വർഷങ്ങൾക്ക് മുമ്പ് തുഷാറിനെ വിദേശത്ത് ജയിലിൽ പിടിച്ചിട്ടില്ലേ? ഓമനിക്കാനാണോ?, കട്ടിട്ടല്ലേ: KK മഹേശന്റെ ഭാര്യ

ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് അടിക്കുന്ന ആളാണ് വെള്ളാപ്പള്ളി നടേശൻ എന്നും ആരോപണം

വർഷങ്ങൾക്ക് മുമ്പ് തുഷാറിനെ വിദേശത്ത് ജയിലിൽ പിടിച്ചിട്ടില്ലേ? ഓമനിക്കാനാണോ?, കട്ടിട്ടല്ലേ: KK മഹേശന്റെ ഭാര്യ
dot image

ആലപ്പുഴ: കെ കെ മഹേശന്റെ മരണത്തില്‍ ആരോടും വൈരാഗ്യവും മമതയും കാട്ടാതെ സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് കെ കെ മഹേശന്റെ ഭാര്യ ഉഷാദേവി. നീതി കിട്ടണമെന്നും ആ വിശ്വാസത്തില്‍ മുന്നോട്ട് പോവുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര മന്ത്രിയെ കണ്ട് പരാതി നല്‍കുമെന്നും ഉഷാ ദേവി വ്യക്തമാക്കി.

കൊവിഡ് സമയത്ത് വെള്ളാപ്പള്ളിയുമായി സ്വരച്ചേര്‍ച്ചയുണ്ടായപ്പോള്‍ എന്തോ എഴുതുന്നത് കണ്ടിരുന്നു. എന്താണ് എഴുതിയതെന്ന് അറിയില്ലായിരുന്നു. പുസ്തകത്തിന്റെ രചനയിലാണെന്നാണ് കരുതിയത്. അന്ന് വെള്ളാപ്പള്ളിയെ കാണാന്‍ അദ്ദേഹം പോയിട്ടുണ്ട്. അത് കണ്ട ആളുകളുണ്ട്. അവരൊന്നും പുറത്ത് പറയാത്തത് പേടിച്ചിട്ടാണ്. അതില്‍ തെറ്റില്ല, എല്ലാവര്‍ക്കും വലുത് നിലനില്‍പ്പാണല്ലോ. വെള്ളാപ്പള്ളി അദ്ദേഹത്തെ മര്‍ദ്ദിച്ചിട്ടുണ്ട്. കാരണം ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് അടിക്കുന്ന ആളാണ് വെള്ളാപ്പള്ളി. പലരേയും ഉപദ്രവിക്കുന്നത് കണ്ടിട്ടുള്ള വ്യക്തിയാണ് കെ കെ മഹേശന്‍. അത് തന്നോട് പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു.

'വെള്ളാപ്പള്ളി അവാര്‍ഡ് വാങ്ങാന്‍ ഡല്‍ഹിയില്‍ എത്തിയപ്പോഴും മൈക്രോഫിനാന്‍സ് കേസും കെ കെ മഹേശന്റെ കേസുമാണ് അവിടെ ചോദ്യം ചെയ്യപ്പെട്ടത്. ലോകം മുഴുവനിത് ശ്രദ്ധിക്കുന്നുണ്ട്. തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത് കട്ടവനെ കള്ളനെന്ന് വിളിക്കണമെന്നാണ്. തീര്‍ച്ചയായും അതുവേണം. പക്ഷേ കട്ടവനെയാണ് വിളിക്കേണ്ടത്. അല്ലാതെ കെ കെ മഹേശനെ അല്ല. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ്, അന്ന് മഹേശന്‍ വെള്ളാപ്പള്ളിയുമായി ഓരം ചേര്‍ന്ന് നില്‍ക്കുന്നസമയത്താണ് തുഷാറിനെ വിദേശത്ത് ജയിലില്‍ പിടിച്ചിട്ടത്. അത് എന്തിനായിരുന്നു. ഓമനിക്കാന്‍ വേണ്ടിയിട്ടായിരുന്നോ, സത്യസന്ധമായ കാര്യത്തിനായിരുന്നോ, കട്ടിട്ടല്ലേ', ഉഷ ചോദിക്കുന്നു.

'ടോര്‍ച്ചര്‍ ചെയ്യുന്ന രീതിയിലാണ് മാരാരിക്കുളം പൊലീസ് സ്റ്റേഷനില്‍ നിന്നുണ്ടായത്. എന്നോടുപോലും സംശയാസ്പദമായ രീതിയിലാണ് ചോദിച്ചത്. കാരണം, അദ്ദേഹത്തിന്റെ ഫോണില്‍ 'My Teacher' എന്നാണ് എന്റെ പേര് സേവ് ചെയ്തിരുന്നത്. എന്റെ കോള്‍ കണ്ടാല്‍ എടുക്കണമെന്ന് കരുതിയാണ്. ഇത് സംഭവിക്കുന്നതിന് മുമ്പും എന്നെ വിളിച്ചിട്ട് ഉടന്‍ വരുമെന്നാണ് പറഞ്ഞത്. സംഭവമറിഞ്ഞ് ഞാന്‍ കുറേ തവണ വിളിച്ചിരുന്നു. പൊലീസ് വന്ന് ചോദ്യം ചെയ്തത്, 'My Teacher' ആരാണ്, അവരുടെ ഫോണില്‍ നിന്നാണല്ലോ കോളുകള്‍ വന്നത് എന്നാണ്. ആത്മഹത്യാ കുറിപ്പെല്ലാം കൈക്കലാക്കിയിട്ടാണ് പൊലീസ് ഇങ്ങനെ ചോദിച്ചത്', അവർ പറഞ്ഞു.

Content Highlights: Ushadevi wants Honest Probe Without Bias in KK Maheshan Death Case

dot image
To advertise here,contact us
dot image