

ബുലന്ദ്ശഹര്‍: യുപിയിലെ അംറോഹ ജില്ലയില്‍ മൂന്ന് സഹോദരിമാര്‍ ഒരേ പുരുഷനെ വിവാഹം കഴിച്ചത് വിവാദമായി. സോഷ്യല്‍ മീഡിയ വീഡിയോകള്‍ക്കായി ഒപ്പം പ്രവർത്തിച്ചിരുന്ന ക്യാമറാമാനെയാണ് മൂവരും വിവാഹം കഴിച്ചത്. പിരിഞ്ഞ് ജീവിക്കാന്‍ ഇഷ്ടമല്ലാത്തതിനാലാണ് ഭര്‍ത്താവായി ഒരാളെ തന്നെ സ്വീകരിക്കാന്‍ മൂവരും തീരുമാനിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
20കാരിയായ സരോജ്, 19കാരി സാവിത്രി റാണി, 18കാരിയായ സന്താഷ് ഖടക്‌വംശി എന്നിവരാണ് 20കാരനായ വികാസ് എന്ന യുവാവിനെ വിവാഹം ചെയ്തത്. ഹസന്‍പൂരിലെ ദൗരിയ ഗ്രാമവാസികളാണ് യുവതികള്‍. കഴിഞ്ഞ ആറുമാസമായി ഈ യുവാവാണ് സഹോദരിമാരുടെ സോഷ്യല്‍മീഡിയ കണ്ടന്റുകളുടെ ക്യാമറാമാന്‍. ഇത്തരം വീഡിയോകളില്‍ ഇവരുടെ ഭര്‍ത്താവായി ഈ യുവാവ് അഭിനയിച്ചിട്ടുമുണ്ട്.
വിവാഹവീഡിയോ യുവതികള്‍ തന്നെ പുറത്തുവിട്ടപ്പോഴാണ് വിവരം പുറത്തറിയുന്നത്. ചടങ്ങിൽ കുടുംബക്കാര്‍ ഒന്നും പങ്കെടുത്തിട്ടില്ല. കുടുംബക്കാർ തങ്ങള്‍ക്ക് വെവ്വേറെ വിവാഹം ആലോചിക്കുന്നതായി അറിഞ്ഞതോടെയാണ് ഈ തീരുമാനമെടുത്തതെന്ന് യുവതികള്‍ പറയുന്നു. വിവാഹത്തോടെ അകന്നുപോകുമെന്ന് മനസിലാക്കിയതിനാല്‍ ജീവനൊടുക്കാനാണ് തങ്ങള്‍ ആദ്യം തീരുമാനിച്ചത്. പിന്നീട് ഒരു പുരുഷനെ തന്നെ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയാണ് ഉണ്ടായതെന്നും ഇവര്‍ പറയുന്നു.
സഹോദരിമാരുടെ ആഴത്തിലുള്ള ബന്ധം അറിയുന്നത് കൊണ്ടാണ് അവരുടെ ആവശ്യം അംഗീകരിച്ച് താൻ അവരെ വിവാഹം കഴിച്ചതെന്നാണ് വികാസ് പറയുന്നത്. എന്നാല്‍ ഹിന്ദു വിവാഹ നിയമപ്രകാരം ഇവരുടെ വിവാഹത്തിന് നിയമസാധുത ഉണ്ടാകില്ലെന്ന് അലഹബാദ് ഹൈക്കോടതി അഭിഭാഷകന്‍ അനുരാഗ് പാണ്ഡേയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ക്ഷേത്ര ഭരണസമിതി അംഗങ്ങളോ പൂജാരിയോ ചടങ്ങില്‍ പങ്കെടുത്തിട്ടില്ല. നിലവില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പെണ്‍കുട്ടികളുടെ കുടുംബവും എതിര്‍പ്പൊന്നും അറിയിച്ചിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും നിരവധി ഫോളോവേഴ്‌സാണ് ഉള്ളത്.
Content Highlights: Three sisters in Uttar Pradesh married a social media cameraman, saying they did not want to live separately. The unusual marriage has attracted widespread attention and become a widely discussed topic on social media.