യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കുക! പാസ്‌പോർട്ട്, വിസ സേവനങ്ങൾക്ക് പുതിയ ഓൺലൈൻ സംവിധാനം

വളരെ പരിമിതമായ രീതിയിൽ മാത്രമായിരിക്കും ഇനിമുതൽ നേരിട്ടുള്ള ടോക്കണുകൾ അനുവദിക്കുക

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കുക! പാസ്‌പോർട്ട്, വിസ സേവനങ്ങൾക്ക് പുതിയ ഓൺലൈൻ സംവിധാനം
dot image

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസുലർ സേവനങ്ങൾ ഇനിമുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പ്രത്യേക ഓൺലൈൻ അപ്പോയിന്റ്മെന്റ് പോർട്ടൽ നിലവിൽ വന്നു. അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും തങ്ങളുടെ ഓഫീസുകളിൽ താൽക്കാലിക ഭരണപരമായ മാറ്റങ്ങൾ വരുത്തിയതിനെ തുടർന്നാണ് പുതിയ ബുക്കിങ് സംവിധാനം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവാസികൾക്ക് തിരക്കുകളില്ലാതെ സേവനങ്ങൾ ഉറപ്പാക്കാൻ ഈ സംവിധാനം സഹായിക്കും.

book.passportindiauae.com എന്ന വെബ്‌സൈറ്റ് പോർട്ടൽ വഴിയാണ് പ്രവാസികൾ ഇനിമുതൽ അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യേണ്ടത്. പുതിയ ഏകീകൃത ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളുടെ പ്രവർത്തനം ആരംഭിക്കുന്നതിൽ നേരിട്ട കാലതാമസത്തെ തുടർന്നാണ് ഈ അടിയന്തര നടപടി. ഈ സെന്ററുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള കരാർ 'അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്' എന്ന കമ്പനിക്കാണ് ലഭിച്ചിരുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ ഇന്ത്യയിൽ പുരോഗമിക്കുന്നതിനാലാണ് കേന്ദ്രങ്ങളുടെ പ്രവർത്തനം വൈകുന്നത്.

പുതിയ പോർട്ടൽ വന്നതോടെ, എംബസിയിലും കോൺസുലേറ്റിലും നേരിട്ടെത്തി സേവനങ്ങൾ കൈപ്പറ്റുന്നതിനുള്ള താൽക്കാലിക മാർഗ്ഗനിർദ്ദേശങ്ങളിലും അധികൃതർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വളരെ പരിമിതമായ രീതിയിൽ മാത്രമായിരിക്കും ഇനിമുതൽ നേരിട്ടുള്ള ടോക്കണുകൾ അനുവദിക്കുക. അതിനാൽ ഒട്ടും വൈകാതെ തന്നെ ഓൺലൈൻ പോർട്ടൽ വഴി അപ്പോയിന്റ്മെന്റുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് മാത്രമേ പ്രവാസികൾ കോൺസുലർ സേവനങ്ങൾക്കായി എത്താവൂ എന്ന് അധികൃതർ അഭ്യർത്ഥിച്ചു.

സേവനങ്ങൾക്കായി എത്തുന്നവർക്കുള്ള മാർ​ഗനിർദ്ദേശങ്ങൾ ഇപ്രകാരമാണ്;

മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്ത യാത്രക്കാർക്ക് അവരുടെ നിശ്ചിത സമയത്തിന് 15 മിനിറ്റ് മുൻപ് മാത്രമേ ഓഫീസുകളിലേക്ക് പ്രവേശനം അനുവദിക്കൂ. ഓഫീസുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി അപേക്ഷകർക്ക് മാത്രമായിരിക്കും പ്രവേശനം. എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അപേക്ഷകൾക്ക് മാതാപിതാക്കൾ രണ്ടുപേരും ഒപ്പം ഉണ്ടായിരിക്കണം.

