'ഒരാഴ്ച കാത്തിരിക്കും', ധർമേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ വീണ്ടും പ്രതിഷേധമെന്ന് അഭിജീത് ദീപ്‌കെ

ധർമേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ അടുത്ത ശനിയാഴ്ച വീണ്ടും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അഭിജീത് ദീപ്കെ പറഞ്ഞു

'ഒരാഴ്ച കാത്തിരിക്കും', ധർമേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ വീണ്ടും പ്രതിഷേധമെന്ന് അഭിജീത് ദീപ്‌കെ
dot image

ന്യൂഡല്‍ഹി: ഇന്നത്തെ പ്രതിഷേധം അവസാനിപ്പിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി). കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് ഒരാഴ്ച കൂടി കാത്തിരിക്കുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ പറഞ്ഞു. രാജി ഉണ്ടായില്ലെങ്കില്‍ വീണ്ടും പ്രതിഷേധം എന്ന മുന്നറിയിപ്പ് നല്‍കിയാണ് ഇന്നത്തെ സമരം അവസാനിപ്പിച്ചത്.

'സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങുന്ന പ്രതിഷേധം എന്നായിരുന്നു പരിഹാസം. ഇതാ ഒരു വലിയ പ്രതിഷേധമായി ഇത് മാറിയിരിക്കുന്നു. പ്രതിഷേധം മുന്നോട്ട് പോകും. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കും വരെ പ്രതിഷേധം തുടരും. രാജ്യത്തെ യുവാക്കള്‍ നിര്‍ഭയരാണ്', അഭിജീത് പറഞ്ഞു. ഉന്നയിക്കുന്ന ആവശ്യത്തിനായി താനെല്ലാം നല്‍കാന്‍ തയ്യാര്‍ എന്നും അഭിജീത് പറഞ്ഞു.

നിരവധി പേരാണ് സിജെപിയുടെ ആദ്യത്തെ പ്രത്യക്ഷ സമരത്തിനായി ജന്തര്‍ മന്തറില്‍ അണിനിരന്നത്. അതേസമയം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെ ആറ് പേരെ പൊലീസ് കസ്റ്റഡിയെലെടുത്തു. സിജെപിയെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ആറ് പേരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ സ്ഥലത്ത് പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുണ്ടായവരെയാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസിന്റെ വാദം.

Also Read:

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ആനി രാജയ്ക്ക് നേരെ ആക്രമണമുണ്ടായതും പ്രതിഷേധത്തെ മങ്ങലേല്‍പ്പിച്ചു. സിജെപി പ്രതിഷേധത്തിനെതിരെ രംഗത്തുവന്നവര്‍ തള്ളിയിട്ടെന്നാണ് ആനി രാജയുടെ ആരോപണം. ആനി രാജയെ പൊലീസ് സ്ഥലത്തുനിന്ന് മാറ്റി. തള്ളിയിട്ടവരില്‍ കുറച്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്തറില്‍ പരസ്യ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക് പ്രതിഷേധത്തില്‍ പങ്കെടുത്തു. അഭിനേതാവ് പ്രകാശ് രാജ്, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയ പ്രമുഖര്‍ സിജെപിയുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, മുന്‍നിര ദേശീയ പത്രങ്ങളിലോ ചാനലുകളിലോ ഇന്നത്തെ സിജെപിയുടെ പ്രതിഷേധം വാര്‍ത്തയായില്ലെന്നതാണ് ശ്രദ്ധേയം. ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, ദ ഹിന്ദു പത്രങ്ങള്‍ അവരുടെ മുന്‍ പേജില്‍ നിന്ന് സിജെപി പ്രതിഷേധം ഒഴിവാക്കി. എന്നാല്‍ ഇന്ത്യന്‍ എക്സ്പ്രസിന്റെ ഒന്നാം പേജില്‍ ഒറ്റക്കോളം വാര്‍ത്തയായി സിജെപി പ്രതിഷേധത്തെ ചുരുക്കി.

ദേശീയ വാര്‍ത്താചാനലുകളിലും ഡല്‍ഹി ജന്തര്‍മന്തറിലെ സിജെപി പ്രതിഷേധം ഒരുഘട്ടത്തില്‍പ്പോലും തത്സമയം സംപ്രേഷണം ചെയ്തിട്ടില്ലെന്നുമാത്രമല്ല പൂര്‍ണ്ണമായും കണ്ണടയ്ക്കുന്ന നിലയിലാണ്. ദേശീയ മാധ്യമങ്ങളുടെ ഈ നിലപാടിനെതിരെ വിമര്‍ശനം ശക്തമാണ്. ആരോടാണ് ഇവര്‍ വിധേയത്വം കാണിക്കുന്നത് എന്നതില്‍ സംശയമില്ലല്ലോയെന്നാണ് സാമൂഹമാധ്യമങ്ങളിലെ ചോദ്യം. 'ഗോദി മീഡിയ' എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Content Highlights: Following the conclusion of today's protest, Abhijeet Dipke stated that the agitation may resume if Dharmendra Pradhan does not resign

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us