

കണ്ണുചിമ്മാതെ, ഉറക്കമിളച്ച് ഇങ്ങകലെ കേരളത്തിലെയടക്കം ഫുട്ബാൾ ഫാൻസ് കാത്തിരുന്ന പന്തുകളി രാവുകൾ വീണ്ടുമെത്തിക്കഴിഞ്ഞു. വടക്കേ അമേരിക്കൻ മണ്ണിൽ 2026 ലോകകപ്പിന്റെ പന്തുരുണ്ടുതുടങ്ങിയതോടെ തട്ടുകടകളിലും കവലകളിലുമെല്ലാം ചർച്ചകൾക്ക് ചൂടുപിടിച്ചിരിക്കുന്നു.
മറ്റു പല വമ്പൻ ടീമുകളും ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ ആദ്യ പോരാട്ടങ്ങൾ കളിച്ച് തീർത്തിട്ടും, നീലയും വെള്ളയും നെഞ്ചിലേറ്റിയ 'മെസ്സിപ്പട'യുടെ ആരാധകർക്ക് ഈ ദിവസങ്ങൾ ഒരു യുഗത്തോളം നീണ്ടതായിരുന്നു.
ചിരവൈരികളായ ബ്രസീൽ ആരാധകർ ആദ്യ മത്സരത്തിന്റെ സമനിലപ്പതർച്ചയിൽ നടുങ്ങി നിൽക്കുമ്പോൾ, അർജന്റീന ഫാൻസ് അക്ഷമയുടെ നെറുകയിൽ തങ്ങളുടെ സുൽത്താന്റെ വരവിനായി ദിവസങ്ങൾ എണ്ണിത്തീർക്കുകയാണ്. കവലകളിൽ ഉയർത്തിയ കൂറ്റൻ കട്ടൗട്ടുകളിലേക്കും തോരണങ്ങളിലേക്കും നോക്കി, "നമ്മുടെ കളി എന്നാണ്?" എന്ന് ചോദിച്ച് അക്ഷമയോടെ കാത്തിരുന്ന ആ രാവുകൾക്ക് ഇനി വിരാമം.

എങ്കിലും, 2022ൽ ഖത്തറിൽ സൗദി അറേബ്യ തന്ന ആ ആദ്യ മത്സരത്തിലെ ഞെട്ടിക്കുന്ന തോൽവി ഇന്നും ഓരോ ആരാധകന്റെയും മനസ്സിൽ ജാഗ്രതയായി, പേടി സ്വപ്നമായി അവശേഷിക്കുന്നുണ്ട്. കഴിഞ്ഞ തവണത്തെ ആ വലിയ പാഠം മനസ്സിൽ വെച്ച്, കൂടുതൽ കരുത്തോടെ ഇത്തവണ സ്കലോണിയും സംഘവും കളം നിറയണമെന്നതിൽ കവിഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. ജൂൺ 17-ന് അൽജീരിയക്കെതിരെ ആൽബിസെലസ്റ്റുകൾ ബൂട്ടുകെട്ടുമ്പോൾ ഈ നാട് വീണ്ടും ഉറക്കമൊഴിക്കും. കാൻസാസ് സിറ്റിയിൽ നിന്ന് ആ നീലവെളിച്ചം പടരാനുള്ള കാത്തിരിപ്പാണ് ബാക്കി…
മെസ്സിക്കൊരു കപ്പ് കൂടി
സൗദി തന്ന മുറിവുകൾ ഉണക്കി ഖത്തറിൽ മുത്തമിട്ട സ്വപ്ന കിരീടത്തിന്റെ തിളക്കവുമായി മെസ്സിയും കൂട്ടരും വീണ്ടുമെത്തുമ്പോൾ മലയാളികൾക്കത് വെറുമൊരു കളി മാത്രമല്ല, ഹൃദയമിടിപ്പിന്റെയും വികാരങ്ങളുടെയും ഒരു വല്ലാത്ത ലോകമായിരിക്കും ഇത്തവണയും സമ്മാനിക്കുക.
ഇത്തവണയെങ്കിലും വിരമിക്കുമോഡേയ്! (അസൂയാലുക്കൾ പറയുന്നത്)
വിരമിക്കുന്ന മെസ്സിക്ക് ഒരു കപ്പ് വേണമെന്നത് ഖത്തറിൽ ശിഷ്യൻമാർ സാധിച്ചെടുത്ത പോലെ ഇത്തവണയും വേണമെന്നത് അതിമോഹമല്ലേ എന്ന് മറ്റ് പ്രബല ടീമുകളുടെ ഫാൻസുകാർ ഇടക്കിടെ അടിച്ചുവിടുന്നത് അസൂയ കൊണ്ടാണെന്ന് പ്രതിരോധിക്കുകയാണ് അർജൻ്റീനയുടെ ആരാധകക്കൂട്ടം.
