

മസൂറി: ഡല്‍ഹിയിലെ ഐടി കമ്പനിയില്‍ ജോലിചെയ്തിരുന്ന യുവ എന്‍ജിനീയറിനെ മുസൂറിയിലെ ഹോംസ്റ്റേയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ്. ഗുരുഗ്രാമിലെ ഐടി സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന പി. രാധ ഗായത്രിയെ (27) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനൊപ്പം അവധിയാഘോഷിക്കാനെത്തിയതായിരുന്നു രാധ. ഭര്‍ത്താവ് സൗമ്യ ശ്രീചരണും പൂനെയിലെ ഒരു ഐടി മേഖലയില്‍ ജോലി ചെയ്യുകയാണ്.
ജുണ്‍ 13നാണ് രാധയും ഭര്‍ത്താവ് സൗമ്യ ശ്രീചരണും ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലെ മസൂറിയിലേക്ക് യാത്ര തിരിച്ചത്. 14ന് രാത്രി 11.30 ഓടെ ഇവര്‍ മസൂറിലെ ഹോംസ്റ്റേയില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ രാത്രിയില്‍ മദ്യപിച്ച ശേഷം പുലര്‍ച്ചെ 3:30 ഓടെ ഉറങ്ങാന്‍ കിടന്നു. തിങ്കളാഴ്ച രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ഭാര്യയെ നഗ്നയായും മൂക്കില്‍ നിന്ന് രക്തം ഒഴുകുന്ന നിലയില്‍ അനക്കമില്ലാതെയും കണ്ടെത്തുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞ വിവരം.
തിങ്കളാഴ്ച രാവിലെ ഹോംസ്റ്റേയില്‍ ഒരു സ്ത്രീ പ്രതികരിക്കുന്നില്ലെന്ന വിവരം ലഭിച്ചതോടെ ആംബുലന്‍സുമായി മസൂറി പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. രാധയെ പരിശോധിച്ച ശേഷം സംഭവസ്ഥലത്ത് തന്നെ രാധ മരിച്ചിരുന്നതായും പൊലീസ് അറിയിച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നു രാധയുടെ മൃതദേഹമെന്നും ബെഡ്ഷീറ്റില്‍ രക്തക്കറകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസിന്റെ പ്രസ്താവനയില്‍ പറയുന്നു. മുറിയില്‍ നിന്ന് രണ്ട് ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണ സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്.
2025 നവംബര്‍ 8നാണ് രാധയും ഭര്‍ത്താവ് സൗമ്യ ശ്രീചരണും വിവാഹിതരായത്. ഇരുവരും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശികളാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി ഡെറാഡൂണിലെ കൊറോണേഷന്‍ ആശുപത്രിയിലേക്ക് അയച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടത്തുന്നത് ക്യാമറയില്‍ പകര്‍ത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Mussoorie-Young engineer found dead during holiday trip with husband