

ന്യൂഡല്‍ഹി: ഓടുന്ന ട്രെയിനില്‍ മധുവിധുവിന് മണിയറയൊരുക്കിയ വാര്‍ത്ത വൈറലായതോടെ ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് കുമാറിനെയാണ് റെയില്‍വേ സസ്‌പെൻഡ് ചെയ്തത്. 110002 നമ്പര്‍ നന്ദേഡ്ഗ്രാം എക്‌സ്പ്രസിലായിരുന്നു യാത്രക്കാര്‍ക്കായി അത്യാഡംബര മണിയറ ഒരുക്കിയത്. സംഭവം ഗംഭീരമാണെന്ന് പലരും വിശേഷിപ്പിച്ചെങ്കിലും ചിലര്‍ റെയില്‍വേ കോച്ചുകള്‍ ഇങ്ങനെ അലങ്കരിക്കാന്‍ യാത്രക്കാര്‍ക്ക് അനുവാദമുണ്ടോ എന്ന ചോദ്യം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ റെയിൽവെ വിഷയത്തില്‍ നടപടിയെടുത്തിരിക്കുന്നത്.
സംഭവം സമൂഹ മാധ്യമങ്ങളിന്‍ വൈറലായിരുന്നു. അലങ്കാര വസ്തുക്കള്‍ തീപിടിത്തത്തിന് കാരണമാകില്ലേയെന്നായിരുന്നു ചിലരുടെ ചോദ്യം. മറ്റുചിലര്‍ റെയില്‍വേ പ്രോട്ടോക്കോളുകള്‍ ലംഘിക്കപ്പെടുകയല്ലേയെന്നും ചോദിച്ചു. ഓടുന്ന ട്രെയിനിലെ ഈ ക്രമീകരണങ്ങളെ 'ഹണിമൂണ്‍ ഓണ്‍ വീല്‍സ്' എന്നും, 'സഞ്ചരിക്കുന്ന ഹണിമൂണ്‍ സ്യൂട്ട്' എന്നും പലരും തമാശയായി വിളിച്ചു. റിസര്‍വ് ചെയ്ത ക്യാബിനുകളാമെങ്കില്‍ പോലും ഇത്തരം അലങ്കാരപ്പണികള്‍ അനുവദനീയമാണോ എന്ന് വ്യക്തമാക്കണമെന്നും നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇന്ത്യന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. യാത്രക്കാരന്‍ ഫസ്റ്റ് എസി ക്യാബിനില്‍ രണ്ട് ബെര്‍ത്തുകളും ബുക്ക് ചെയ്തതിനാല്‍ തന്നെ അവരുടെ സ്വകാര്യ ഉപയോഗത്തിന് മാത്രമായി കമ്പാര്‍ട്ട്മെന്റ് മാറ്റിവച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. അലങ്കാരങ്ങള്‍ റെയില്‍വേയ്ക്ക് കേടുപാടുകള്‍ വരുത്തുകയോ ട്രെയിന്‍ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും റെയില്‍വേ വ്യക്തമാക്കിയിരുന്നു.
ജല്‍നയില്‍ നിന്നുള്ള ദമ്പതികള്‍ക്കായാണ് ക്യാബിന്‍ ബുക്ക് ചെയ്തിരുിന്നതെന്നായിരുന്നു മഹാരാഷ്ട്ര ആസ്ഥാനമായുള്ള റാഹത് റൂം ഡെക്കറേഷന്‍ എന്ന സ്ഥാപനത്തിന്റെ സംഘാടകര്‍ എന്‍ഡിടിവിയോട് പറഞ്ഞിരുന്നത്. ഇവര്‍ക്കായി ട്രെയിന്‍ കമ്പാര്‍ട്ട്മെന്റ് മുന്‍കൂട്ടി അലങ്കരിച്ചുവെന്നും അവര്‍ വിശദീകരിച്ചിരുന്നു. ജല്‍ന സ്റ്റേഷനില്‍ നിന്നാണ് ദമ്പതികള്‍ ട്രെയിനില്‍ കയറിയത്. അലങ്കാരങ്ങള്‍ക്ക് റെയില്‍വേയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും സംഘാടകര്‍ പറഞ്ഞിരുന്നു.
Content Highlights: A Chief Ticket Inspector has been suspended after arranging a luxury honeymoon-themed compartment for passengers aboard the Nandedgram Express. The viral incident sparked widespread attention and raised concerns over compliance with railway rules governing coach decorations.