

ന്യൂഡല്‍ഹി: ഇന്ത്യ-ഇംഗ്ലണ്ട് ടി20 മത്സരത്തിന്റെ സംപ്രേക്ഷണത്തിനിടെ അഡല്‍റ്റ് പരസ്യം നല്‍കിയതില്‍ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ്.
ഈ വിഷയത്തില്‍ വ്യക്തത നല്‍കിയില്ലെങ്കില്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുമെന്നും ബിസിസിഐ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ കോണ്ടത്തിന്റെ പരസ്യം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനം.
1983-ലെ ലോകകപ്പ് മത്സരത്തില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു കീര്‍ത്തി ആസാദ്. 'ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അന്താരാഷ്ട്ര ടി20 മത്സരം കുട്ടികള്‍ തത്സമയം കാണുന്നതാണ്. അഡല്‍റ്റ്‌സിനുള്ള ഡ്യൂറെക്സിന്റെ പരസ്യം സ്‌ക്രീനില്‍ വരുന്നത് ലജ്ജാകരമല്ലേ. ബിസിസിഐ ശ്രദ്ധിക്കണം?', അദ്ദേഹം എക്‌സില്‍ കുറിച്ചു.
ഓവറുകള്‍ക്കിടയില്‍ കോണ്ടത്തിന്റെ പരസ്യം പ്രദര്‍ശിപ്പിച്ചതാണ് ഏറ്റവും മോശം കാര്യം. കുട്ടികളും 16 വയസ്സിന് താഴെയുള്ള നിരവധി കൗമാരക്കാരും ഉള്‍പ്പെടെ കുറഞ്ഞത് 44 കോടി ആളുകളെങ്കിലും അത് കണ്ടിട്ടുണ്ടാകുമെന്നും കീര്‍ത്തി ആസാദ് പറഞ്ഞു.
മദ്യത്തിന്റെയും സിഗരറ്റിന്റെയും പരസ്യങ്ങൾ നിരോധിച്ചിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് അഡൽറ്റ് പരസ്യങ്ങൾ കൊടുക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. സംഭവത്തിൽ ബിസിസിഐ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Content Highlights: Trinamool MP says Condom Ad During Cricket Match Is Adult Entertainment