കെസിഎല്‍; ട്രിവാന്‍ഡ്രം റോയല്‍സിനെ നയിക്കാന്‍ വീണ്ടും കൃഷ്ണ പ്രസാദ്

സിജോമോന്‍ ജോസഫാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍

കെസിഎല്‍; ട്രിവാന്‍ഡ്രം റോയല്‍സിനെ നയിക്കാന്‍ വീണ്ടും കൃഷ്ണ പ്രസാദ്
dot image

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ സീസണിലും കൃഷ്ണപ്രസാദ് തന്നെയായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍. മൂന്നാം സീസണില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി സിജോമോന്‍ ജോസഫിനെയും നിയമിച്ചു. ലേലത്തില്‍ മികച്ച താരങ്ങളെ സ്വന്തമാക്കി ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ പതിനാറംഗ ടീമിനെയാണ് റോയല്‍സ് ഇത്തവണ അണിനിരത്തുന്നത്. ഓഗസ്റ്റ് 21-ന് ആലപ്പി റിപ്പിള്‍സുമായിട്ടാണ് ട്രിവാന്‍ഡ്രം റോയല്‍സിന്റെ ആദ്യ മത്സരം. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായിരുന്നു കൃഷ്ണപ്രസാദ്. ഒരു സെഞ്ചുറിയടക്കം 479 റണ്‍സുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ച മികവാണ് കൃഷ്ണപ്രസാദിനെ വീണ്ടും നായകപദവിയിലേക്ക് എത്തിച്ചത്. കൃഷ്ണ പ്രസാദിനൊപ്പം ഗോവിന്ദ് ദേവ് പൈ, വി. അജിത്ത് എന്നിവരെ ഫ്രാഞ്ചൈസി നേരത്തെ തന്നെ നിലനിര്‍ത്തിയിരുന്നു. അനുവദിക്കപ്പെട്ട 50 ലക്ഷം രൂപയും പൂര്‍ണ്ണമായി വിനിയോഗിച്ചാണ് ഇത്തവണ ലേലത്തില്‍ ടീം മാനേജ്മെന്റ് കരുത്തുറ്റ നിരയെ സ്വന്തമാക്കിയത്.

വെടിക്കെട്ട് ബാറ്ററും ഐപിഎല്‍ താരവുമായ വിഷ്ണു വിനോദിനെ ടീമിലെത്തിക്കാന്‍ കഴിഞ്ഞത് റോയല്‍സിന്റെ ബാറ്റിങ് നിരയ്ക്ക് വലിയ കരുത്തേകും. കൃഷ്ണ പ്രസാദ്, ഗോവിന്ദ് ദേവ് പൈ, വിഷ്ണു വിനോദ് എന്നിവര്‍ അണിനിരക്കുന്നതോടെ മൂന്നാം സീസണിലെ തന്നെ ഏറ്റവും മികച്ച മുന്‍നിരയായി റോയല്‍സ് മാറും. വിഷ്ണു വിനോദിന് പുറമെ ഉജ്വല്‍ കൃഷ്ണ, ഭരത് സൂര്യ എന്നിവരാണ് ടീമിലെ മറ്റ് വിക്കറ്റ് കീപ്പര്‍മാര്‍.

ഓള്‍റൗണ്ട് മികവിലും ഇത്തവണ റോയല്‍സ് മുന്നിലാണ്. പരിചയസമ്പന്നരായ സിജോമോന്‍ ജോസഫ്, സി. വി. വിനോദ് കുമാര്‍ എന്നിവരെ ലേലത്തില്‍ സ്വന്തമാക്കിയ റോയല്‍സ്, അക്ഷയ് മനോഹര്‍, എം. നിഖില്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ സമാപിച്ച എന്‍.എസ്.കെ. ട്രോഫിയിലടക്കം മികച്ച ഫോമിലായിരുന്ന എം. നിഖിലിനെ 6.20 ലക്ഷം രൂപയ്ക്കാണ് ടീമിലെത്തിച്ചത്. ഇത് മധ്യനിര ബാറ്റിങ്ങിന് കൂടുതല്‍ സ്ഥിരത നല്‍കും.

ബൗളിങ് നിരയും ഇക്കുറി അതിശക്തമാണ്. കഴിഞ്ഞ സീസണില്‍ ടീമിന്റെ കുന്തമുനയായിരുന്ന വി. അജിത്തിനൊപ്പം ബേസില്‍ എന്‍. പി, രാഹുല്‍ ചന്ദ്രന്‍, ശ്രീഹരി നായര്‍ എന്നിവര്‍ കൂടി ചേരുന്നതോടെ കരുത്തുറ്റ ബൗളിങ് നിരയാണ് റോയല്‍സിന്റേത്. അഭിഷേക് പി. നായര്‍, കെ. അജീഷ്, സുധീഷ് മോഹന്‍ എന്നിവരാണ് ടീമിലെ മറ്റ് പ്രധാന താരങ്ങള്‍.

content highlights: KCL: Krishna Prasad Retained as Captain of Trivandrum Royals

dot image
To advertise here,contact us
dot image