

വാഷിങ്ടൺ: ഇറാന്‍-യുഎസ് സമാധാന കരാറിന് പിന്നാലെ ആഗോള എണ്ണവിലയില്‍ വന്‍ ഇടിവ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 79.88 ഡോറളിലെത്തി. മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് എണ്ണവില ഇത്രയും കുറയുന്നത്. സമാധാന കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയില്‍ 5 ശതമാനത്തിന്റെ ഇടിവ് വന്നിരുന്നു. 82 ഡോളറായിരുന്നു ഒരു ബാരലിന് വില. ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി തുറന്ന്് നല്‍കുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് എണ്ണവിലയില്‍ മാറ്റം വന്നത്.
മൂന്ന് മാസത്തോളം നീണ്ടുനിന്ന സംഘര്‍ഷങ്ങള്‍ക്ക് ഒടുവിലാണ് ഇറാന്‍-യുഎസ് സമാധാന കരാറിന് ധാരണയായത്. കരാറില്‍ ഒപ്പുവെയ്ക്കുമെന്ന് ഇരുരാജ്യങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇറാന്‍ ആണവായുധം നിര്‍മ്മിക്കില്ലെന്നും പ്രതിസന്ധികള്‍ ഇതോടെ അവസാനിച്ചെന്നും ട്രംപ് അറിയിച്ചിരുന്നു.
ഇറാന്‍-യുഎസ് കരാര്‍ ധാരണയില്‍ എത്തിയെങ്കിലും ഇസ്രയേല്‍-ലെബനന്‍ പ്രതിസന്ധി തുടരുകയാണ്. ലെബനനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇറാന്‍ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പിന്നാലെ ഡോണള്‍ഡ് ട്രംപും ഇസ്രയേലിനോട് സംമ്യമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവാദിത്വത്തോടെ പെരുമാറമെന്നും ട്രംപ് പറഞ്ഞു. ബെയ്‌റുട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ദുഷ്ടമായ പ്രവര്‍ത്തിയെന്ന് പറഞ്ഞാണ് ട്രംപ് പ്രതികരിച്ചത്. അമേരിക്ക ഇസ്രയേലിനായി ചെയ്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പ്രതികരണം.
ലെബനനിലെ ഇസ്രായേല്‍ സാന്നിധ്യം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തിയിരുന്നു. ഇറാനുമായുള്ള യുദ്ധാവസാന കരാറിന്റെ ഭാഗമായി ലെബനനിലെ ഇസ്രായേല്‍ സൈനിക സാന്നിധ്യം അവസാനിക്കണമെന്നാണ് ഇറാൻ ആവശ്യപ്പെട്ടത്.
Content Highlights: Global crude oil prices witnessed a sharp decline following developments in the Iran-US agreement. Brent crude fell to $79.88 per barrel, raising hopes of relief in fuel and energy markets