'ഹോർമുസ് തുറക്കും; അമേരിക്കയുടെ ഭീഷണികൾക്ക് മുൻപിലല്ല, ഇറാന്റെ നിയന്ത്രണത്തിൽ'; തറപ്പിച്ചുപറഞ്ഞ് ബാഗെർ ഗലിബാഫ്

അമേരിക്ക ഇതുവരെ ഒന്നും പഠിച്ചില്ലെന്നും ഇങ്ങോട്ടടിച്ചാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു

'ഹോർമുസ് തുറക്കും; അമേരിക്കയുടെ ഭീഷണികൾക്ക് മുൻപിലല്ല, ഇറാന്റെ നിയന്ത്രണത്തിൽ'; തറപ്പിച്ചുപറഞ്ഞ് ബാഗെർ ഗലിബാഫ്
dot image

സമാധാന കരാർ ലംഘിച്ചുള്ള യുഎസ് ആക്രമണത്തിന് പിന്നാലെ നിബന്ധനകൾ കടുപ്പിച്ച് ഇറാൻ. ഹോർമുസ് കടലിടുക്ക് തുറക്കുന്നുണ്ടെങ്കിൽ അത് ഇറാന്റെ നിബന്ധനകൾ പ്രകാരമായിരിക്കുമെന്ന് ഇറാനിലെ മുതിർന്ന നേതാവും മധ്യസ്ഥ ചർച്ചകളിലെ പ്രധാനിയുമായിരുന്ന ബാഗെർ ഗലിബാഫ് പറഞ്ഞു. അമേരിക്ക ഇതുവരെ ഒന്നും പഠിച്ചില്ലെന്നും ഇങ്ങോട്ടടിച്ചാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ഭീഷണികളിലൂടെയല്ല, ഇറാന്റെ നിബന്ധനകളിലൂടെയും നിയന്ത്രണത്തിലൂടെയുമായിരിക്കും കടലിടുക്ക് തുറക്കുക എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതായി അറിയിച്ച് കുവൈറ്റ് സൈന്യം. രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം ശത്രുവിൻ്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തടയുകയാണെന്നാണ് കുവൈറ്റ് സൈന്യത്തിൻ്റെ ജനറൽ സ്റ്റാഫിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്. ജനങ്ങൾ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമപ്രതിരോധ സംവിധാനത്തിന്റെ ഇടപെടലിന്റെ ഭാഗമാണെന്നും സൈന്യം അറിയിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്തുടനീളം മുന്നറിയിപ്പ് അലാറങ്ങൾ പ്രവർത്തിപ്പിച്ചതായി കുവൈത്ത് വാർത്താ ഏജൻസിയായ കെയുഎൻഎ റിപ്പോർട്ട് ചെയ്യുണ്ട്.

ഖത്തർ ആഭ്യന്തര മന്ത്രാലയം രാജ്യത്ത് സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു. പൗരന്മാരും വിദേശ താമസക്കാരും വീടുകളിൽ തന്നെ തുടരുകയും സുരക്ഷിത സ്ഥാനങ്ങളിൽ കഴിയുകയും ചെയ്യണം എന്നായിരുന്നു നിർദ്ദേശം. ഗ്ലാസ് ജനലുകളിൽ നിന്ന് അകന്നുനിൽക്കണമെന്നും, അടുത്ത അറിയിപ്പ് ലഭിക്കും വരെ പുറത്തിറങ്ങരുതെന്നും നിർദേശിച്ചിരുന്നു. പിന്നീട് ഭീഷണി ഒഴിഞ്ഞതായി അറിയിച്ചുകൊണ്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്നുമായിരുന്നു ഖത്തർ ആഭ്യന്തരമന്ത്രാലയത്തിൻ്റെ അറിയിപ്പ്.

ബഹ്റൈനിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറൺ മുഴങ്ങി. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതായാണ് റിപ്പോർട്ട്. പൗരന്മാരും താമസക്കാരും ശാന്തത പാലിച്ച് സമീപത്തെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും അധികൃതർ നിർദേശിച്ചു. അമേരിക്ക ഇറാനെതിരെ ആക്രമണം നടത്തിയ ഓരോ ഘട്ടത്തിലും കുവൈറ്റിനും ഖത്തറിനും ബഹ്റൈനും നേരെ ഇറാൻ ആക്രമണം നടത്താറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്ക ഇറാനിൽ ആക്രമണം നടത്തിയതിനെ തുടർന്ന് ഗൾഫ് രാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്. രാജ്യത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളുടെ ഉറവിടം എന്ന നിലയിലാണ് ഈ രാജ്യങ്ങളെ ലക്ഷ്യമിടുന്നതെന്നാണ് ഓരോ ഘട്ടത്തിലും ഇറാൻ നൽകിയിരുന്ന വിശദീകരണം. എന്നാൽ അമേരിക്ക-ഇറാൻ യുദ്ധത്തിന്റെ ഭാഗമല്ലെന്ന നിലപാടാണ് ​ഗൾഫ് രാജ്യങ്ങളുടേത്. സംഘർഷം മേഖലയുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയും അവർ പങ്കുവെയ്ക്കുന്നുണ്ട്.

Content Highlights: Following the alleged violation of a peace agreement through a US attack, Iran has tightened its conditions regarding the reopening of the Strait of Hormuz. Iranian leader and key negotiator Bagher Ghalibaf said the strait would reopen only under Iran’s terms and warned of retaliation against further attacks.

dot image
To advertise here,contact us
dot image