

ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലിനെ വിമര്‍ശിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍താരം ധനുഷ്. നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത റാഫ എന്ന ഡോക്യുമെന്ററി കണ്ടതിന് ശേഷം നദാലിന് ആദരമര്‍പ്പിച്ചിട്ട സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ധനുഷിന്റെ ഖേദ പ്രകടനം. ഡോക്യുമെന്ററി കണ്ടതിന് പിന്നാലെ നദാലിന്റെ കരിയറിലെ കടുത്ത പോരാട്ടങ്ങളെയും അദ്ദേഹം നേരിട്ട വെല്ലുവിളികളെയും കുറിച്ച് ധനുഷ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു.
തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സമയം നദാലിന്റെ മത്സരങ്ങള്‍ കണ്ട ആളാണ് താനെന്നും ധനുഷ് വ്യക്തമാക്കുന്നു. മത്സരങ്ങളില്‍ നദാല്‍ പോയിന്റുകള്‍ നഷ്ടപ്പെടുത്തുമ്പോള്‍ ടെലിവിഷന് മുന്നിലിരുന്ന് താന്‍ ദേഷ്യപ്പെട്ടിട്ടുണ്ടെന്നും, എന്നാല്‍ അദ്ദേഹം അനുഭവിച്ചിരുന്ന ശാരീരികവും മാനസികവുമായ വേദനകള്‍ ഇപ്പോള്‍ മാത്രമാണ് തനിക്ക് പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും താരം കുറിച്ചു.
'എനിക്കറിയില്ലായിരുന്നു താങ്കള്‍ ഇത്രയധികം വേദന സഹിച്ചാണ് കളിക്കളത്തില്‍ ഇറങ്ങിയതെന്ന്. അതറിയാതെ, നിങ്ങള്‍ കോര്‍ട്ടില്‍ തോറ്റപ്പോഴൊക്കെ ടിവിക്ക് മുന്നിലിരുന്ന് 'വാമോസ് റാഫ, നിനക്ക് ഇതിലും നന്നായി ചെയ്യാമായിരുന്നു, നീയെന്തിനാണ് കാര്യങ്ങള്‍ ഇത്രയും സങ്കീര്‍ണ്ണമാക്കുന്നത്' എന്ന് ഞാന്‍ വിളിച്ചുപറഞ്ഞിട്ടുണ്ട്. ആ നിമിഷങ്ങളെയോര്‍ത്ത് ഞാന്‍ ഇപ്പോള്‍ ഖേദിക്കുന്നു
പരിക്കുകളോടും പാദത്തെ ബാധിച്ച കടുത്ത രോഗാവസ്ഥയോടും പോരാടിയാണ് നദാല്‍ തന്റെ കരിയറിലെ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. നൊവാക് ജോക്കോവിച്ചിനും റോജര്‍ ഫെഡറര്‍ക്കും അനുകൂലമായ റെക്കോര്‍ഡുകളും സ്ഥിതിവിവരക്കണക്കുകളും ഉണ്ടായേക്കാം, എന്നാല്‍ തനിക്ക് റാഫേല്‍ നദാല്‍ മാത്രമാണ് എക്കാലത്തെയും മികച്ച താരം (GOAT) എന്ന് ധനുഷ് ഉറപ്പിച്ചു പറയുന്നു.എന്നെ സംബന്ധിച്ച്, ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനിക്‌സ് പക്ഷിയെപ്പോലെ റാഫേല്‍ നദാല്‍ മാത്രമാണ് എക്കാലത്തെയും മികച്ച താരം-ധനുഷിന്റെ പോസ്റ്റില്‍ പറയുന്നു.
Content Highlights: Dhanush also revealed that he has spent the most time watching Nadal's matches in his life. The star noted that he used to get angry in front of the television when Nadal lost points in matches, but only now has he been able to fully understand the physical and mental pain he was going through.