

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിലെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിട്ടയച്ചു. പൊലീസ് കസ്റ്റഡിയില്‍ നിന്ന് ഇറങ്ങിയ ഉടനെ വൈകാരികമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധി. 'എന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു. സമരം ചെയ്ത് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്നും പ്രതികരണം. കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ അടക്കം കസ്റ്റഡിയിലെടുത്ത മുഴുവൻ നേതാക്കളെയും പൊലീസ് വിട്ടയച്ചു. നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്താതെയാണ് പൊലീസിൻ്റെ നടപടി.
അതേസമയം കസ്റ്റഡിയില്‍ നിന്ന് പുറത്ത് വന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും മാധ്യമങ്ങളോട് പ്രതികരിച്ചു. ഭരണഘടന വിരുദ്ധമായാണ് സര്‍ക്കാര്‍ നടപടി എടുക്കുന്നതെന്നും. ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകുമെന്നും അദേഹം വ്യക്തമാക്കി. ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നിന്നാണ് രാഹുഗാന്ധിയെ വിട്ടയച്ചത്. കസ്റ്റഡിയിലെടുത്ത മുഴുവന്‍ എംപിമാരെയും പൊലീസ് വിട്ടയച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിലെ പ്രതിഷേധത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ബലമായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാഹുലിനെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റാനാണ് പൊലീസ് ശ്രമിച്ചത്. പിടിവലിക്കിടെ രാഹുൽ ഗാന്ധിക്ക് പരിക്കേറ്റിരുന്നു. രാഹുലിൻ്റെ മൂക്കിനാണ് പരിക്കേറ്റത്. രക്തമൊലിപ്പിച്ച മുഖവുമായി രാഹുല്‍ പൊലീസ് വാഹനത്തിലിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 'ഇതാണ് ഇന്ത്യയിലെ ജനാധിപത്യം' എന്നാണ് ബലം പ്രയോഗിച്ച് തന്നെ നീക്കാന്‍ ശ്രമിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞത്.
കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുളള എംപിമാരെയും വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവും രാഹുൽ ഗാന്ധിക്കൊപ്പം പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നു. അഖിലേഷിനെയും പൊലീസ് ബലംപ്രയോഗിച്ച് നീക്കാൻ ശ്രമിച്ചിരുന്നു. പ്രിയങ്കാ ഗാന്ധിയെയും ബലംപ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമം നടത്തിയിരുന്നു.
കേന്ദ്രസര്‍ക്കാരിനോട് പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് പ്രതിഷേധ കോണ്‍ഗ്രസ് ഉന്നയിച്ചത്. നീറ്റ് പരീക്ഷയെഴുതി ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം, പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയത്തില്‍ പ്രതികരിക്കണം, വിദ്യാഭ്യാസ മന്ത്രി ഉടന്‍ രാജിവയ്ക്കണം, വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ അന്വേഷണം വേണം, പാര്‍ലമെന്റ് നിര്‍ത്തിവെച്ച് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നിവയാണ് കോണ്‍ഗ്രസ് ഉന്നയിച്ച ആവശ്യങ്ങൾ.
Content Highlights: Rahul Gandhi was released by the police after being detained during a protest near the Prime Minister's residence.