

മലപ്പുറം: സംസാരിക്കുമ്പോൾ കേൾക്കുന്നവർക്ക് താങ്ങാവുന്നത്ര മാത്രമേ സംസാരിക്കാവു എന്ന് സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി. കേൾക്കുന്നവർക്ക് താങ്ങാവുന്ന ഭാഷയിലെ സംസാരിക്കാവു എന്നും എം എ ബേബി കൂട്ടിച്ചേർത്തു. മലപ്പുറത്ത് നടന്ന ഇഎംഎസിന്റെ ലോകം സെമിനാറിൽ സംസാരിക്കുമ്പോഴായിരുന്നു എം എ ബേബിയുടെ പ്രതികരണം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ പ്രസംഗങ്ങൾ സാധാരണക്കാർക്കും പാർട്ടി പ്രവർത്തകർക്കും മനസ്സിലാകുന്നില്ലെന്നും ആശയങ്ങൾ ജനങ്ങളിലേക്ക് ലളിതമായി എത്തിക്കുന്നതിൽ അദ്ദേഹം പരാജയപ്പെടുന്നു എന്നുമുള്ള വിമർശനം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് എം എ ബേബിയുടെ ഉപദേശ സ്വഭാവത്തിലുള്ള പരാമർശം എന്നതാണ് ശ്രദ്ധേയം.
'നമ്മൾ സംസാരിക്കുമ്പോൾ കേൾക്കുന്നവർക്ക് താങ്ങാവുന്നത്ര മാത്രമേ സംസാരിക്കാവു. താങ്ങാവുന്ന ഭാഷയിലേ നമ്മൾ സംസാരിക്കാവൂ. ഇതെല്ലാം നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. നമ്മൾ എങ്ങനെ മാറണം എന്നുള്ള കാര്യം വരുമ്പോൾ എല്ലാം മാറ്റത്തിന് വിധേയമാണ് എന്നുള്ള സിദ്ധാന്തം പറഞ്ഞിട്ട്, അതൊക്കെ ശരി പക്ഷെ ഞാൻ മാറുന്നില്ലെന്ന് പറയാൻ തുടങ്ങിക്കഴിഞ്ഞാൽ അത് ശരിയാകില്ല' എന്നായിരുന്നു എം എ ബേബിയുടെ പ്രതികരണം.
ഇടതുപക്ഷക്കാരിൽ വലതുപക്ഷ സ്വാധീനം നുഴഞ്ഞ് കയറുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും എം എ ബേബി ചൂണ്ടിക്കാണിച്ചു. 'പൊതുവെ ഒരു ഇടതുപക്ഷ മനസ്സ് കേരളത്തിനുണ്ടെന്ന് പറഞ്ഞിട്ട് നമ്മിലൊക്കെ തന്നെ നമ്മളറിയാതെ വലതുപക്ഷം സ്വാധീനം ഉറപ്പിക്കുന്നുണ്ടോ? നമ്മളറിയാതെ നമ്മളിലേയ്ക്ക് തന്നെ വലതുപക്ഷം നുഴഞ്ഞ് കയറുന്നുണ്ടോ തുടങ്ങിയ കാര്യം മുതൽ ഇന്ത്യയിലെങ്ങനെ ആർഎസ്എസ് എന്ന ഫാസിസ്റ്റ് സ്വഭാവമുള്ള സംഘടന എണ്ണമറ്റ സംഘടനകൾ സൃഷ്ടിച്ച് കൊണ്ട് നിലവിലുള്ള സംഘടനകളിലെല്ലാം നുഴഞ്ഞ് കയറിക്കൊണ്ട് ആർഎസ്എസ് അവരുടെ രാഷ്ട്രീയ പദ്ധതി എങ്ങനെ ശക്തിപ്പെടുത്തുന്നു എന്നതെല്ലാം പരിശോധിക്കേണ്ടതുണ്ടെ'ന്നാണ് എം എ ബേബി മലപ്പുറത്ത് സംസാരിക്കവെ പറഞ്ഞ് വെച്ചത്.
ലോകത്ത് പ്രത്യാശഭരിതമായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും തീവ്രവലതുപക്ഷം സ്വാധീനം വർദ്ധിപ്പിക്കുന്ന സാഹചര്യം നിലവിലുണ്ടെന്നും എം എ ബേബി ചൂണ്ടിക്കാണിച്ചു. 'ലോകത്ത് ഒറ്റപ്പെട്ട ചില അനുഭവങ്ങൾ നമുക്ക് ആവേശം പകരുന്നതായിട്ടുണ്ട്. ഇറ്റലിയിലെ ഒരു നഗരത്തിൽ കമ്മ്യൂണിസ്റ്റ് റീഫൗണ്ടേഷൻ്റെ നേതാവ് 36 വയസ്സുകാരനായ ചെറുപ്പക്കാരൻ തെരഞ്ഞെടുക്കപ്പെട്ട വാർത്ത കഴിഞ്ഞ ദിവസം വന്നു, അത് ആവേശം പകരുന്നതാണ്. ന്യൂയോർക്കിൽ മംദാനിയുടെ വിജയം ആവേശം പകരുന്നതാണ്. അങ്ങനെ ചിലതുണ്ടെങ്കിൽ പോലും തീവ്രവലതുപക്ഷം സ്വാധീനം വർദ്ധിപ്പിക്കുന്ന അനുഭവങ്ങൾ ലോകത്ത് പൊതുവിൽ ഉണ്ടാകുമ്പോൾ ഹൃദയത്തിലും കൈയിലും ചെങ്കൊടി ഉയർത്തി പിടിക്കുന്ന നമ്മൾ എങ്ങനെ ഈ സാഹചര്യത്തെ നേരിടാൻ സ്വയം സജ്ജരാകണം നമ്മളെങ്ങനെ കൂടുതൽ ജനകീയരായ കമ്മ്യൂണിസ്റ്റുകളായി വിപ്ലവകാരികളായി മാറണമെന്നുള്ള ചോദ്യമാണ് നമ്മുടെ മുന്നിലുള്ളതെന്നും എം എ ബേബി വ്യക്തമാക്കി.
ഒരാൾ സ്വന്തം അർഹത കൊണ്ട് സ്ഥാനാർത്ഥിയാകുമ്പോൾ അവരുടെ ബന്ധുത്വം പറഞ്ഞ് ബൂർഷ്വാ മാധ്യമങ്ങൾ കടന്നാക്രമിക്കാറുണ്ട്. അത്തരം പ്രചാരണങ്ങളുടെ പിന്നാലെ പാർട്ടി പോകേണ്ടതില്ല. എന്നാൽ ഒരു നേതാവുമായി ബന്ധപ്പട്ട ഒരാളെ സ്ഥാനാർഥിയാക്കുന്നത് പാർട്ടിയെ മൊത്തത്തിൽ കടന്നാക്രമിക്കാൻ മാധ്യമങ്ങൾക്ക് അവസരം നൽകുമെന്ന് തോന്നുകയാണെങ്കിൽ അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണമായിരുന്നുവെന്നും എം എ ബേബി പറഞ്ഞിരുന്നു.
Content Highlights: M A Baby emphasized that people should communicate in a language and style that listeners can comfortably understand, highlighting the importance of clear and accessible communication.