

യുഎഇയിൽ തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട നിയമങ്ങളിൽ വ്യക്തത വരുത്തി മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം പുതിയ മാർഗ്ഗരേഖ പുറത്തിറക്കി. ഇൻഷുറൻസിന്റെ മുഴുവൻ ചെലവും തൊഴിലുടമ തന്നെ വഹിക്കണമെന്നും ജീവനക്കാരിൽ നിന്ന് തുക ഈടാക്കാൻ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വർക്ക് പെർമിറ്റ് അനുവദിക്കുന്നതും പുതുക്കുന്നതും ഇൻഷുറൻസ് പരിശോധനയുമായി ഡിജിറ്റലായി ബന്ധിപ്പിച്ചിട്ടുണ്ട്.
തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളും നടപടിക്രമങ്ങളും കൂടുതൽ വ്യക്തമാക്കിക്കൊണ്ടാണ് മാനവവിഭവശേഷി മന്ത്രാലയം പുതിയ മാർഗരേഖ പ്രസിദ്ധീകരിച്ചത്. രാജ്യത്തെ തൊഴിൽ നിയമങ്ങളുടെ സുതാര്യത ഉറപ്പാക്കാനും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് ഈ നടപടി. ഡിജിറ്റൽ സംവിധാനം വഴിയുള്ള പരിശോധനകളിൽ വീഴ്ച കണ്ടാൽ പുതിയ വർക്ക് പെർമിറ്റ് നൽകുന്നതോ നിലവിലുള്ളത് പുതുക്കുന്നതോ മന്ത്രാലയം തടയും. ഇൻഷുറൻസ് പോളിസിയുടെ സാധുത സ്വയം പരിശോധിക്കുന്ന ഓട്ടോമേറ്റഡ് സംവിധാനം വഴിയാണ് അപേക്ഷകൾ പ്രോസസ് ചെയ്യുന്നത്.
സ്വകാര്യ മേഖലയിലെ എല്ലാത്തരം ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും ഒരുപോലെ ഈ സുരക്ഷാ ചട്ടങ്ങൾ ബാധകമാണ്. ഇൻഷുറൻസ് എടുക്കുന്നതിനും അത് പുതുക്കുന്നതിനുമുള്ള മുഴുവൻ ചെലവുകളും സ്ഥാപന ഉടമയോ തൊഴിലുടമയോ തന്നെ വഹിക്കണം. തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് ഇതിനായി തുക ഈടാക്കാനോ പിടിച്ചെടുക്കാനോ പാടില്ല. വർക്ക് പെർമിറ്റിന്റെ മുഴുവൻ കാലയളവിലും ഇൻഷുറൻസ് പരിരക്ഷ തടസ്സമില്ലാതെ ലഭ്യമാകണം. തൊഴിൽ കാലയളവിനിടയിൽ ഇടയ്ക്കുവെച്ച് പെട്ടെന്ന് പോളിസികൾ റദ്ദാക്കാൻ തൊഴിലുടമയ്ക്ക് അനുവാദമുണ്ടാകില്ല.
മുൻപ് അബുദാബിയിലും ദുബായിലും മാത്രമുണ്ടായിരുന്ന ഇൻഷുറൻസ് നിർബന്ധമാക്കൽ നിയമം, 2025-ഓടെ വടക്കൻ എമിറേറ്റുകളിലേക്കും വ്യാപിപ്പിച്ച് രാജ്യമൊട്ടാകെ നിലവിൽ വന്നിരുന്നു. തൊഴിലുടമകൾക്ക് ഭാരമാകാതിരിക്കാൻ പ്രതിവർഷം 320 ദിർഹം മുതലുള്ള അടിസ്ഥാന ഇൻഷുറൻസ് പാക്കേജുകളും ലഭ്യമാണ്. ഡിജിറ്റൽ സംവിധാനങ്ങളുടെ സംയോജനം വഴി വിസ നവീകരണ നടപടികൾ കൂടുതൽ വേഗത്തിലാകുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
Content Highlights: The UAE has made it mandatory for employers to pay the full cost of employees' health insurance. The new regulation reinforces labour rights, ensures access to healthcare, and prevents employers from passing insurance expenses on to workers.