

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയുടെ മുന്നോടിയായി ടെലഗ്രാം ആപ്പിന്റെ പ്രവര്‍ത്തനത്തിന് രാജ്യത്ത് താല്‍ക്കാലിക വിലക്കേർപ്പെടുത്തിയതിനെ പരിഹസിച്ച് ടെലഗ്രാം. ടെലഗ്രാം താല്‍ക്കാലികമായി നിര്‍ത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം പങ്കുവെച്ച പോസ്റ്റിന് താഴെ ടെലഗ്രാം ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നിന്നും കമന്റ് അയച്ചായിരുന്നു പരിഹാസം.
'മോഷണം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ നിങ്ങള്‍ എല്ലാ ഷോപ്പിങ് മാളുകളും അടച്ചിടൂ, വേഗതയില്‍ വാഹനം ഓടിക്കുന്നതിനാല്‍ റോഡുകള്‍ അടച്ചിടൂ' എന്നായിരുന്നു പരിഹാസം. ടെലഗ്രാം നിരോധിക്കുന്നതാണോ നീറ്റ് പരീക്ഷ ചോരാതിരിക്കാനുള്ള മാസ്റ്റര്‍ സ്‌ട്രോക്ക് എന്നായിരുന്നു കാര്‍ത്തിയുടെ പോസ്‌റ്.
അതേസമയം ടെലഗ്രാം വിലക്കിനെതിരെ ആപ്പിന്റെ സ്ഥാപകന്‍ പാവല്‍ ദുറോവും രംഗത്തത്തി. ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ബാധിക്കുന്ന വിഷയമാണിതെന്നും അടിസ്ഥാന പ്രശ്നം തിരിച്ചറിയാതെയുള്ള നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു. വിലക്ക് കൊണ്ട് ചോദ്യപേപ്പര്‍ ചോര്‍ച്ച നില്‍ക്കില്ല. സംവിധാനത്തിന് ഉള്ളിലുള്ളവര്‍ മറ്റ് പ്ലാറ്റ്ഫോമുകളിലൂടെ നീക്കം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിലക്ക് ഇന്ത്യയിലെ 150 ദശലക്ഷത്തിലധികം ഉപയോക്താക്കളെയാണ് ബുദ്ധിമുട്ടിക്കുന്നതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായാണ് ഇന്ത്യയിലുടനീളം ടെലഗ്രാമിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഐടി മന്ത്രാലയം ഉത്തരവിട്ടത്. ജൂണ്‍ 22 വരെയാണ് നിയന്ത്രണം. എന്‍ടിഎ പുറത്തിറക്കിയ പ്രസ്താവനയിലാണ് ടെലഗ്രാമിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയത് അറിയിച്ചത്. തട്ടിപ്പ് സംഘങ്ങളുടെ ചൂഷണം തടയാനാണ് ഈ നടപടി സ്വീകരിച്ചതെന്ന് എന്‍ടിഎ പ്രസ്താവനയില്‍ പറയുന്നു. ജൂണ്‍ 30 വരെ ടെലഗ്രാമിന്റെ മെസേജ് തിരുത്തുന്ന ഫീച്ചറും ഡിസബിള്‍ ആക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ടെലഗ്രാം മെസേജ് എഡിറ്റിങ് ഫീച്ചര്‍ ഉപയോഗിച്ച് വസ്തുതാവിരുദ്ധമായ തെളിവുകള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് എന്‍ടിഎ പറയുന്നത്. ചാനലിന്റെ അഡ്മിന്മാര്‍ക്ക് പഴയ പോസ്റ്റുകള്‍ എഡിറ്റ് ചെയ്യാന്‍ പറ്റുമെന്നും പരീക്ഷ എഴുതിയതിന് ശേഷം ചോദ്യ പേപ്പറുകള്‍ അറ്റാച്ച് ചെയ്ത് ഈ പോസ്റ്റുകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്നുവെന്നും എന്‍ടിഎ പറയുന്നു.
ജൂണ്‍ 21-നാണ് നീറ്റ് പുനപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ത്തി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയതില്‍ രാജ്യത്തുടനീളം വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
Content Highlights: Telegram has reportedly reacted with sarcasm after its app faced a temporary restriction ahead of the NEET re-exam