പതിവുപോലെ ചിരവൈരികളായ ബ്രസീലിന്റെ മത്സരത്തോടെ കേരളത്തിലെ ഫാൻസ് പോര് മുറുകിക്കഴിഞ്ഞു. തങ്ങളുടെ ആദ്യ മത്സരത്തിൽ മൊറോക്കോയോട് 1-1 എന്ന സ്കോറിന് സമനില വഴങ്ങി കാനറികൾ പതറിയപ്പോൾ, സോഷ്യൽ മീഡിയയിൽ അർജന്റീന ആരാധകരുടെ ആഹ്ലാദം അണപൊട്ടി ഒഴുകുകയാണ്. തോൽക്കാതെ രക്ഷപ്പെട്ടതിൽ നിങ്ങൾ ആശ്വസിച്ചോളൂ ബ്രസീലുകാരേ എന്ന അർജൻ്റീനക്കാരുടെ ആഹ്ലാദത്തിനിടയിലും ഒരു ചെറിയ ആശങ്കയുടെ നിഴൽ ഓരോ അർജന്റീന ആരാധകന്റെയും മനസ്സിലുണ്ടാകും.
കാരണം മറ്റൊന്നുമല്ല, കഴിഞ്ഞ ഖത്തർ ലോകകപ്പിലെ ആദ്യ മത്സരം ആരും അത്ര പെട്ടെന്ന് മറക്കില്ലല്ലോ! സൗദി അറേബ്യയോട് 2-1 ന് അപ്രതീക്ഷിതമായി ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ ആ കറുത്ത ദിനം. അവിടെനിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്നാണ് ലയണൽ മെസ്സിയും പിള്ളേരും ഒടുവിൽ ആ സ്വർണ്ണക്കപ്പിൽ ഒരു സ്വപ്നം പോലെ മുത്തമിട്ടത്.

ആദ്യ അങ്കം: എതിരാളികൾ ആര്?
ഇന്ത്യൻ സമയം ജൂൺ 17, ബുധനാഴ്ച്ച പുലർച്ചെ 6:30-ന് മിസോറിയിലെ കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ അർജന്റീന നേരിടുന്നത് ആഫ്രിക്കൻ കരുത്തരായ അൽജീരിയയെയാണ്.
നിലവിലെ ഫോമും ലയണൽ മെസ്സി എന്ന മാന്ത്രികന്റെ സാന്നിധ്യവും കണക്കിലെടുക്കുമ്പോൾ ആദ്യ മത്സരത്തിൽ അർജന്റീനയ്ക്ക് തന്നെയാണ് പൂർണ വിജയസാധ്യത കൽപ്പിക്കപ്പെടുന്നത്.
അർജന്റീനയുടെ ഇതുവരെയുള്ള നേട്ടങ്ങൾ
ലോകകപ്പ് കിരീടങ്ങൾ (3 തവണ):
1978: സ്വന്തം മണ്ണിൽ നെതർലൻഡ്സിനെ തകർത്ത് ആദ്യ കിരീടം. ഒരേ ലോകകപ്പിൽ തന്നെ കിരീടം, ഗോൾഡൻ ബൂട്ട്, ഗോൾഡൻ ബോൾ എന്നിവ ഒന്നിച്ച് സ്വന്തമാക്കിയ മൂന്ന് കളിക്കാരിൽ ഒരാളായ മാരിയോ കെമ്പസ് എന്ന മാസ്മരിക താരത്തിൻ്റെ പ്രകടനമായിരുന്നു ആദ്യ കിരീടത്തിലേക്ക് നയിച്ചത്. (മറ്റു രണ്ടുപേർ ബ്രസീൽ ഇതിഹാസം ഗാരിഞ്ചയും ഇറ്റലിയുടെ പൗലോ റോസിയുമാണ്). മനുഷ്യാവകാശ ലംഘനങ്ങളും ഭരണകൂട അടിച്ചമർത്തലുകളും മൂലം അർജൻ്റീനൻ ജനത വീർപ്പുമുട്ടിയിരുന്ന കാലത്തെ വലിയ സന്തോഷമായിരുന്നു ഈ വിശ്വവിജയം.
1986: ഡീഗോ മറഡോണ എന്ന ഇതിഹാസത്തിന്റെ ഒറ്റയാൾ പോരാട്ടത്തിൽ പശ്ചിമ ജർമ്മനിയെ വീഴ്ത്തി മെക്സിക്കോയിൽ രണ്ടാം കിരീടം. മറഡോണയുടെ 'ദൈവത്തിൻ്റെ കയ്യൊപ്പ്' പതിഞ്ഞ കുപ്രസിദ്ധ ഗോളും… ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ നൂറ്റാണ്ടിൻ്റെ ഗോളും കൊണ്ട് ഏറെ സെൻസേഷനലായ വിജയം.
