ആജ്ഞയല്ല വേണ്ടത്, സമവായം; വിദ്യാർത്ഥികളുടെ ചോദ്യത്തിന് മറുപടി നൽകണമെന്ന് ആർഎസ്എസ്

റീലുകള്‍ നിര്‍മിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയിരിക്കുകയാണ്

ആജ്ഞയല്ല വേണ്ടത്, സമവായം; വിദ്യാർത്ഥികളുടെ ചോദ്യത്തിന് മറുപടി നൽകണമെന്ന് ആർഎസ്എസ്
dot image

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് രംഗത്ത്. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാണ് ആര്‍എസ്എസ് നിലപാട്. പുതുതലമുറയുമായി സംവദിക്കേണ്ടത് അനിവാര്യമെന്നും അര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറയുന്നു. കേട്ടെഴുത്തല്ല ചര്‍ച്ചയാണ് വേണ്ടതെന്നും ആജ്ഞയല്ല സമവായമാണ് വേണ്ടതെന്നും ആര്‍എസ്എസ് പറഞ്ഞു.

ഇന്നത്തെ തലമുറ ചോദ്യങ്ങള്‍ ചോദിക്കുന്നവരാണ്. അവര്‍ക്ക് മറുപടി നല്‍കുകയും അവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും വേണം. ഇന്ന് കുടുംബങ്ങളില്‍ പോലും അവരുമായുള്ള സംവാദം കുറഞ്ഞു. അവരുമായി ആശയവിനിമയം നടത്താതെ പോകുന്നത് ഗുണം ചെയ്യില്ല എന്നും ആര്‍എസ്എസ് പറയുന്നു. കേന്ദ്ര വിദ്യാഭ്യസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കായി വിദ്യാര്‍ത്ഥികള്‍ സമരം കടുപ്പിക്കുമ്പോഴാണ് ആര്‍എസ്എസ്‌ന്റെ നിലപാട്. ധര്‍മേന്ദ്ര പ്രധാനെ സംരക്ഷിക്കാന്‍ ബിജെപി തീരുമാനമെടുത്തിരിക്കുന്ന ഘട്ടത്തില്‍ ആര്‍എസ്എസ്‌ന്റെ പരോക്ഷ വിമര്‍ശനം കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്.

അതേസമയം ഇന്നും ജന്തര്‍മന്തറില്‍ സമരം കടുക്കുമെന്നാണ് വിവരം. ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് കേന്ദ്രം വഴങ്ങാത്ത സാഹചര്യത്തില്‍ സമരം കടുപ്പിക്കാനാണ് സിജെപി തീരുമാനിച്ചിരിക്കുന്നത്. അതിരാവിലെ തന്നെ ജന്തര്‍മന്തര്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് കേന്ദ്ര സര്‍ക്കാരുമായി വീണ്ടും സിജെപി ചര്‍ച്ചനടത്തുന്നുണ്ട്. ഇന്നലെ ചര്‍ച്ച നടന്നിരുന്നെങ്കിലും ധര്‍മേന്ദ്ര പ്രധാന്റെ രാജി അംഗീകരിക്കാത്തതിനെ തുടര്‍ന്ന് തീരുമാനമാകാതെ പിരിയുകയായിരുന്നു. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്നും പാര്‍ലമെന്റ് മാര്‍ച്ചിനിടെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്നും കേന്ദ്രം ഇന്നലെ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഇല്ലാതെ പിന്നോട്ടില്ലെന്നാണ് സിജെപിയുടെ നിലപാട്.

ഇതിനിടെ റീലുകള്‍ നിര്‍മിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ മന്ത്രിമാര്‍ സജീവമാകണമെന്ന് മന്ത്രിസഭാ യോഗത്തില്‍ മോദി പറഞ്ഞു. യുവാക്കളോട് സംസാരിക്കാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗം ഇന്‍സ്റ്റാഗ്രാം ആണെന്നും മോദിചൂണ്ടിക്കാട്ടുന്നു. യുവാക്കള്‍ക്ക് താത്പര്യമുള്ള വിഷയങ്ങള്‍ സംസാരിക്കണമെന്നും നിര്‍ദേശമുണ്ട്. സിജെപി പ്രതിഷേധനിടെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ദേശം.

ജന്തര്‍ മന്തറില്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് നിയന്ത്രണം ഇല്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ജന്തര്‍ മന്തറില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നാണ് പൊലീസ് പറയുന്നത്. പോലീസ് നിയന്ത്രണം കടുപ്പിക്കുന്നു എന്ന് സിജെപി ആരോപിച്ചിരുന്നു. ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകള്‍ക്കും ഫുഡ് ഡെലിവറി ആപ്പുകള്‍ക്കും നിയന്ത്രണമെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. അതേസമയം ജന്തര്‍ മന്തര്‍ പരിസരത്ത് ഇന്നും ഇന്റര്‍നെറ്റ് നിയന്ത്രണം തുടരും. 18 മെട്രോ സ്റ്റേഷനുകളും രാവിലെ ഏഴ് മണിമുതല്‍ അടഞ്ഞു കിടക്കും.

Content Highlights: RSS chief Mohan Bhagwat has emphasized the importance of engaging with young people through dialogue rather than directives, stating that their questions must be answered. His remarks come amid intensified student protests seeking Union Education Minister Dharmendra Pradhan's resignation, and are being interpreted as an indirect message to the Central Government.

dot image
To advertise here,contact us
dot image