

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഉടമസ്ഥാവകാശം വിപിഎസ് ഹെൽത്ത് ഗ്രൂപ്പ് ഏറ്റെടുക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അറിയിച്ച് കമ്പനി അധികൃതർ രംഗത്ത്. സോഷ്യൽ മീഡിയയിലും വിവിധ മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങളിൽ യാതൊരു വാസ്തവവുമില്ലെന്ന് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിപിഎസ് ഹെൽത്ത് മാനേജ്‌മെന്റ് അറിയിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ഉടമസ്ഥാവകാശം വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിപിഎസ് ഹെൽത്ത് ഗ്രൂപ്പോ, സ്ഥാപകൻ ഡോ. ഷംഷീർ വയലിലോ യാതൊരുവിധ ചർച്ചകളുടെയോ നടപടികളുടെയോ ഭാഗമായിട്ടില്ല. ഇത്തരത്തിൽ വരുന്ന വാർത്തകൾ പൂർണ്ണമായും തെറ്റിദ്ധാരണാജനകമാണെന്നും ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശത്തിൽ മാറ്റങ്ങൾ വരുന്നുവെന്നും ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള വിപിഎസ് ഹെൽത്ത് ക്ലബ്ബ് ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചുവെന്നുമുള്ള രീതിയിൽ വാർത്തകൾ വൻതോതിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ വിപിഎസ് ഹെൽത്ത് ക്ലബ്ബ് നിലപാട് വ്യക്തമാക്കിയതോടെ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ ഉടമകളായ ആന്ധ്രാപ്രദേശ് അധിഷ്ഠിത മഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് ക്ലബ്ബ് വിൽപ്പനയ്ക്ക് വെച്ചതിനെ തുടർന്ന്, ബ്ലാസ്റ്റേഴ്‌സിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ സജീവമായി നടക്കുകയാണ്. ക്ലബ്ബിന്റെ 100 ശതമാനം ഉടമസ്ഥാവകാശവും കൈമാറാനാണ് മഗ്നം ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. നിലവിലെ കടബാധ്യതകൾ ഉൾപ്പെടെ 150 കോടി രൂപയിലധികമാണ് മഗ്നം ഗ്രൂപ്പ് ബ്ലാസ്റ്റേഴ്‌സിനായി ആവശ്യപ്പെടുന്നത്.
Content Highlights: VPS Group has rejected reports suggesting that it was in talks to acquire Kerala Blasters FC. The group clarified that no such discussions have taken place, dismissing the speculation surrounding the Indian Super League club.