2022: ഖത്തറിന്റെ മണ്ണിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി മെസ്സിയുടെ നേതൃത്വത്തിൽ മൂന്നാം സ്വർണക്കപ്പ്.
റണ്ണേഴ്സ് അപ്പ് (3 തവണ): മൂന്ന് തവണ കിരീടത്തിനരികെ എത്തി അവർക്ക് കണ്ണീരോടെ മടങ്ങേണ്ടി വന്നിട്ടുണ്ട്— 1930 (ആദ്യ ലോകകപ്പ് ഫൈനലിൽ ഉറുഗ്വേയോട്), 1990 (ജർമനിയോട്), 2014 (ബ്രസീലിൽ വെച്ച് ജർമ്മനിയോട് അധികസമയത്തേറ്റ തോൽവി).
2014 ലോകകപ്പിൽ ലയണൽ മെസ്സി ബ്രസീൽ മണ്ണിൽ അത്ഭുത പ്രകടനമാണ് നടത്തിയത്. മെസ്സിയുടെ ചിറകിലേറി ഫൈനലിലേക്ക് കുതിച്ചെങ്കിലും ഫൈനലിൽ ജർമനിയോട് ഒരു ഗോളിന് തോൽവി വഴങ്ങിയത് നിരാശ സമ്മാനിച്ചു. 2018 ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ തന്നെ പുറത്താകാനായിരുന്നു വിധി.

ലോകകപ്പ് പങ്കാളിത്തം
1930-ലെ ആദ്യ ലോകകപ്പ് മുതൽ ഭൂരിഭാഗം ടൂർണമെന്റുകളിലും അർജന്റീന സാന്നിധ്യമറിയിച്ചിട്ടുണ്ട്. 1970-ൽ മാത്രമാണ് അവർക്ക് യോഗ്യത നേടാനാകാതെ പോയത്. മരിയോ കെംപസ്, ഡാനിയേൽ പസറെല്ല, ഡീഗോ മറഡോണ, ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, ഹാവിയർ സാനെറ്റി, ഹെർനൻ ക്രെസ്പോ, യുവാൻ റോമൻ റിക്വൽമി, സെർജിയോ അഗ്യൂറോ, എയ്ഞ്ചൽ ഡേ മരിയ, ലയണൽ മെസ്സി… എത്രയെത്ര ഇതിഹാസ താരങ്ങളെയാണ് ഈ ലാറ്റിനമേരിക്കൻ രാജ്യം ലോകത്തിന് പരിചയപ്പെടുത്തിയത്.
ഉറക്കമിളക്കേണ്ടാത്തതിൻ്റെ അസൂയ വരെ
അർജന്റീനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളെല്ലാം ഉറക്കമിളക്കാതെ ഇന്ത്യയിലിരുന്ന് കാണാമെന്നത് ബ്രസീൽ ആരാധകർക്ക് അസൂയ ഉണ്ടാക്കുന്ന കാര്യമാണ്. ഗ്രൂപ്പ് Jയിൽ അൽജീരിയക്കെതിരെ ആദ്യ കളി ജൂൺ 17 ന് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം രാവിലെ 6.30നാണ്. അടുത്ത കളി 22 ന് രാത്രി 10.30ന് ഓസ്ട്രിയക്കെതിരെയും ഗ്രൂപ്പിലെ അവസാന കളി 28ന് രാവിലെ 7:30ന് ജോർഡനെതിരെയുമാണ്.
അതേ സമയം ബദ്ധവൈരികളായ ബ്രസീലിൻ്റെ ആദ്യ കളി പുലർച്ചെ 3.30നായിരുന്നു. ഇനിയുള്ള കളി 20ന് രാവിലെ ആറ് മണിക്ക് ഹെയ്തി ക്കെതിരെയാണെന്നത് മാത്രമാണ് ആശ്വാസകരം. അവസാന കളി 25ന് പുലർച്ച 3.30ന് സ്കോട്ട്ലൻ്റിനെതിരെയാണ്. പിന്നെ മറ്റൊരു ആശ്വാസകരമായ കാര്യം ബ്രസീൽ ഫാൻസിനൊപ്പം കളികാണാൻ ഇരുന്ന്, അവരെ കുറ്റം പറയാൻ വേണ്ടി അർജൻ്റീനൻ ആരാധകരും ഉറക്കമിളച്ച് ഇരിക്കുമെന്നതാണ്. ഫലത്തിൽ ഇരുടീമിൻ്റെയും ആരാധകർ ഉറക്കം കളയേണ്ടിവരുമെന്ന് സാരം.
48 സൂപ്പർ ടീമുകൾ പങ്കെടുക്കുന്ന മഹാമേളയിൽ ലയണൽ മെസ്സി എന്ന ഗോട്ടിൻ്റെ അവസാന ലോകകപ്പ് "നൃത്തം" കാണാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് ലോകം.
