'ഉപദേശകയായി മമതയ്ക്ക് തുടരാം'; പാർട്ടി പിടിക്കാൻ ഋതബത്ര, തൃണമൂലിന് പുതിയ ദേശീയ പ്രവർത്തക സമിതിയുമായി വിമതർ

അതേസമയം സിപിഐഎമ്മിൽ നിന്നും തൃണമൂലിലേക്ക് വന്ന ഋതബത്രയ്ക്കും കൂട്ടർക്കും പാർട്ടിയിൽ എന്ത് പ്രാധാന്യമാണുള്ളതെന്നാണ് ടിഎംസി എംപി സൗഗത റോയി ചോദിക്കുന്നത്

'ഉപദേശകയായി മമതയ്ക്ക് തുടരാം'; പാർട്ടി പിടിക്കാൻ ഋതബത്ര, തൃണമൂലിന് പുതിയ ദേശീയ പ്രവർത്തക സമിതിയുമായി വിമതർ
dot image

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമാകുന്നതിനിടയിൽ വിമത സംഘം പുതിയ പ്രവർത്തക സമിതി രൂപീകരിച്ചു. പാർട്ടി പിടിക്കാൻ ശക്തമായ നീക്കങ്ങളുമായി മുന്നോട്ടു പോവുകയാണ് പ്രതിപക്ഷ നേതാവ് ഋതബത്ര ബാനർജി. 30 അംഗങ്ങൾ ഉൾപ്പെടുന്ന ദേശീയ പ്രവർത്തക സമിതിയാണ് രൂപീകരിച്ചത്. നിലവിൽ അനൂപ് റോയിയെയാണ് ഇവർ ചെയർപേഴ്‌സണായി തെരഞ്ഞെടുത്തിരിക്കുന്നത്. പാർട്ടി ഘടനയിൽ മുൻമുഖ്യമന്ത്രി മമത ബാനർജിക്ക് ഉപദേശകയുടെ സ്ഥാനത്ത് തുടരാമെന്നാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്. നേതൃമാറ്റത്തില്‍ അവകാശവാദവുമായി വിമതർ തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. സംസ്ഥാന കമ്മിറ്റിയും, ജില്ലാ കമ്മിറ്റികളും പുനഃസംഘടിപ്പിക്കുമെന്നും വിമതപക്ഷം അറിയിച്ചിട്ടുണ്ട്.

'ഞങ്ങൾ നിരന്തരം മമത ബാനർജിയുടെ സ്ഥാനം എന്താണ് എന്നതിനെ കുറിച്ച് പറയുന്നുണ്ട്. ദീദി പാർട്ടിയുടെ ഉപദേശക എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് ഞങ്ങളെ നയിക്കണമെന്നാണ് ആഗ്രഹം', എന്നാണ് പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് കൂടിയായ ഋതബത്ര ബാനർജി പറയുന്നത്. അതേസമയം സിപിഐഎമ്മിൽ നിന്നും തൃണമൂലിലേക്ക് വന്ന ഋതബത്രയ്ക്കും കൂട്ടർക്കും പാർട്ടിയിൽ എന്ത് പ്രാധാന്യമാണുള്ളതെന്നാണ് ടിഎംസി എംപി സൗഗത റോയി ചോദിക്കുന്നത്.

സംഭവത്തിൽ ടിഎംസി നേതാവ് കുനാൽ ഘോഷ് ശക്തമായ ഭാഷയിൽ പ്രതികരിച്ചിട്ടുണ്ട്. പാർട്ടിയു പേരും ചിഹ്നവും വിമതർ ദുരുപയോഗം ചെയ്തുവെന്നും മമത ബാനർജിയുടെ നേതൃത്വത്തെ വഞ്ചിക്കുന്ന പ്രവർത്തികളാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ചില നേതാക്കൾ പല സമ്മർദങ്ങളുടെയും മേലാണ് പ്രവർത്തിക്കുന്നതെന്നും പാർട്ടി നേതൃത്വത്തിന് നേരെ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളെ ബംഗാൾ ജനത തള്ളിക്കളയുമെന്നും അദ്ദേഹം വാദിച്ചു. പാർട്ടി ഫണ്ടിലും സംഘടനയ്ക്കുള്ള വരുമാന സ്‌ത്രോതസുകളിലും അന്വേഷണം വേണമെന്ന ആവശ്യം ഋതബത്ര ഉയർത്തിയിരുന്നു. വിമത എംഎൽഎമാർ പാർട്ടി അക്കൗണ്ടിൽ നിന്നും പിൻവലിച്ച ഫണ്ടുകൾ തിരികെ നൽകണമെന്നാണ് ഇതിന് കുനാൽ ഘോഷ് മറുപടി നൽകിയത്. യാഥാർത്ഥ തൃണമൂൽ മമത ബാനർജിക്ക് ഒപ്പമില്ലെന്നാണ് വിമതർ അവകാശപ്പെടുന്നത്. മമത ബാനർജിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയും, അഭിഷേക് ബാനർജിയെ സസ്പെൻഡ് ചെയ്തും നോട്ടീസ് പുറത്തിറക്കിയിരുന്നു.

Content Highlights: Rebel members of the Trinamool Congress have formed a new national working committee and stated that Mamata Banerjee may continue as an advisor

dot image
To advertise here,contact us
dot image