

ന്യൂഡല്‍ഹി: പ്രണയാതുരമായ ഒരു ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റ്… ചുമപ്പും വെള്ളയും നിറത്തിലെ ബലൂണുകള്‍, പുഷ്പാലങ്കാരങ്ങള്‍… അടര്‍ത്തിയിട്ട റോസാദളങ്ങള്‍… അടിമുടി റൊമാന്റിക് മൂഡ്…. ഇന്ത്യന്‍ റെയില്‍വേയുടെ ഒരു ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എസി കമ്പാര്‍ട്ട്‌മെന്റാണ് ഇത്തരത്തില്‍ സജ്ജമാക്കയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപ്പേരാണ് രംഗത്തെത്തുന്നത്.
സംഭവം ഗംഭീരമാണെന്ന് പലരും വിശേഷിപ്പിച്ചെങ്കിലും ചിലര്‍ റെയില്‍വേ കോച്ചുകള്‍ ഇങ്ങനെ അലങ്കരിക്കാന്‍ യാത്രക്കാര്‍ക്ക് അനുവാദമുണ്ടോ എന്ന ചോദ്യം ഉയര്‍ത്തി.
അലങ്കാര വസ്തുക്കള്‍ തീപിടിത്തത്തിന് കാരണമാകില്ലേയെന്നാണ് ചിലരുടെ ചോദ്യം. മറ്റുചിലര്‍ റെയില്‍വേ പ്രോട്ടോക്കോളുകള്‍ ലംഘിക്കപ്പെടുകയല്ലേയെന്നും ചോദിച്ചു. ഓടുന്ന ട്രെയിനിലെ ഈ ക്രമീകരണങ്ങളെ 'ഹണിമൂണ്‍ ഓണ്‍ വീല്‍സ്' എന്നും, 'സഞ്ചരിക്കുന്ന ഹണിമൂൺ സ്യൂട്ട്' എന്നും പലരും തമാശയായി വിളിച്ചു. റിസര്‍വ് ചെയ്ത ക്യാബിനുകളാമെങ്കില്‍ പോലും ഇത്തരം അലങ്കാരപ്പണികള്‍ അനുവദനീയമാണോ എന്ന് വ്യക്തമാക്കണമെന്ന് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇന്ത്യന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടു.
എന്നാല്‍ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്. യാത്രക്കാരന്‍ ഫസ്റ്റ് എസി ക്യാബിനില്‍ രണ്ട് ബെര്‍ത്തുകളും ബുക്ക് ചെയ്തതിനാല്‍ തന്നെ അവരുടെ സ്വകാര്യ ഉപയോഗത്തിന് മാത്രമായി കമ്പാര്‍ട്ട്‌മെന്റ് മാറ്റിവച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അലങ്കാരങ്ങള്‍ റെയില്‍വേയ്ക്ക് കേടുപാടുകള്‍ വരുത്തുകയോ ട്രെയിന്‍ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും റെയില്‍വേ വ്യക്തമാക്കി.
A First AC coach has reportedly been decorated with a "honeymoon-style" setup.
— The Nalanda Index (@Nalanda_index) July 7, 2026
The Railway administration must explain: is it's allowed? @RailMinIndia @RailwaySeva @AshwiniVaishnaw @PMOIndia pic.twitter.com/ofE4AGawJH
അതേസമയം, ജല്‍നയില്‍ നിന്നുള്ള ദമ്പതികള്‍ക്കായാണ് ക്യാബിന്‍ ബുക്ക് ചെയ്തിരുിന്നതെന്ന് മഹാരാഷ്ട്ര ആസ്ഥാനമായുള്ള റാഹത് റൂം ഡെക്കറേഷന്‍ എന്ന സ്ഥാപനത്തിന്റെ സംഘാടകര്‍ എന്‍ഡിടിവിയോട് പറഞ്ഞു. ഇവര്‍ക്കായി ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റ് മുന്‍കൂട്ടി അലങ്കരിച്ചുവെന്നും അവര്‍ വിശദീകരിച്ചു. ജല്‍ന സ്റ്റേഷനില്‍ നിന്നാണ് ദമ്പതികള്‍ ട്രെയിനില്‍ കയറിയത്. അലങ്കാരങ്ങള്‍ക്ക് റെയില്‍വേയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും സംഘാടകര്‍ പറഞ്ഞു.
Content Highlights: AC Train Coach Given A Romantic Honeymoon-Themed Makeover Sparks Mixed Reactions