അപരനാമം: ആൽബിസെലസ്റ്റുകൾ
'ആൽബിസെലസ്റ്റുകൾ' എന്നാണ് അർജന്റീന ദേശീയ ഫുട്ബാൾ ടീമിന്റെ ഔദ്യോഗിക വിളിപ്പേര്. അർജന്റീനയുടെ ജേഴ്സിയുടെ നിറത്തിൽ നിന്നാണ് ഈ പേര് വന്നത്. സ്പാനിഷ് ഭാഷയിലെ രണ്ട് വാക്കുകൾ ചേർന്നാണ് ഈ പേരുണ്ടായത്. ആൽബി (Albi): വെള്ള. സെലസ്റ്റെ (Celeste): ആകാശ നീല.
'ആകാശ നീലയും വെള്ളയും' എന്നാണ് ഈ വാക്കിന്റെ അർഥം. അർജന്റീനയുടെ ദേശീയ പതാകയിലെ നിറങ്ങളും ഇതുതന്നെയാണ്.
കേരളവും അർജന്റീന ഫാൻസും
1970-കളിലും 80-കളുടെ തുടക്കത്തിലും റേഡിയോ കമന്ററികളിലൂടെയും പത്രവാർത്തകളിലൂടെയും മലയാളികൾ അറിഞ്ഞ ഒരേയൊരു പേര് കറുത്ത മുത്ത് 'പെലെ' മാത്രമായിരുന്നു. അതുകൊണ്ടുതന്നെ അക്കാലത്ത് കേരളത്തിൽ ബ്രസീലിന് മാത്രമായിരുന്നു ആധിപത്യം.
എന്നാൽ 1986-ൽ കാര്യങ്ങൾ മാറിമറിഞ്ഞു. ദൂരദർശൻ വഴി ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷനിലൂടെ ലോകകപ്പ് മത്സരങ്ങൾ മലയാളിയുടെ വീട്ടകങ്ങളിലേക്ക് തത്സമയം എത്തിത്തുടങ്ങിയത് ആ വർഷമാണ്. മെക്സിക്കോയുടെ മണ്ണിൽ നീലയും വെള്ളയും വരയുള്ള കുപ്പായമിട്ട് ഒരു മനുഷ്യൻ പന്തുമായി ഇറങ്ങി.
പേര്: ഡീഗോ അർമാൻഡോ മറഡോണ!.

ഇംഗ്ലണ്ടിനെതിരെ അഞ്ച് ഡിഫൻഡർമാരെയും ഗോൾകീപ്പറെയും വെട്ടിച്ച് മറഡോണ ഓടിക്കയറി അടിച്ച 'നൂറ്റാണ്ടിന്റെ ഗോൾ' ലൈവായി കണ്ട മലയാളിക്ക് അതൊരു വെളിപാടായിരുന്നു. അതുവരെ കേട്ടറിഞ്ഞ ബ്രസീലിയൻ മാന്ത്രികതക്ക് അപ്പുറം, കൺമുന്നിൽ വിസ്മയം തീർത്ത മറഡോണ എന്ന ഒറ്റയാളിലേക്ക് കേരളത്തിലെ യുവത്വം പ്രണയബദ്ധരാകപ്പെട്ടു. അടിച്ചമർത്തപ്പെട്ടവന്റെയും സാധാരണക്കാരന്റെയും പ്രതീകമായി മാറിയ മറഡോണയെന്ന വിപ്ലവകാരിയാണ് കേരളത്തിൽ അർജന്റീന ഫാൻസിന്റെ അടിത്തറയിട്ടത് എന്ന് പറയാം.
തൊണ്ണൂറുകളിൽ മറഡോണയിലൂടെ കുടിയേറിയ ആ പ്രണയം പിന്നീട് ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെന്ന നീണ്ട സ്വർണത്തലമുടിക്കാരൻ വഴി, ഹെർണൻ ക്രെസ്പോയും, ജുവാൻ റോമൻ റിക്വൽമിയും കാത്തുസൂക്ഷിച്ചു. ഇന്ന് ആ സിംഹാസനത്തിൽ ലയണൽ മെസ്സി എന്ന ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരൻ ഇരിപ്പുറപ്പിച്ചതോടെ അർജന്റീന ഫാൻസിന്റെ എണ്ണം ബ്രസീലിനൊപ്പമോ അതിനേക്കാൾ ഒരുപടി മുന്നിലോ എത്തിനിൽക്കുകയാണ് കേരളക്കരയിൽ. ബ്രസീൽ ആരാധകർ ഇതൊന്നും സമ്മതിച്ചു തരില്ല എന്നതാണ് ഇതിൻ്റെ മറ്റൊരുവശം.

ഇത്തവണത്തെ സാധ്യതകൾ : കനൽവഴി താണ്ടി കാവലാളായി എമിയും പടയാളികളും!
