സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിലെ വീഴ്ച പുറത്തെത്തിച്ച നിസർ​ഗ അധികാരിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് വിദഗ്ധ സംഘം

വിദ്യാർത്ഥികളുടെ സെൻസിറ്റീവ് ഡാറ്റ സൂക്ഷിക്കുന്ന സിബിഎസ്ഇ പോർട്ടലിൽ 'ഗുരുതരമായ അപകടസാധ്യതകൾ' ഉണ്ടെന്ന് നിസർ​ഗ അധികാരി കഴിഞ്ഞ മാസം ചൂണ്ടിക്കാണിച്ചിരുന്നു

സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിലെ വീഴ്ച പുറത്തെത്തിച്ച നിസർ​ഗ അധികാരിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് വിദഗ്ധ സംഘം
dot image

ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിലെയും പുനർ മൂല്യനിർണയത്തിലെയും ഗുരുതര വീഴ്ച പുറത്തെത്തിച്ച 19 വയസ്സുകാരൻ നിസർ​ഗ അധികാരിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും. സിബിഎസ്ഇയുടെയും ഐഐടിയുടെയും വിദഗ്ധ സംഘവുമായി കൂടിക്കാഴ്ച നടത്താനാണ് എത്തിക്കൽ ഹാക്കർ കൂടിയായ നിസർഗ അധികാരിയെ ക്ഷണിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ സെൻസിറ്റീവ് ഡാറ്റ സൂക്ഷിക്കുന്ന സിബിഎസ്ഇ പോർട്ടലിൽ 'ഗുരുതരമായ അപകടസാധ്യതകൾ' ഉണ്ടെന്ന് നിസർ​ഗ അധികാരി കഴിഞ്ഞ മാസം ചൂണ്ടിക്കാണിച്ചിരുന്നു. ഡാറ്റാ സുരക്ഷയിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി സിബിഎസ്ഇ നേരത്തെ ഈ വാദം നിഷേധിച്ചിരുന്നു.

'നിസർഗ ഒരു മിടുക്കനായ വിദ്യാർത്ഥിയാണ്. അദ്ദേഹം പ്രധാനപ്പെട്ട അപകടസാധ്യതകൾ കണ്ടെത്തി. അദ്ദേഹത്തിന്റെ ചിന്താ പ്രക്രിയ മനസ്സിലാക്കാൻ ഞങ്ങൾക്ക് ജിജ്ഞാസയുണ്ടായിരുന്നു. സൈബർ സുരക്ഷയിൽ അദ്ദേഹം വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി മനസ്സിലാക്കി. അതിനാൽ സിസ്റ്റം പരിഹരിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ അദ്ദേഹത്തെ വിളിച്ചു'വെന്നാണ് ഐഐടിയുടെ വിദ​ഗ്ധ സംഘത്തിലെ അം​ഗത്തെ ഉദ്ധരിച്ച് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്.

ഐഐടി-മദ്രാസ്, ഐഐടി-കാൺപൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഡയറക്ടർമാർ ഉൾപ്പെടെയുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സൈബർ സുരക്ഷാ വിദഗ്ധർ പ്രശ്നം പരിഹരിക്കുന്നതിനായി മെയ് 24 മുതൽ ഏകദേശം രണ്ടാഴ്ചയോളം ന്യൂഡൽഹിയിലെ സിബിഎസ്ഇ ആസ്ഥാനത്ത് ക്യാമ്പ് ചെയ്തിരുന്നുവെന്നും ഹിന്ദു റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്വകാര്യ സ്ഥാപനമായ COEMPT എഡ്യൂടെക്ക് വികസിപ്പിച്ചെടുത്ത ഓൺ-സ്ക്രീൻ മാർക്കിംഗ് (OSM) പോർട്ടൽ ഓൺമാർക്ക്, ഉത്തരക്കടലാസുകൾ നിരീക്ഷിക്കുന്നതിനും പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുന്നതിനുമുള്ള സിബിഎസ്ഇ പോർട്ടൽ എന്നീ രണ്ട് പോർട്ടലുകളിലെ അപകടസാധ്യതകൾ പരിഹരിക്കുന്നതിനാണ് ഐഐടിയിലെ മുൻനിര ഉദ്യോ​ഗസ്ഥർ സിബിഎസ്ഇ ആസ്ഥാനത്ത് രണ്ടാഴ്ചയോളം തുടർന്നതെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ​ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്.

സിബിഎസ്ഇ പോർട്ടലിലെ സൈബർ സുരക്ഷാ പ്രശ്‌നങ്ങൾ പുറത്തുകൊണ്ടുവന്നതോടെയാണ് നിസർഗ അധികാരിയെന്ന വിദ്യാർത്ഥി ശ്രദ്ധേയനായത്. സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ മൂല്യനിർണ്ണയം നടത്തിയ ഒഎസ്എം പോർട്ടൽ ഹാക്ക് ചെയ്‌തെന്ന് അവകാശപ്പെട്ട് മെയ് 22നായിരുന്നു നിസർഗ അധികാരി സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയത്. ഈ വർഷം പ്ലസ്ടു പരീക്ഷയെഴുതിയയാളാണ് നിസർഗ. സിബിഎസ്ഇ സൈറ്റിൽ അധ്യാപകരുടെ പേര്, റോൾ നമ്പർ, ബാങ്ക് വിവരങ്ങൾ എന്നിവയിൽ മാറ്റങ്ങൾ വരുത്താമെന്നായിരുന്നു നിസർഗ പറഞ്ഞത്. ഇക്കാര്യം താൻ സിഇആർടിയെ അറിയിച്ചെങ്കിലും പരിഹരിച്ചില്ലെന്നും നിസർഗ പറഞ്ഞിരുന്നു. തുടക്കത്തിൽ സിബിഎസ്ഇ നിസർഗ അധികാരിയുടെ അവകാശവാദം മുഖവിലയ്‌ക്കെടുത്തിരുന്നില്ല.

Content Highlights: he expert committee has invited 19-year-old ethical hacker Nisarga Adhikary, who exposed major vulnerabilities in CBSE's On-Screen Marking (OSM) system during Class 12 exams, for a meeting to discuss and address security gaps. This follows CBSE controversies, leadership changes, and calls for accountability in the board's digital evaluation process.

dot image
To advertise here,contact us
dot image