേയരായ ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍ എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്. ഓള്‍ നേപ്പാള്‍ ഫുട്‌ബോള്‍ അസോസിയേഷന് ഫിഫ ഏര്‍പ്പെടുത്തിയ വിലക്ക് സെപ്റ്റംബര്‍ ഒന്നിനകം നീക്കുകയാണെങ്കില്‍ നേപ്പാളിനെയും ഗ്രൂപ്പ് എയില്‍ ഉള്‍പ്പെടുത്തും. വിലക്ക് തുടരുകയാണെങ്കില്‍ ആറ് ടീമുകളുമായി ടൂര്‍ണമെന്റ് മുന്നോട്ടുപോകും. രണ്ട് ഗ്രൂപ്പുകളില്‍ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടും. നവംബര്‍ 14-നാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. ഫൈനല്‍ പോരാട്ടം നവംബര്‍ 17-ന് നടക്കും.
ഗ്രൂപ്പിലെ എതിരാളികള്‍ക്കെതിരെ മികച്ച മുന്‍തൂക്കമാണ് ഇന്ത്യയ്ക്കുള്ളത്. പാകിസ്താനെതിരെ കളിച്ച 25 മത്സരങ്ങളില്‍ 16 എണ്ണത്തിലും ഇന്ത്യ വിജയം നേടിയിട്ടുണ്ട്.
2023-ലെ സാഫ് ചാമ്പ്യന്‍ഷിപ്പിലാണ് ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 4-0 എന്ന സ്‌കോറിന് ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. മാലദ്വീപിനെതിരെ കളിച്ച 18 മത്സരങ്ങളില്‍ 13 വിജയങ്ങളാണ് ഇന്ത്യ നേടിയത്. ഇതുവരെ ഒമ്പത് തവണ (1993, 1997, 1999, 2005, 2009, 2011, 2015, 2021, 2023) സാഫ് കിരീടം സ്വന്തമാക്കിയ ഇന്ത്യ, 2023-ല്‍ ബെംഗളൂരുവില്‍ നടന്ന ഫൈനലില്‍ കുവൈത്തിനെ പരാജയപ്പെടുത്തിയാണ് അവസാനമായി ചാമ്പ്യന്മാരായത്.
content highlights: SAFF Championship: India vs Pakistan Clash Scheduled in Dhaka