വീണ്ടുമൊരു ലോകകപ്പ് യുദ്ധത്തിന് അർജന്റീന ഇറങ്ങുമ്പോൾ ആരാധകരുടെ ആദ്യത്തെ ചോദ്യം,
"കപ്പിത്തവണ നില നിർത്തുമോ". എന്നതുതന്നെയാണ്. ഉത്തരങ്ങൾ എയറിലാണ്, ഉറക്കെപ്പറയുക എന്നത് കോംപ്ലിക്കേറ്റഡാണ്. കാരണം മറ്റു ചില ടീമുകളൊക്കെ അതിശക്തരാണ് എന്ന യാഥാർഥ്യമാണ് കാരണം.
വണ്ടർ ഗോളി എമിലിയാനോ മാർട്ടിനസ് തന്നെയാണ് ഇത്തവണയും അർജന്റീനയുടെ കോട്ട കാക്കാൻ വലയ്ക്ക് മുന്നിലുള്ളത്.
2022ൽ ലുസൈൽ സ്റ്റേഡിയത്തിൽ ഫ്രാൻസിന്റെ കോലോ മുവാനിയുടെ ആ അവസാന മിനിറ്റ് ഷോട്ട് കാലുകൊണ്ട് തട്ടിയകറ്റി ലോകകപ്പ് അർജൻ്റീനൻ ഷോകേസിലെത്തിച്ച ആ 'പ്രാന്തൻ ഗോളി' ഇത്തവണയും ആൽബിസെലസ്റ്റുകളുടെ ജീവശ്വാസമായി പോസ്റ്റിന് മുന്നിലുണ്ട്. ആ സേവ് ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഫ്രാൻസ് അന്ന് ലോകകപ്പ് നിലനിർത്തുമായിരുന്നു.
കോച്ച് ലയണൽ സ്കലോണി ഇത്തവണയും ഇറക്കുന്നത് പരിചയസമ്പത്തും ചോരത്തിളപ്പും കൃത്യമായി സമന്വയിപ്പിച്ച മാരക സ്ക്വാഡിനെയാണ്.
വലിയ ടൂർണമെന്റുകളിൽ എമി മാർട്ടിനസിന്റെ സാന്നിധ്യം എതിരാളികൾക്ക് നൽകുന്ന ഭയം ചെറുതല്ല. പെനാൽറ്റി ഷൂട്ടൗട്ടുകളിലെ മൈൻഡ് ഗെയിമുകളിലും, വൺ-ഓൺ-വൺ സേവുകളിലും ഇന്നും ലോകത്തിലെ ഏറ്റവും മികച്ച ഗോളി എമി തന്നെയാണ്. അർജന്റീനയുടെ പ്രതിരോധത്തിന്റെ ആകെത്തുക ഈ മനുഷ്യന്റെ കൈകളിലാണ്.
പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ച് ലയണൽ മെസ്സി ഇത്തവണയും പത്താം നമ്പർ ജേഴ്സിയിൽ കളത്തിലുണ്ട്. പണ്ടത്തെപ്പോലെ വേഗതയിൽ ഓടിക്കയറുന്നതിനേക്കാൾ, കളി നിയന്ത്രിക്കുന്ന, ആരും പ്രതീക്ഷിക്കാത്ത പാസുകൾ നൽകുന്ന ഒരു 'മാസ്റ്റർ ബ്രെയിൻ' പ്ലേമേക്കർ റോളിലാവും മെസ്സി ഇത്തവണ കൂടുതൽ അപകടകാരിയാവുക. ഫ്രീ കിക്കുകളിലും ലോങ് റേഞ്ചറുകളിലും മെസ്സിയുടെ ഇടങ്കാൽ ഇപ്പോഴും മാന്ത്രികത കാത്തുവെച്ചിട്ടുണ്ട്.
ഇന്ന് യൂറോപ്യൻ ഫുട്ബാളിലെ ഏറ്റവും വിലപിടിപ്പുള്ള മിഡ്‌ഫീൽഡർമാരാണ് ലിവർപൂളിന്റെ മാക് അലിസ്റ്ററും ചെൽസിയുടെ എൻസോ ഫെർണാണ്ടസും. ഇരുവരും ചേരുന്ന മധ്യനിരയാണ് അർജന്റീനയുടെ കളി നിയന്ത്രിക്കുന്നത്.

ബോക്സിലെ വേട്ടക്കാരാണ് ലൗട്ടാരോ മാർട്ടിനസും ഹൂലിയൻ അൽവാരസും.
ഇന്റർ മിലാന്റെ ക്യാപ്റ്റനും ഇറ്റാലിയൻ ലീഗിലെ ടോപ്പ് സ്കോററുമായ ലൗട്ടാരോ മാർട്ടിനസ് ഇത്തവണ മാരക ഫോമിലാണ്. ഒപ്പം അത് ലറ്റിക്കോ മാഡ്രിഡിന്റെ ഹൂലിയൻ അൽവാരസിന്റെ വേഗതയും ചേരുമ്പോൾ എതിരാളികളുടെ പ്രതിരോധപ്പൂട്ട് തകരുമെന്ന് ആരാധകർ മനക്കോട്ട കെട്ടുന്നു.
