രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ഉടന്‍; ചരിത്രം സൃഷ്ടിച്ച് ജിയോ ഈയാഴ്ച്ച എത്തുമോ?

ഏകദേശം 4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഈ ഓഹരി വില്‍പ്പന ഇന്ത്യയിലെ ഏറ്റവും വലിയ പൊതു ഓഹരി സമാഹരണങ്ങളിലൊന്നായിരിക്കും

രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ഉടന്‍; ചരിത്രം സൃഷ്ടിച്ച് ജിയോ ഈയാഴ്ച്ച എത്തുമോ?
dot image

ഇന്ത്യന്‍ പ്രാഥമിക വിപണിയില്‍ ചരിത്രം സൃഷ്ടിക്കാന്‍ റിലയന്‍സ് ജിയോ ഐപിഒ വരുന്നു. കരട് രേഖകള്‍ ഉടന്‍ സെബിക്ക് സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂണ്‍ 19ന് കമ്പനിയുടെ വാര്‍ഷിക പൊതുയോഗം നടക്കും. യോഗത്തില്‍ ഓഹരി ഉടമകളെ അഭിസംബോധന ചെയ്യുന്നതിന് മുന്‍പായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ജിയോയുടെ ഐപിഓ കരട് രേഖ സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏകദേശം 4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഈ ഓഹരി വില്‍പ്പന ഇന്ത്യയിലെ ഏറ്റവും വലിയ പൊതു ഓഹരി സമാഹരണങ്ങളിലൊന്നായിരിക്കും. ഇത് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയുടെ 3.3 ബില്യണ്‍ ഡോളര്‍ ഐപിഓയെ മറികടന്ന് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വിപണി ലിസ്റ്റിങ്ങായി മാറുമെന്നാണ് പ്രതീക്ഷ.

2025-ലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാര്‍ഷിക പൊതുയോഗത്തില്‍, ദീര്‍ഘകാലമായി കാത്തിരിക്കുന്ന ജിയോ ഐപിഓ 2026-ന്റെ ആദ്യ പകുതിയില്‍ നടത്തുമെന്ന് മുകേഷ് അംബാനി സൂചിപ്പിച്ചിരുന്നു. എന്നാല്‍ നിശ്ചയിച്ച സമയപരിധിക്ക് പിന്നാലെയായാണ് ഇപ്പോള്‍ ഐപിഓ നടപടികള്‍ പുരോഗമിക്കുന്നത്.

ഓഫര്‍ ഫോര്‍ സെയില്‍ മാതൃകയില്‍ നിന്ന് മാറി, പുതിയ ഓഹരികള്‍ പുറത്തിറക്കുന്ന രീതിയിലേക്കാണ് റിലയന്‍സ് ജിയോയുടെ ഐപിഒ ഘടന മാറ്റാന്‍ പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിലൂടെ സമാഹരിക്കുന്ന തുകയുടെ വലിയൊരു ഭാഗം നേരിട്ട് ജിയോയ്ക്ക് ലഭിക്കുകയും കമ്പനിയുടെ പ്രവര്‍ത്തന വിപുലീകരണത്തിനും ഭാവി വളര്‍ച്ചാ പദ്ധതികള്‍ക്കുമായി വിനിയോഗിക്കാനും സാധിക്കും.

ജിയോ ഇന്‍ഫോകോം

റിലയന്‍സ് ജിയോ ഇന്‍ഫോകോം 2016 സെപ്റ്റംബര്‍ 5നാണ് വാണിജ്യാടിസ്ഥാനത്തില്‍ സേവനം ആരംഭിച്ചത്. സൗജന്യ വോയ്സ് കോളുകളും കുറഞ്ഞ നിരക്കിലുള്ള 4ജി ഡാറ്റാ പ്ലാനുകളും അവതരിപ്പിച്ച ജിയോ ഇന്ത്യന്‍ ടെലികോം മേഖലയെ തന്നെ മാറ്റിമറിച്ചു. ജിയോയുടെ വരവിന് മുമ്പ് മൊബൈല്‍ ഡാറ്റാ സേവനങ്ങള്‍ താരതമ്യേന ചെലവേറിയതായിരുന്നു. മാത്രമല്ല, ഇന്റര്‍നെറ്റ് ഉപയോഗം പരിമിതമായിരുന്നു. കുറഞ്ഞ ചെലവില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കിയതിലൂടെ ജിയോ ലക്ഷക്കണക്കിന് ആളുകളെയാണ് ഇന്റര്‍നെറ്റ് ഉപയോഗത്തിലേക്ക് എത്തിച്ചത്. ഡിജിറ്റല്‍ സേവനങ്ങളുടെ വ്യാപനം വേഗത്തിലാക്കുകയും ഗ്രാമീണ മേഖലകളടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്റര്‍നെറ്റ് ലഭ്യത വ്യാപിപ്പിക്കുകയും ചെയ്യുന്നതില്‍ ജിയോ നിര്‍ണായക പങ്കുവഹിച്ചു. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളിലൊന്നാണ് ജിയോ.

Content Highlights: Reliance Jio is reportedly shifting its IPO structure from an offer-for-sale to a fresh issue model, ensuring funds are directly invested in its growth plans. The move comes ahead of its highly anticipated market debut, which could be one of India’s largest listings

dot image
To advertise here,contact us
dot image