താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘനം; സൗദി അറേബ്യയിൽ ഒരാഴ്ചയ്ക്കള്ളിൽ നാടുകടത്തിയത് 13000ത്തിലധികം പേരെ

അതിക്രമങ്ങളും നിയമലംഘനങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ എമർജൻസി ഹോട്ട്ലൈൻ നമ്പറുകൾ വഴി പൊതുജനങ്ങൾക്ക് വിവരം അറിയിക്കാവുന്നതാണ്

താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘനം; സൗദി അറേബ്യയിൽ ഒരാഴ്ചയ്ക്കള്ളിൽ നാടുകടത്തിയത് 13000ത്തിലധികം പേരെ
dot image

സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 13,000ത്തിലധികം പേരെ ഒരാഴ്ചയ്ക്കുള്ളിൽ നാടുകടത്തി. രാജ്യവ്യാപകമായി നടത്തിയ സംയുക്ത പരിശോധനയിൽ 15,000ത്തോളം നിയമലംഘകരെ സുരക്ഷാ സേന പിടികൂടി. നിയമലംഘകർക്ക് അഭയമോ സഹായമോ നൽകുന്നവർക്ക് കഠിന തടവും വൻ തുക പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി.

ജൂലൈ 16 മുതൽ 22 വരെയുള്ള കാലയളവിൽ നടപ്പിലാക്കിയ പരിശോധനയിലാണ് 14,970 നിയമലംഘകർ പിടിയിലായത്. താമസരേഖകളിലെ ലംഘനങ്ങളാണ് പിടിയിലായവരിൽ ഭൂരിഭാഗവും. 13,251 പേരുടെ നാടുകടത്തൽ നടപടികൾ പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനുപുറമെ, മൂപ്പതിനായിരത്തിലധികം പേർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇതിൽ പതിനേഴായിരത്തിലധികം ആളുകളെ യാത്രാരേഖകൾ ലഭ്യമാക്കുന്നതിനായി അതത് എംബസികൾക്ക് കൈമാറിയിട്ടുണ്ട്.

അനധികൃതമായി അതിർത്തി കടന്ന് സൗദിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,626 പേരെയും സുരക്ഷാ സേന പിടികൂടി. ഇതിൽ 62 ശതമാനവും എത്യോപ്യൻ പൗരന്മാരും 37 ശതമാനം യമൻ സ്വദേശികളുമാണ്. കൂടാതെ രാജ്യത്തുനിന്ന് നിയമവിരുദ്ധമായി പുറത്തുപോകാൻ ശ്രമിച്ച 33 പേരും, നിയമലംഘകർക്ക് വാഹന സൗകര്യവും താമസവും നൽകിയ 18 പേരും അറസ്റ്റിലായിട്ടുണ്ട്.

നിയമലംഘകർക്ക് ജോലി നൽകുകയോ, താമസ സൗകര്യമൊരുക്കുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതിക്രമങ്ങളും നിയമലംഘനങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ എമർജൻസി ഹോട്ട്ലൈൻ നമ്പറുകൾ വഴി പൊതുജനങ്ങൾക്ക് വിവരം അറിയിക്കാവുന്നതാണ്. വിവരങ്ങൾ കൈമാറുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ഉറപ്പുനൽകുന്നു.

Content Highlight: saudi arabia residency labour border security checks lead to deportation of over 13000

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us