2024ലെ കോപ്പ അമേരിക്ക വിജയശേഷം അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ച ഏഞ്ചൽ ഡെ മരിയയുടെ വിങ്ങിലെ കുറവ് നികത്താൻ കോച്ച് സ്കലോണി കണ്ടെത്തിയ ആയുധങ്ങളാണ് അത് ലറ്റിക്കോ മാഡ്രിഡിന്റെ യുവതാരങ്ങളായ തിയാഗോ അൽമാഡയും ഗ്വിലിയാനോ സിമിയോണിയും. ഒപ്പം ബ്രസീലിയൻ ലീഗിൽ പൽമേരാസിന് വേണ്ടി ഗോളുകൾ അടിച്ചുകൂട്ടിയ ഹോസെ മാനുവൽ ലോപ്പസ് കൂടി ചേരുമ്പോൾ അർജന്റീനയുടെ ആക്രമണങ്ങൾക്ക് വേഗതയേറും. ഡി മരിയയുടെ അതേ കളിശൈലിയാണ് ഗ്വിലിയാനോയ്ക്ക്. റൈറ്റ് വിങ്ങിലൂടെ മാരക വേഗതയിൽ ഓടിക്കയറാനും, ഡിഫെൻഡർമാരെ കബളിപ്പിച്ച് ബോക്സിലേക്ക് ക്രോസുകൾ നൽകാനും ഇദ്ദേഹത്തിന് പ്രത്യേക മിടുക്കുണ്ട്. അർജന്റീനൻ ആരാധകർ ഡി മരിയയുടെ അഭാവം മിസ്സ് ചെയ്യാതിരിക്കാൻ കാരണം ഗ്വിലിയാനോ ടീമിലുള്ളതാണ്. ഈ ടൂർണമെന്റിലെ ' ബ്രേക്കൗട്ട് സ്റ്റാർ' ആകാൻ എല്ലാ യോഗ്യതയുമുള്ള താരമാണ് ഹോസെ മാനുവൽ ലോപ്പസ്.
സാധാരണ അർജന്റീനൻ ഫോർവേഡുകൾ (മെസ്സി, അൽവാരസ്, ലൗട്ടാരോ) ഉയരം കുറഞ്ഞവരും വേഗതയെ ആശ്രയിക്കുന്നവരുമാണ്. എന്നാൽ ലോപ്പസ് 6 അടി 3 ഇഞ്ച് ഉയരമുള്ള കണിശക്കാരനായ ഒരു ' ടാർജറ്റ്' സ്ട്രൈക്കർ ആണ്. ബ്രസീലിയൻ ക്ലബ്ബായ പൽമേരാസിന് വേണ്ടി ഹെഡ്ഡറുകളിലൂടെയും ക്ലോസ്-റേഞ്ച് ഫിനിഷിങ്ങിലൂടെയും ഗോളുകൾ അടിച്ചുകൂട്ടിയാണ് ഈ ഇരുപത്തിയഞ്ചുകാരൻ സ്കലോണിയുടെ സ്ക്വാഡിൽ ഇടം നേടിയത്.
ഇത്തവണ ലോകകപ്പിലെ അർജന്റീനയുടെ സർപ്രൈസ് പാക്കേജ് ആകുമായിരുന്ന 21കാരൻ അലക്സാൻഡ്രോ ഗർനാച്ചോ ടീം ലിസ്റ്റിൽ ഇടം പിടിച്ചതുമില്ല. കഴിഞ്ഞ 18 മാസമായി ദേശീയ ടീമിന്റെ തന്ത്രങ്ങളുമായും ശൈലിയുമായും നിരന്തരം പൊരുത്തപ്പെട്ട് ഒപ്പം കളിച്ച കളിക്കാർക്ക് മുൻഗണന നൽകാനാണ് കോച്ചും ടീം സെലക്ടേഴ്‌സും തീരുമാനിച്ചത്.
2022-ലെ ടീമിൽ നിന്ന് വലിയ മാറ്റങ്ങളില്ലാതെ, പരസ്പരം കൃത്യമായ കെമിസ്ട്രിയുള്ള ഒരു 'സെറ്റ് ടീം' ആണ് അർജന്റീനയുടേത്. ഡി മരിയയുടെ അഭാവം വിങ്ങുകളിൽ പ്രകടമാണെങ്കിലും, അർജന്റീനയെ തോൽപ്പിക്കുക അത്ര എളുപ്പമല്ല.
