

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറഞ്ഞ് രംഗത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. ജൂലൈ 20ന് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ നടന്ന പൊലീസ് അതിക്രമത്തില്‍ മാപ്പ് പറഞ്ഞുള്ള വീഡിയോ പ്രധാനമന്ത്രി പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം തനിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കുന്നുവെന്ന് വീഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
അതില്‍ പ്രതികരണവുമായാണ് അഭിജീത് പുതിയ വീഡിയോയുമായി രംഗത്തെത്തിയത്.
'വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കുന്നുവെന്ന് പറഞ്ഞ മോദി ജിയുടെ വീഡിയോ നമ്മള്‍ എല്ലാവരും ഇന്നലെ കണ്ടു. ജൂലൈ 20ന് നടന്ന പൊലീസ് അതിക്രമത്തില്‍ വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ഇന്ന് വീഡിയോ പോസ്റ്റ് ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 12വയസുള്ള വിദ്യാര്‍ത്ഥികളുടെ വരെ തലയില്‍ പൊലീസ് അടിച്ചു. സ്ത്രീകളുടെ വസ്ത്രങ്ങള്‍ കീറി. വനിതാ പ്രതിഷേധക്കാരുടെ സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദിച്ചു. അതുകൊണ്ട് ഇന്ന് രാത്രി മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥിനികളോട് അദ്ദേഹം മാപ്പ് ചോദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു', അഭിജീത് ദീപ്‌കെ പറഞ്ഞു.
കഴിഞ്ഞ ദിവസം തനിക്കെതിരെ മോശം പരാമര്‍ശം പ്രയോഗിച്ചവര്‍ക്കെതിരെ മാപ്പ് നല്‍കുന്നുവെന്ന് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാര്‍ മോശം വാക്കുകള്‍ ഉപയോഗിച്ചെന്നും അധിക്ഷേപങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്നും വഴിതെറ്റിയവരെ നമുക്ക് വഴിയിലേക്ക് നയിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
'ഭാരതത്തിനായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം. അധിക്ഷേപങ്ങള്‍ ഒന്നിനും പരിഹാരമല്ല. കുട്ടികളെ, നിങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. ജന്തര്‍ മന്തറില്‍ കുട്ടികള്‍ മോശം വാക്കുകള്‍ ഉപയോഗിച്ചു. ചീത്ത വിളിച്ചു. തെറ്റായ വഴിയില്‍ സഞ്ചരിക്കാതെ വിദ്യാര്‍ത്ഥികളെ നേര്‍വഴിയില്‍ നടത്താം. കുട്ടികളെ നേരെയാക്കാന്‍ ഒരുമിച്ച് മുന്നോട്ട് പോകാം', എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. എന്നാല്‍ പ്രധാനമന്ത്രിയുടെ വീഡിയോയ്ക്ക് താഴെ കമന്റുമായി അഭിജീത് ദീപ്‌കെയും രംഗത്തെത്തിയിരുന്നു. റീലില്‍ മാത്രമാണോ മാപ്പ് നല്‍കുന്നതെന്നും കേസുകള്‍ പിന്‍വലിക്കുമോയെന്നും ദീപ്കെ ചോദിച്ചിരുന്നു.
Content Highlights: Cochroach Janata Party (CJP) founder Abhijeet Dipke has stated that he expects Prime Minister Narendra Modi to apologise