സ്വർണവില കൂടിയതിനേക്കാള്‍ കുറഞ്ഞു: പവന് 1500 രൂപയില്‍ അധികം; പക്ഷെ ആശ്വാസം താത്കാലികം മാത്രമെന്ന്

സ്വർണാഭരണ പ്രേമികള്‍ക്ക് വലിയ ആശ്വാസമാണ് ഈ വിലക്കുറവ് സമ്മാനിക്കുന്നത്

സ്വർണവില കൂടിയതിനേക്കാള്‍ കുറഞ്ഞു: പവന് 1500 രൂപയില്‍ അധികം; പക്ഷെ ആശ്വാസം താത്കാലികം മാത്രമെന്ന്
അജ്മല്‍ എം കെ
3 min read|23 Jun 2026, 10:59 am
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് പവന് 1500 രൂപയില്‍ അധികും കുറഞ്ഞു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 190 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്നലത്തെ വിലയായ 13,565 രൂപയിൽ നിന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,375 രൂപയായി താഴ്ന്നു. ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 1,520 രൂപയുടെ കുറവാണ് ഇന്ന് വിപണിയിലുണ്ടായത്. ഇതോടെ പവന്‍ വില 1,07,000 രൂപയിലേക്ക് എത്തി. സാധാരണക്കാർക്കും സ്വർണാഭരണ പ്രേമികള്‍ക്കും വലിയ ആശ്വാസമാണ് ഈ വിലക്കുറവ് സമ്മാനിക്കുന്നത്.

വിവിധ കാരറ്റുകളിലുള്ള സ്വർണത്തിന്റെ വിലയിലും ഈ ഇടിവ് പ്രകടമാണ്. ഏറ്റവും ഉയർന്ന ശുദ്ധിയുള്ള 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 207 രൂപ കുറഞ്ഞ് 14,591 രൂപയിലെത്തി. ഇന്നലെ വില 14,798 രൂപയായിരുന്നു. കൂടാതെ, 18 കാരറ്റ് സ്വർണവിലയിലും വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഗ്രാമിന് 155 രൂപ കുറഞ്ഞ് 10,944 രൂപയായി. രാജ്യാന്തര വിപണിയിലെ വിലവ്യതിയാനങ്ങളും ആഗോള സാമ്പത്തിക ഘടകങ്ങളുമാണ് ആഭ്യന്തര വിപണിയിലും ഇത്തരമൊരു വിലക്കുറവിന് കാരണമായത്.

വിലയിലെ ഇടിവ് താൽക്കാലികമോ?

ആഗോള വിപണിയിൽ ഡോളർ കരുത്താർജ്ജിച്ചതും നിക്ഷേപകർ സുരക്ഷിത നിക്ഷേപങ്ങളിൽ നിന്ന് ലാഭമെടുപ്പ് (Profit booking) നടത്തിയതുമാണ് പെട്ടെന്നുള്ള ഈ ഇടിവിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ആഗോള വിപണിയിലെ ഈ പെട്ടെന്നുള്ള ഇടിവ് താൽക്കാലികം മാത്രമാണെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങളും വരാനിരിക്കുന്ന പണപ്പെരുപ്പ സൂചികകളും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.

അന്താരാഷ്ട്ര തലത്തിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള നിക്ഷേപകരുടെ തിരിച്ചുവരവ് ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ വരും ആഴ്ചകളിൽ വില വീണ്ടും ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു.

സുവർണ്ണാവസരം ആർക്ക്

കേരളത്തിൽ സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് ഈ വിലക്കുറവ് വലിയൊരു ആശ്വാസമാണ് നൽകുന്നത്. വില കുറയുന്ന പശ്ചാത്തലത്തിൽ, മുൻകൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ജ്വല്ലറികളിൽ രേഖപ്പെടുത്തുന്നത്. അതുപോലെ തന്നെ ഡിജിറ്റൽ സ്വർണത്തിലും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും (Gold ETF) നിക്ഷേപിക്കാൻ താല്പര്യപ്പെടുന്നവർക്കും, വിപണിയിലുണ്ടായ ഈ തിരുത്തൽ (Correction) ദീർഘകാല നിക്ഷേപത്തിനായുള്ള മികച്ചൊരു വാങ്ങൽ അവസരമായി മാറ്റാമെന്നും സാമ്പത്തിക വിദഗ്ദ്ധർ ഉപദേശിക്കുന്നു.

Content Highlights: Gold prices in Kerala have fallen by more than ₹1,500 per pavan, reversing part of the recent rally and offering temporary relief to buyers. However, analysts caution that the correction could be short-lived, as global bullion prices, central bank demand, geopolitical developments, and currency movements continue to influence the market.

dot image
To advertise here,contact us
dot image