

ചെന്നൈ: 2025ലായിരുന്നു ഭാരതിരാജയുടെ മകന്‍ മനോജിന്റെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്ന് 48-ാം വയസിലായിരുന്നു മനോജിന്റെ മരണം. മകനുമായി അത്രമാത്രം ആത്മബന്ധം പുലര്‍ത്തിയിരുന്ന ഭാരതിരാജയ്ക്ക് ആ വിയോഗം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മകന്റെ മരണം ഭാരതിരാജയെ അത്രമാത്രം തളര്‍ത്തി. മകന്റെ മരണത്തിന് പിന്നാലെ മാനസികമായി തളര്‍ന്ന അവസ്ഥയിലായിരുന്നു ഭാരതിരാജ. ഭാരതിരാജയുടെ സഹോദരന്‍ ജയരാജ് പെരിയമയത്തേവര്‍ ഇക്കാര്യം പറയുകയും ചെയ്തിരുന്നു.
മനോജിന്റെ മരണം ഭാരതിരാജയില്‍ വലിയ വൈകാരിക തളര്‍ച്ച ഉണ്ടാക്കിയെന്നായിരുന്നു ജയരാജ് പറഞ്ഞത്. മകന്റെ മരണം ഭാരതിരാജയ്ക്ക് ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വിദേശയാത്രകള്‍ ഉള്‍പ്പെടെ നടത്തി അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമായ മാറ്റമുണ്ടായില്ലെന്നും സഹോദരന്‍ പറഞ്ഞിരുന്നു. മകന്റെ മരണത്തിന് പുറമേ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളും ഭാരതിരാജയെ അലട്ടിയിരുന്നു. മകള്‍ ജനനി രാജ്കുമാറിനൊപ്പം മലേഷ്യയില്‍ ഭാരതിരാജ കുറച്ച് മാസങ്ങള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഇതിന് ശേഷം അടുത്തിടെയായിരുന്നു അദ്ദേഹം ചെന്നൈയില്‍ മടങ്ങിയെത്തിയത്. ഇതിന് ശേഷവും ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ പലതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെ ചെന്നൈയിലായിരുന്നു ഭാരതിരാജയുടെ മരണം. ചന്ദ്രലീലാവതിയാണ് ഭാരതിരാജയുടെ ഭാര്യ.
ഗ്രാമീണ കഥകള്‍ക്ക് പുനര്‍നിർവചനം നല്‍കുകയും നിരവധി താരങ്ങളെ സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്ത സംവിധായകനാണ് ഭാരതിരാജ. തമിഴ്‌സിനിമയിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരില്‍ ഒരാളായാണ് അദ്ദേഹത്തെ കാണുന്നത്. 1941 ജൂലൈ പതിനേഴിനായിരുന്നു ഭാരതിരാജയുടെ ജനനം. രജനികാന്തിനെയും കമല്‍ഹാസനെയും കേന്ദ്രകഥാപാത്രമാക്കി 1977ല്‍ പതിനാറ് വയതിനിലെ എന്ന ചിത്രമൊരുക്കി ഭാരതിരാജ സംവിധാന രംഗത്ത് തുടക്കം കുറിച്ചു. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നതും ഭാരതിരാജയായിരുന്നു. ആദ്യ സിനിമയില്‍ തന്നെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ഭാരതിരാജ സ്വന്തമാക്കി.
തൊട്ടടുത്ത വര്‍ഷം കിഴക്കേ പോകും റെയില്‍ എന്ന ചിത്രമായിരുന്നു അദ്ദേഹം ഒരുക്കിയത്. അതേ വര്‍ഷം തന്നെ സിഗപ്പ് റോജാക്കള്‍ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. പുതിയ വാര്‍പ്പുകള്‍, സിറം മാറാത്ത പൂക്കള്‍, റെഡ് റോസ്, നിഴല്‍ഗള്‍, അലൈകള്‍ ഒയ്‌വതല്ലൈ, സീതകോക്കചിലുക, ടിക് ടിക് ടിക്, കാതല്‍ ഓവിയം, വാലിബമേ വാ വാ, മന്‍ വാസനൈ, പുതുമൈ പെണ്ണ്, കിഴക്ക് ചീമയിലെ തുടങ്ങി നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. ഇരുപത്തിയൊന്നോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ തുടരും എന്ന ചിത്രത്തില്‍ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തില്‍ ഭാരതിരാജ എത്തിയിരുന്നു. ആറ് തവണ ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2004ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ചു. 2013ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights- Veteran Tamil film director Bharathiraja has been reported to be emotionally devastated following the death of his son