PMശ്രീ:കഴിഞ്ഞ സർക്കാർ ആരുമറിയാതെ ഒപ്പിട്ട പദ്ധതി;എന്ത് ചെയ്യണമെന്ന് ഉപസമിതിയിൽ തീരുമാനിക്കും: രമേശ് ചെന്നിത്തല

ഷിനു ചൊവ്വയുടെ നിയമനം റദ്ദാക്കിയതിലും രമേശ് ചെന്നിത്തല പ്രതികരിച്ചു

PMശ്രീ:കഴിഞ്ഞ സർക്കാർ ആരുമറിയാതെ ഒപ്പിട്ട പദ്ധതി;എന്ത് ചെയ്യണമെന്ന് ഉപസമിതിയിൽ തീരുമാനിക്കും: രമേശ് ചെന്നിത്തല
dot image

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ പ്രതികരിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞ സര്‍ക്കാര്‍ ആരോരുമറിയാതെ ഒപ്പിട്ട പദ്ധതിയാണിതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭാ ഉപസമിതി ഒരുതവണ പോലും കൂടിയില്ലെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. തങ്ങള്‍ എന്ത് ചെയ്യണമെന്ന് ഉപസമിതി കൂടി തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഷിനു ചൊവ്വയുടെ നിയമനം റദ്ദാക്കിയതിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. അനര്‍ഹരായ ആളുകള്‍ക്ക് നിയമനം നല്‍കിയെന്ന് പരാതി ലഭിച്ചു. ഇന്ന് പരിശീലനം തുടങ്ങേണ്ടതായിരുന്നു. അത് നിര്‍ത്തിവെയ്ക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അര്‍ഹതയില്ലാത്തവരെ എസ്‌ഐയാക്കാന്‍ പാടില്ല. യോഗ്യതയില്ലാത്തവരുടെ നിയമനം നടത്തുന്നത് ശരിയല്ല. റിപ്പോര്‍ട്ട് കിട്ടിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഫയര്‍ഫോഴ്‌സ് സേവനം തൃപ്തികരമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പുതുതായി 1000 ഹോം ഗാര്‍ഡുകളെ നിയമിക്കും. ഹോം ഗാര്‍ഡിനായി വിമുക്ത ഭടന്മാരെ പരിഗണിക്കും. റെസിഡന്റ്സ് അസോസിയേഷനുകള്‍ക്കും സ്‌കൂളുകള്‍ക്കും പരിശീലനം നല്‍കും. ദുരന്തങ്ങള്‍ അതിജീവിക്കുന്നതിന് വേണ്ടിയാണിത്. നീന്തല്‍ പരിശീലനവും ഉറപ്പുവരുത്തുമെന്നും ഫയര്‍ ഫോഴ്‌സ് പ്രവര്‍ത്തനം ആധുനികവത്കരിക്കാന്‍ കര്‍മപദ്ധതി ആരംഭിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'ഫയര്‍ ഫോഴ്സിനെതിരെ ഒരു പരാതിയും ഉയര്‍ന്നുവന്നിട്ടില്ല. പ്രൊഫഷണലി നവീകരിക്കാനുള്ള പ്രവര്‍ത്തനമുണ്ടാകും. ഫയര്‍ ഫോഴ്‌സ് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും. ജനങ്ങള്‍ ഫയര്‍ ഫോഴ്‌സുമായി സഹകരിക്കണം. ഫയര്‍ ഫോഴ്സിന് കൂടുതല്‍ തസ്തികകള്‍ വേണം. മുന്‍ഗണന തീരുമാനിക്കാന്‍ ഫയര്‍ഫോഴ്‌സ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും അത്യാവശ്യ സ്ഥലങ്ങളില്‍ ഫയര്‍മാന്മാരെയും സ്റ്റേഷനുകളും അനുവദിക്കും. കാട്ടുതീ തടയുന്നതിന് വനം വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. വനംമന്ത്രിയുമായി ഇക്കാര്യം സംസാരിക്കും', രമേശ് ചെന്നിത്തല പറഞ്ഞു.

Content Highlights: Senior Congress leader Ramesh Chennithala has commented on the PM SHRI scheme controversy

dot image
To advertise here,contact us
dot image