

കൊല്‍ക്കത്ത: ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് ഓസ്‌ട്രേലിയന്‍ വിനോദസഞ്ചാരി. മാര്‍ക്കോ റോമസ് എന്ന വിദേശിയാണ് കൊല്‍ക്കത്തയില്‍ വെച്ച് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഒരു യുവാവ് വിനോദസഞ്ചാരിയെ കയ്യില്‍ പിടിച്ചുവെച്ച് കവിളില്‍ ചുംബിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. താന്‍ ഗേ അല്ലെന്നും ചുംബിക്കാന്‍ പറ്റില്ലെന്നും മാര്‍ക്കോ റോമസ് പറഞ്ഞിട്ടും യുവാവ് വിടാന്‍ തയ്യാറായില്ല. എന്തുകൊണ്ടാണ് ഇന്ത്യന്‍ യുവാക്കള്‍ എപ്പോഴും ചുംബനം ആവശ്യപ്പെടുന്നത് എന്ന ക്യാപ്ഷനോടെയാണ് മാര്‍കോ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.
'എന്നെ ഇവിടെ ചുംബിക്കൂ, ചുംബിക്കൂ' എന്ന് പറഞ്ഞുകൊണ്ട് യുവാവ് വിനോദസഞ്ചാരിയുടെ കയ്യില്‍ മുറുകെ പിടിക്കുകയായിരുന്നു. അസ്വസ്ഥനായ വിനോദസഞ്ചാരി ക്ഷമിക്കണം എനിക്കതിനാവില്ല എന്ന് മറുപടി നല്‍കി അവിടെ നിന്നും പോകാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ആ യുവാവ് പിടിവിടാതെ ചുംബിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ അവിടെനിന്നും രക്ഷപ്പെട്ട മാര്‍ക്കോ കഷ്ടം എന്നെക്കാള്‍ പ്രായംകുറഞ്ഞവരില്‍ നിന്നുപോലും പീഡനം നേരിടേണ്ടിവരുന്നു എന്ന് പറയുന്നതും വീഡിയോയില്‍ കാണാം.
ലക്ഷക്കണക്കിന് പേരാണ് ഇതിനകം വീഡിയോ കണ്ടത്. ആ യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ കൊല്‍ക്കത്ത പൊലീസിനെ വീഡിയോയ്ക്ക് താഴെ ടാഗ് ചെയ്തിട്ടുണ്ട്. ഇത്തരം പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്നും ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണംകെടുത്തുന്ന നടപടിയാണ് യുവാവില്‍ നിന്ന് ഉണ്ടായതെന്നും ചിലര്‍ കുറിച്ചു. ഭൂരിഭാഗം ഇന്ത്യക്കാരും നല്ലവരാണെന്നും ഇത്തരം സ്വഭാവക്കാരല്ലെന്നും മറ്റുചിലര്‍ കുറിച്ചു. വിനോദസഞ്ചാരിയെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തി. ഇന്ത്യയിലെ നല്ല സ്ഥലങ്ങളിലേക്ക് പോകുന്നതിന് പകരം കൂടുതല്‍ ലൈക്കുകള്‍ക്കായി മനഃപ്പൂര്‍വ്വം മോശം സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുകയാണ് എന്നാണ് വിമര്‍ശനം.
Content Highlights: A man was seen following and harassing an Australian tourist in Kolkata asking for kiss