

മുംബൈ: ശിവസേന ഉദ്ധവ് വിഭാഗത്തിലെ വിമത എംപിമാര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തി രാജ്യസഭ എംപി സഞ്ജയ് റാവത്ത്. വാര്‍ത്താസമ്മേളനത്തിന് ഇടയില്‍ നിയന്ത്രണം വിട്ട അദ്ദേഹം എംപിമാര്‍ക്ക് എതിരെയുള്ള തന്റെ പരാമര്‍ശങ്ങള്‍ സെന്‍സര്‍ ചെയ്യരുതെന്നും മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. എംപിമാരായ അരവിന്ദ് സാവന്ത്, അനില്‍ ദേശായ് എന്നിവര്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.
പാര്‍ട്ടി വിട്ടുപോകാന്‍ തീരുമാനിച്ചവര്‍ രാജിവെച്ചിട്ട് വേണം പോകാനെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശേഷം വീണ്ടും ജനവിധി തേടണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിൽ നിന്നും കൂറുമാറിയവർ സത്യസന്ധത ഇല്ലാത്തവരാണെന്നും അതവരുടെ രക്തത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ആര്‍ക്കെങ്കിലും പോകണമെങ്കില്‍, അവര്‍ക്ക് രാജിവെച്ചിട്ട് പോകാം. ഞങ്ങളുടെ എംപിമാരെ കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാജമാണെങ്കില്‍, അവര്‍ തന്നെ അത് നിഷേധിച്ച് രംഗത്തെത്തണം, ഇത്തവണ മഹാരാഷ്ട്രയിലെ ജനങ്ങള്‍ നിശബ്ദമായിരിക്കില്ല'- റാവത്ത് പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തിന്റെ കഠിനപ്രയ്തനമാണ് എംപിമാരുടെ തെരഞ്ഞെടുപ്പ് വിജയമെന്നും വഞ്ചന കാട്ടിയാല്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും റാവത്ത് വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നല്‍കി.
എംപിമാര്‍ക്ക് കനത്ത ഒരു തുക തന്നെ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അതിനെ സംബന്ധിച്ചുള്ള വിവരം ലഭിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. ഓരോ എംപിമാര്‍ക്കും 15 കോടി വീതം ലഭിച്ചുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിന് ശേഷമാണ് അവര്‍ നാദേഡ്, പൂനെ എന്നിവിടങ്ങളില്‍ നിന്നും ചാര്‍ട്ടേര്‍ഡ് വിമാനം പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക്‌സഭ സ്പീക്കര്‍ക്ക് അരവിന്ദ് സാവന്ത് കത്ത് നല്‍കിയിട്ടുണ്ടെന്നും റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം വിളിച്ച യോഗത്തില്‍ എംപിമാരെല്ലാം പങ്കെടുത്തിരുന്നെന്നും അദ്ദേഹം പറഞ്ഞു. സായിബാബയെ മുതല്‍ സ്വന്തം അമ്മയെ വരെ പിടിച്ച് എംപിമാര്‍ തങ്ങള്‍ക്ക് ഒപ്പമാണെന്ന് സത്യം ചെയ്തിരുന്നുവെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 18ന് ഡല്‍ഹിയിലെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ ശിവസേന ഉദ്ധവ് വിഭാഗം ലോക്‌സഭ എംപിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
Content Highlights:Sanjay Raut has strongly criticised rebel MPs and called on those who left the party to resign from their positions. His remarks come amid ongoing political tensions and internal disputes, adding to the debate surrounding party loyalty and defections