അബുദാബിയിൽ കോൺസുലർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി എത്തുന്നവർ അൽ സഫാറാത്ത് സ്ട്രീറ്റിലുള്ള എംബസിയുടെ പ്രധാന കവാടം വഴിയാണ് പ്രവേശിക്കേണ്ടത്. എന്നാൽ രേഖകൾ കൈപ്പറ്റുന്നതിനും മറ്റ് സംശയനിവാരണങ്ങൾക്കുമായി അബുദാബി അൽ ഇഷിറാത്ത് സ്ട്രീറ്റിലെ ഗാർഡിയൻ ടവറിന്റെ (ടെക്നിപ് ബിൽഡിംഗ്) ഒന്നാം നിലയിലുള്ള (യൂണിറ്റ് നമ്പർ 101) കോൺസുലർ വിംഗിനെയാണ് സമീപിക്കേണ്ടത്. ദുബായിൽ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കുള്ളവർ ഇന്ത്യൻ കോൺസുലേറ്റിന്റെ ഗേറ്റ് നമ്പർ 2 വഴിയും അറ്റസ്റ്റേഷൻ, ലേബർ സംബന്ധമായ ആവശ്യങ്ങൾ, രേഖകൾ കൈപ്പറ്റൽ എന്നിവയ്ക്കുള്ളവർ ഗേറ്റ് നമ്പർ 1 വഴിയും പ്രവേശിക്കണം.

നേരിട്ടെത്തി ടോക്കൺ എടുത്ത് സേവനങ്ങൾ കൈപ്പറ്റാനുള്ള സമയപരിധി അധികൃതർ വെട്ടിക്കുറച്ചിട്ടുണ്ട്. ഇനിമുതൽ രാവിലെ 9:00 മണി മുതൽ 11:00 മണി വരെ മാത്രമേ പരിമിതമായ തോതിൽ വാക്ക്-ഇൻ സേവനങ്ങൾ ലഭ്യമാകൂ. നവജാത ശിശുക്കളുടെ അപേക്ഷകൾക്കും അടിയന്തര സർട്ടിഫിക്കറ്റുകൾക്കുമായിരിക്കും ഇതിൽ മുൻഗണന. നീണ്ട ക്യൂവും കാത്തിരിപ്പും ഒഴിവാക്കാൻ മറ്റ് അപേക്ഷകരെല്ലാം ഓൺലൈൻ വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കണമെന്ന് മിഷനുകൾ അഭ്യർത്ഥിച്ചു.

അപേക്ഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇപ്രകാരമാണ്;

ഓഫീസുകളിൽ എത്തുന്നതിന് മുൻപ് അപേക്ഷാ ഫോമുകൾ പൂർണ്ണമായും പൂരിപ്പിക്കുകയും ആവശ്യമായ രേഖകൾ കരുതുകയും ചെയ്യുക.

പാസ്‌പോർട്ട് അപേക്ഷകൾ mportal.passportindia.gov.in/mission/ എന്ന വെബ്‌സൈറ്റ് വഴി കൃത്യമായ നിർദ്ദേശങ്ങൾ വായിച്ച് ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്ത് പൂരിപ്പിക്കേണ്ടതാണ്.

അപ്‌ലോഡ് ചെയ്യുന്ന ഒപ്പും വിരലടയാളവും വെള്ള പശ്ചാത്തലത്തിൽ (വൈറ്റ് ബാക്ക്​ഗ്രൗണ്ട്) വ്യക്തമുള്ളതായിരിക്കണം.

ഫീസ് തുക പൂർണ്ണമായും പണമായി മാത്രമേ സ്വീകരിക്കുകയുള്ളൂ. അതിനാൽ കൃത്യമായ തുക കൈയിൽ കരുതണം. 2026 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പാസ്‌പോർട്ട് ഫീസ് ഘടനയാണ് നിലവിലുള്ളതെന്നും അധികൃതർ ഓർമ്മിപ്പിച്ചു. എംബസിയുടെയും കോൺസുലേറ്റിന്റെയും നിലവിലുള്ള മറ്റ് കോൺടാക്ട് വിവരങ്ങളിൽ മാറ്റമില്ല.

അടിയന്തര ആവശ്യങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ;

ടോൾ ഫ്രീ നമ്പർ: 800 46342 (800 INDIA)

വാട്‌സ്ആപ്പ് നമ്പർ: +971 54 309 0571

ഇമെയിൽ വിലാസം: [email protected]

Content Highlights: A new online platform has been introduced for Indian passport, visa, and related consular services in the UAE. The system is designed to simplify applications, improve accessibility, and provide a smoother experience for Indian expatriates.

dot image
To advertise here,contact us
dot image