ഇത്തവണ 3 സ്റ്റാർ ജഴ്സി
ചാമ്പ്യൻമാരായ അർജന്റീനയുടെ ഈ ലോകകപ്പിലെ ജഴ്‌സി കിരീടത്തിലേക്കുചേർത്തുവച്ച മൂന്നാം നക്ഷത്രം തെളിയുന്ന വിധമാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ആകാശനീല, വെള്ള നിറങ്ങളിലുള്ള വരകൾ രാജ്യത്തിന്റെ മൂന്ന് ലോകകപ്പ് വിജയങ്ങളുമായി ബന്ധിപ്പിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
*ഗ്രൂപ്പ് റൗണ്ടിന് ശേഷം അർജന്റീനക്ക് എതിരാളികൾ ആരൊക്കെ:
അർജന്റീന ഉൾപ്പെട്ടിരിക്കുന്നത് ഗ്രൂപ്പ് J-യിലാണ്. ഫിഫയുടെ ഫിക്‌സ്ചർ ഫോർമാറ്റ് അനുസരിച്ച്, ഗ്രൂപ്പ് ഘട്ടത്തിലെ സ്ഥാനങ്ങൾ അടിസ്ഥാനമാക്കിയാണ് നോക്കൗട്ടിലെ എതിരാളികളെ നിശ്ചയിക്കുന്നത്.
അർജന്റീന ഗ്രൂപ്പിൽ ഒന്നാമതായാൽ : റൗണ്ട് ഓഫ് 32-ൽ നേരിടേണ്ടി വരിക ഗ്രൂപ്പ് H അല്ലെങ്കിൽ ഗ്രൂപ്പ് I എന്നിവയിലെ മികച്ച മൂന്നാം സ്ഥാനക്കാരെ ആയിരിക്കും. ബെൽജിയം, ചിലി അല്ലെങ്കിൽ ഏഷ്യൻ/ആഫ്രിക്കൻ കരുത്തർ ഈ സ്ഥാനങ്ങളിൽ വരാൻ സാധ്യതയുണ്ട്.
ഇത് മറികടന്ന് റൗണ്ട് ഓഫ് 16-ൽ (പ്രീ-ക്വാർട്ടർ) എത്തിയാൽ, ഗ്രൂപ്പ് G-യിലെ ചാമ്പ്യന്മാരെയോ (ഉദാ: ഇംഗ്ലണ്ട്/നെതർലൻഡ്സ് വരാൻ ചാൻസുള്ള പാത) അല്ലെങ്കിൽ ഗ്രൂപ്പ് H-ലെ റണ്ണേഴ്സ് അപ്പിനെയോ നേരിടേണ്ടി വരും.
അർജന്റീന ഗ്രൂപ്പിൽ രണ്ടാമതായാൽ
അങ്ങനെയെങ്കിൽ റൗണ്ട് ഓഫ് 32-ൽ തന്നെ കടുത്ത പോരാട്ടമാകും. ഗ്രൂപ്പ് L-ലെ രണ്ടാം സ്ഥാനക്കാരുമായാണ് അർജന്റീന കളിക്കേണ്ടി വരിക. യൂറോപ്യൻ വമ്പന്മാരായ പോർച്ചുഗലോ അല്ലെങ്കിൽ ഇറ്റലിയോ ഒക്കെ ഈ പാതയിൽ വരാൻ സാധ്യതയുള്ള ടീമുകളാണ്.
ക്വാർട്ടർ ഫൈനൽ / സെമിഫൈനൽ ഘട്ടം
ഈ റൗണ്ടുകളിലേക്ക് കടക്കുമ്പോൾ ടൂർണമെന്റിലെ ഏറ്റവും കടുത്ത യൂറോപ്യൻ ശക്തികളായ ഫ്രാൻസ്, ജർമനി അല്ലെങ്കിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോ/സെനഗൽ എന്നിവരിൽ ആരെങ്കിലും അർജന്റീനയുടെ എതിരാളികളായി വരാം.
ബ്രസീൽ ഇത്തവണ എതിരാളികളായി വരുമോ?
ഫിഫയുടെ 2026 ലോകകപ്പ് ഡ്രോ പ്രകാരം അർജന്റീന (ഗ്രൂപ്പ് J), ബ്രസീൽ (ഗ്രൂപ്പ് G) എന്നിവർ ടൂർണമെന്റ് ട്രീയുടെ രണ്ട് വ്യത്യസ്ത ഹാഫുകളിലാണ് വരാൻ കൂടുതൽ സാധ്യത. എങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ പോയന്റ് നില അനുസരിച്ച് ഇവർ നേർക്കുനേർ വരാൻ സാധ്യതയുള്ള ഘട്ടങ്ങൾ ഇവയാണ്:
സെമിഫൈനൽ അല്ലെങ്കിൽ ഫൈനൽ (ഏറ്റവും ഉയർന്ന സാധ്യത):
ഇരു ടീമുകളും തങ്ങളുടെ ഗ്രൂപ്പുകളിൽ ഒന്നാം സ്ഥാനക്കാരായി മുന്നേറുകയും, നോക്കൗട്ടിലെ എല്ലാ മത്സരങ്ങളും ജയിക്കുകയും ചെയ്താൽ സെമിഫൈനലിലോ അല്ലെങ്കിൽ ഫൈനലിലോ മാത്രമേ ഇവർ ഏറ്റുമുട്ടൂ.

