ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യം; രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത് CJP, സമരപരിപാടികൾ ഉടൻ പ്രഖ്യാപിക്കും

ഓരോ സംസ്ഥാനത്തും പ്രത്യേകം പ്രതിഷേധ പരിപാടികളാവും സംഘടിപ്പിക്കുക

ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യം; രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത് CJP, സമരപരിപാടികൾ ഉടൻ പ്രഖ്യാപിക്കും
dot image

ന്യൂഡല്‍ഹി: രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത് കോക്രോച്ച് ജനതാ പാര്‍ട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം. സമരപരിപാടികള്‍ ഉടന്‍ പ്രഖ്യാപിക്കും. ഓരോ സംസ്ഥാനത്തും പ്രത്യേകം പ്രതിഷേധ പരിപാടികളാവും സംഘടിപ്പിക്കുക. സ്ഥാപകന്‍ അഭിജീത് ദീപ്‌കെയും പ്രധാന നേതാക്കളും ഇന്ന് യോഗം ചേരും.

അടുത്ത ശനിയാഴ്ച ഡല്‍ഹി രാംലീല മൈതാനിയില്‍ പ്രതിഷേധം തുടരും. സംഘടനാ രൂപത്തിലേക്ക് മാറാനും കോക്രോച്ച് ജനതാ പാര്‍ട്ടി തയ്യാറെടുക്കുന്നതായാണ് വിവരം. വക്താക്കള്‍ക്ക് പിന്നാലെ മറ്റ് സ്ഥാനങ്ങളിലേക്കും ഭാരവാഹികളെ നിശ്ചയിക്കാനാണ് ആലോചന.

നിരവധി പേരാണ് സിജെപിയുടെ ആദ്യത്തെ പ്രത്യക്ഷ സമരത്തിനായി ജന്തര്‍ മന്തറില്‍ ഇന്നലെ അണിനിരന്നത്. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്തറില്‍ പരസ്യ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് ഒരാഴ്ച കൂടി കാത്തിരിക്കുമെന്നായിരുന്നു സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ പറഞ്ഞത്. രാജി ഉണ്ടായില്ലെങ്കില്‍ വീണ്ടും പ്രതിഷേധം എന്ന മുന്നറിയിപ്പ് നല്‍കിയാണ് ഇന്നലത്തെ സമരം അവസാനിപ്പിച്ചത്.

'സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങുന്ന പ്രതിഷേധം എന്നായിരുന്നു പരിഹാസം. ഇതാ ഒരു വലിയ പ്രതിഷേധമായി ഇത് മാറിയിരിക്കുന്നു. പ്രതിഷേധം മുന്നോട്ട് പോകും. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കും വരെ പ്രതിഷേധം തുടരും. രാജ്യത്തെ യുവാക്കള്‍ നിര്‍ഭയരാണ്', അഭിജീത് പറഞ്ഞു. ഉന്നയിക്കുന്ന ആവശ്യത്തിനായി താനെല്ലാം നല്‍കാന്‍ തയ്യാറാണെന്നും അഭിജീത് പറഞ്ഞു.

ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിജെപിയെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ആറ് പേരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ സ്ഥലത്ത് പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുണ്ടായവരെയാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസിന്റെ വാദം.

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ആനി രാജയ്ക്ക് നേരെ ആക്രമണമുണ്ടായതും പ്രതിഷേധത്തെ മങ്ങലേല്‍പ്പിച്ചിരുന്നു. സിജെപി പ്രതിഷേധത്തിനെതിരെ രംഗത്തുവന്നവര്‍ തള്ളിയിട്ടെന്നായിരുന്നു ആനി രാജയുടെ ആരോപണം. ആനി രാജയെ പൊലീസ് സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു. തള്ളിയിട്ടവരില്‍ കുറച്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Content Highlights: Cockroach Janata Party Gears Up for Nationwide Protest

dot image
To advertise here,contact us
dot image