

ന്യൂഡല്‍ഹി: അയോധ്യ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്‌യുടെയും ട്രസ്റ്റി അനില്‍ മിശ്രയുടെയും രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്. ഔദ്യോഗികമായി രണ്ടുപേരും രാജിവെച്ചു എന്ന് ട്രസ്റ്റ് അറിയിച്ചു. ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി എന്നാണ് വിശദീകരണം. സുതാര്യവും സമഗ്രവുമായ അന്വേഷണം ഉറപ്പാക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ഭക്തര്‍ ഏല്‍പ്പിച്ച സ്വര്‍ണവും വെളളിയും സുരക്ഷിതമായി ഉണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാണെന്നും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. തെറ്റായ വിവരങ്ങള്‍ വിശ്വസിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ചമ്പത് റായ് രാജിവെച്ചിട്ടില്ലെന്ന് ട്രസ്റ്റ് അംഗം മഹന്ത് ദിനേന്ദ്ര ദാസ് പ്രതികരിച്ചിരുന്നു. ട്രസ്റ്റില്‍ നിന്ന് ആരും രാജിവെച്ചിട്ടില്ല എന്നും അത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റാണ് എന്നുമാണ് മഹന്ത് ദിനേന്ദ്ര ദാസ് പറഞ്ഞത്.
അയോധ്യ രാമക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയില്‍നിന്ന് കോടികള്‍ തട്ടിയെടുത്ത സംഭവം വിവാദമായതോടെയാണ് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് രാജിവെച്ചത്. ഭക്തര്‍ കാണിക്കയായി നല്‍കിയ 200 കോടിയോളം മൂല്യം വരുന്ന സ്വര്‍ണവും പണവുമടക്കം മോഷണം പോയ സംഭവത്തില്‍ അന്വേഷണം ക്ഷേത്രനടത്തിപ്പുകാരിലേക്ക് നീളുന്നതിനിടെയാണ് രാജിവെച്ചത്. സംഘപരിവാറിന്റെ ഉന്നത നേതാവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തതതതനുമാണ് ചമ്പത് റായ്. ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാമക്ഷേത്രത്തില്‍ കോടികളുടെ കൊളള നടന്നിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണത്തിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. എസ്‌ഐടി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ചമ്പത് റായ് രാജിവെച്ചത്.
ചമ്പത് റായ്‌യുടെ വിശ്വസ്തനായ ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടുപേരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭാവനയായി ലഭിക്കുന്ന പണം എണ്ണാന്‍ നിയോഗിച്ചിരുന്ന ആറ് ക്ഷേത്ര ജീവനക്കാരെ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. അവിനാശ് ശുക്ല, അനുകല്‍പ് മിശ്ര, ലവ്കുശ് മിശ്ര, മനീഷ് കുമാര്‍ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കര്‍ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാംശങ്കര്‍ യാദവ് എന്ന ടിന്നു എന്നിവരാണ് കേസിലെ പ്രതികള്‍. മോഷണം, ക്രിമിനല്‍ വിശ്വാസവഞ്ചന, അനധികൃത സ്വത്ത് സമ്പാദനം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവാണ് തട്ടിപ്പ് സംബന്ധിച്ച് ജൂണ്‍ ആറിന് ആരോപണമുയര്‍ത്തിയത്. പിന്നാലെ ചില ബിജെപി, വിശ്വഹിന്ദു പരിഷത്ത് നേതാക്കളും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. 2024 ജനുവരി 22-ന് രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിന് ശേഷം പ്രതികളില്‍ പലരുടെയും സാമ്പത്തിക സ്ഥിതി അതിവേഗം മറിയതും ചിലര്‍ പൊടുന്നനെ കോടീശ്വരന്മാരായതുമാണ് സംശയത്തിന് ഇടയാക്കിയത്. ചമ്പത് റായിയുമായി അടുത്ത ബന്ധമുളളവരുടെ ആസ്തിയും കുത്തനെ കൂടിയതായി കണ്ടെത്തിയെന്ന് എസ്‌ഐടിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ക്ഷേത്രത്തില്‍ ഏറെ നാളുകളായി തട്ടിപ്പ് നടക്കുന്നുണ്ടായിരുന്നുവെന്നും ബന്ധപ്പെട്ടവര്‍ അറിഞ്ഞിട്ടും ഉന്നത സ്വാധീനമുളളവര്‍ കൂടി ഉള്‍പ്പെട്ടതിനാല്‍ പുറത്തുപറയാന്‍ മടിച്ചതാണ് എന്നാണ് എസ്‌ഐടിയുടെ വിലയിരുത്തല്‍.
Content Highlights: Following widespread outrage and police action over the multi-crore Ram Temple donation embezzlement row, Shri Ram Janmabhoomi Teerth Kshetra Trust General Secretary Champat Rai and trustee Anil Mishra have resigned taking moral responsibility.