ക്വാർട്ടർ ഫൈനൽ (അപൂർവ സാധ്യത)
ഏതെങ്കിലും ഒരു ടീം ഗ്രൂപ്പിൽ ഒന്നാമതാവുകയും, മറ്റേ ടീം അപ്രതീക്ഷിതമായി ഗ്രൂപ്പിൽ രണ്ടാമതായിപ്പോവുകയും ചെയ്താൽ (ഉദാഹരണത്തിന് ബ്രസീൽ മൊറോക്കോയോട് സമനില വഴങ്ങിയ സാഹചര്യത്തിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായാൽ), നോക്കൗട്ടിലെ സമവാക്യങ്ങൾ മാറിമറിയുകയും ക്വാർട്ടർ ഫൈനലിൽ തന്നെ ഒരു 'സൂപ്പർ ക്ലാസിക്കോ' പോരാട്ടത്തിന് വഴിതുറക്കുകയും ചെയ്തേക്കാം.
ലോകകപ്പിൽ തുടർച്ചയായി രണ്ട് കിരീടമെന്നത് 1962ന് ശേഷം ടീമുകൾക്ക് സാധിക്കാത്ത നേട്ടമാണ്. ഇത്തവണ അർജൻ്റീനയ്ക്ക് അത് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ബ്രസീൽ ആരാധകർ ആദ്യ കളിയുടെ സമനിലയിൽ തളർന്നിരിക്കവേ, അൽജീരിയക്കെതിരെ ആദ്യ മത്സരത്തിൽ വന്യമായ ഒരു വിജയത്തോടെ തുടങ്ങാനാണ് നീലപ്പട ആഗ്രഹിക്കുന്നത്. ആരാധകർ അതിലുമേറെ ആഗ്രഹിക്കുന്നു അത്.
ഒരു തലമുറയെ മുഴുവൻ പ്രണയിക്കാൻ പഠിപ്പിച്ച മാറഡോണയുടെ ആത്മാവിനെ സാക്ഷിനിർത്തി മെസ്സിയും കൂട്ടരും വീണ്ടുമൊരു വിസ്മയ കുതിപ്പ് നടത്തുന്നത് കാണാൻ ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള മലയാളിക്കൂട്ടങ്ങൾ വരെ കാത്തിരിപ്പാണ്, പിന്തുണയുമായി.
മെസ്സിയേ, മിന്നിച്ചേക്കണേ!:
ഖത്തറിലെ കിരീടഭാരവും ജേതാക്കൾ എന്ന നിലയിലുള്ള അതി സമ്മർദ്ദവും കാരണം, ഇത്തവണ ആസ്വദിച്ച് കളിക്കുന്ന അർജന്റീനയെ കാണാൻ സാധിക്കുമോ എന്നത് മാത്രമാണ് പരിഭ്രാന്തിയുണർത്തുന്ന കാര്യം. സമ്മർദ്ദത്തിനടിപ്പെട്ടാൽ മെസ്സിയുടെ ഓൺ ടാർജറ്റ് ഷോട്ട് പോലും ബാറിനു മുകളിലൂടെ ആകാശത്തേക്ക് പറക്കുമോ എന്നത് ആരാധകരെ ഭയപ്പെടുത്തുന്ന റിയാലിറ്റിയാണ്.
"കനൽവഴികൾ ഒരുപാട് താണ്ടിയതാണ്, അങ്ങനെ പേടിപ്പിക്കല്ലേ മക്കളേ! ഇത്തവണയും ചരിത്രമെഴുതാൻ തന്നെയാണ് ഞങ്ങടെ മെസ്സിയണ്ണൻ ഇറങ്ങുന്നത്!" എന്ന് മനസ്സിൽ ജപിച്ചു കൊണ്ട് ഐശ്യര്യമായി അങ്ങട് എതിരാളികളുടെ വല നിറയ്ക്കുക എന്നുമാത്രമേ ആരാധകർക്ക് ആഗ്രഹമുണ്ടാകൂ. തോറ്റെങ്ങാൻ പോയാ, നാട്ടിൽ മൊത്തം തൂക്കിയിട്ട ഫ്ലക്സായ ഫ്ലക്സ് മുഴുവൻ നോക്കുകുത്തിയായി നിന്ന് കൊഞ്ഞനം കുത്തുന്ന കാഴ്ച കണാൻ വയ്യ "ൻ്റെ മെസ്സിയേ!".
content highlights: lionel messi and argentina aim to defend title fifa world cup 2026 campaign