

ന്യൂഡല്‍ഹി: 2021ല്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയതെന്ന് എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ്. അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞാണ് അവര്‍ വന്നത്. എന്നാല്‍ അവരുടെ കൈവശം അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നില്ലെന്നും ഐഷി ഘോഷ് പറഞ്ഞു. എകെജി ഭവനില്‍ എത്തിയ സിപിഐഎം, സിപിഐ നേതാക്കളോടായിരുന്നു ഐഷി ഘോഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, സിപിഐ നേതാവ് ആനി രാജ, സിപിഐഎം നേതാവ് പി കെ ശ്രീമതി അടക്കമുള്ളവര്‍ ഈ സമയം അവിടെയുണ്ടായിരുന്നു. ഏത് കേസിലാണ് പൊലീസ് നടപടിയെന്ന ഡി രാജയുടെ ചോദ്യത്തിനായിരുന്നു 2021ലെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണെന്ന് ഐഷി മറുപടി പറഞ്ഞത്. ബംഗ്ല ഭവന് മുന്നില്‍ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഐഷി പറയുന്നുണ്ട്.
ഇന്ന് വൈകിട്ടോടെയായിരുന്നു എകെജി ഭവനില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഐഷി ഘോഷ് എകെജി ഭവനില്‍ എത്തിയതിന് പിന്നാലെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഇതില്‍ ഒരു ഉദ്യോഗസ്ഥ യൂണിഫോം ധരിച്ചിരുന്നില്ല. ഈ സമയം ജോണ്‍ ബ്രിട്ടാസ് എംപി അടക്കമുള്ളവര്‍ സ്ഥലത്തെത്തുകയും പൊലീസ് ഉദ്യോഗസ്ഥയോട് സംസാരിക്കുകയും ചെയ്തു. ഏത് കേസിലാണ് പൊലീസ് നടപടിയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു. പൊലീസ് ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലെന്നും ബ്രിട്ടാസ് പറഞ്ഞു. ഉദ്യോഗസ്ഥ കേസിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഈ കേസിനെ കുറിച്ച് തനിക്ക് അറിയാമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. കുറേ വര്‍ഷങ്ങളായി ഈ കേസ് പെന്‍ഡിങ്ങിലാണെന്നും എംപി ചൂണ്ടിക്കാട്ടി. ഇതിനിടെ ഉദ്യോഗസ്ഥ യൂണിഫോം ധരിക്കാത്തത് ജോണ്‍ ബ്രിട്ടാസ് എംപി ചോദ്യംചെയ്തു. ഹൈക്കോടതിയില്‍ പോയി മടങ്ങി വരുന്നതിനിടെ മഴ പെയ്‌തെന്നും മഴ നനഞ്ഞതിനെ തുടര്‍ന്നാണ് യൂണിഫോം ഒഴിവാക്കിയതെന്നുമായിരുന്നു ഉദ്യോഗസ്ഥ പറഞ്ഞത്. തുടര്‍ന്ന് യൂണിഫോം ധരിച്ചുവരാന്‍ ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. ഇതോടെ പൊലീസ് സംഘം മടങ്ങുകയായിരുന്നു.
ഐഷിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പൊലീസിന് എന്ത് തോന്ന്യാസവും കാണിക്കാമെന്ന അവസ്ഥയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. തെമ്മാടിത്തരമാണ് കാണിച്ചത്. പൊലീസ് രാജിനെതിരെ പ്രതിഷേധിക്കുമെന്നും എം എ ബേബി പറഞ്ഞു. രാജ്യത്തെ കള്ളം പറഞ്ഞ് പറ്റിക്കാമെന്ന് മോദി കരുതരുത്. ക്രിമിനല്‍ കുറ്റമാണ് പൊലീസ് കാണിച്ചത്. ഐഷി ഘോഷിനെ പാര്‍ട്ടി ഓഫീസില്‍നിന്ന് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടന്നതെന്നും എം എ ബേബി പറഞ്ഞു. ഡല്‍ഹിയിലെ സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫീസില്‍ കടന്നുകയറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് നടത്തിയ ശ്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പൊലീസിന്റെ ഈ നടപടി കടുത്ത ജനാധിപത്യ ധ്വംസനവും പൗരന്റെ ഭരണഘടനാ അവകാശങ്ങളുടെ നഗ്‌നമായ ലംഘനവുമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഐഷിക്ക് പിന്തുണയുമായി കോക്രോച്ച് ജനതാ പാർട്ടിയും രംഗത്തെത്തി. എസ്എഫ്ഐ നേതൃത്വത്തെ വിളിച്ച് സിജെപി പിന്തുണ അറിയിച്ചു.
Content Highlights- SFI leader Aishi Ghosh said the case related to a protest held in 2021. She alleged that the Delhi Police personnel who arrived for the arrest did not have an arrest warrant.