

ചെന്നൈ: രണ്ട് മുതിർന്ന ബിജെപി നേതാക്കൾ കൂടി തമിഴ്നാട്ടിൽ രാജിവെച്ചു. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് മുതിർന്ന നേതാക്കളായ കരു നാഗരാജൻ, സുമതി വെങ്കിടേഷും രാജിവെച്ചത്. ബിജെപി സംസ്ഥാന ഘടകത്തിലെ ആഭ്യന്തരവിഷയങ്ങൾ ഒഴിയുന്നില്ലെന്നതിൻ്റെ സൂചനയായാണ് ഇരുവരുടെയും രാജി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ബിജെപി തമിഴ്നാട് ഘടകത്തിൻ്റെ വൈസ് പ്രസിഡന്റാണ് കരു നാഗരാജൻ. അണ്ണാമലൈ രാജിവെച്ചതിന് പിന്നാലെയാണ് തന്റെ സ്ഥാനം രാജിവയ്ക്കുമെന്ന് കരു നാഗരാജൻ പ്രഖ്യാപിച്ചത്. ഉടൻ തന്നെ നാഗരാജൻ കേന്ദ്ര നേതൃത്വത്തിന് രാജി കത്ത് അയയ്ക്കും.ഡൽഹിയിൽ നിന്നും ചെന്നൈ വിമാനത്താവളത്തിൽ മടങ്ങിയെത്തിയ അണ്ണാമലൈയെകരു നാഗരാജൻ സ്വീകരിച്ചു. അണ്ണാമലൈയ്ക്ക് പിന്തുണ നൽകാൻ തീരുമാനിച്ചതായും കരു നാഗരാജൻ പ്രതികരിച്ചു.
ബിജെപി തമിഴ്നാട് ഘടകത്തിൻ്റെ സംസ്ഥാന സെക്രട്ടറിയായ സുമിത വെങ്കിടേഷും പാർട്ടിയിൽ നിന്നും രാജിവെച്ചു. ശ്രദ്ധാപൂർവ്വം ആലോചിച്ചതിനുശേഷം ദുഃഖത്തോടെയാണ് തീരുമാനമെടുത്തതെന്നാണ് സുമതി വെങ്കിടേഷ് രാജികത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
രാജിവെയ്ക്കുന്നതിന് മുന്നോടിയായി ഡൽഹിയിലെത്തിയ അണ്ണാമലൈ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ അനുനയനീക്കം വിജയിക്കാതെ വന്നതോടെയായിരുന്നു രാജിവെയ്ക്കാൻ അണ്ണാമലൈ തീരുമാനിച്ചത്. പിന്നാലെ അഞ്ച് പേജുള്ള രാജിക്കത്താണ് അണ്ണാമലൈ നേതൃത്വത്തിന് കൈമാറിയത്. സംസ്ഥാന രാഷ്ട്രീയത്തിൽ ഏറ്റ അവഗണന, നിയമസഭ തെരഞ്ഞെടുപ്പ് പരാജയം അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു രാജിക്കത്ത്. രാജ്യസഭാ സീറ്റ് അടക്കം അണ്ണാമലൈക്ക് നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തമിഴ്നാട്ടിൽ ദീർഘകാല അധ്യക്ഷനായി നിയമിക്കണമെന്നും ചുരുങ്ങിയത് ഏഴുവർഷം തുടർച്ചയായി ചുമതല നൽകണമെന്നുമായിരുന്നു അണ്ണാമലൈയുടെ ആവശ്യം. ഈ ആവശ്യം പക്ഷെ കേന്ദ്ര നേതൃത്വം അംഗീകരിച്ചില്ല.
'മക്കൾ ശക്തി' എന്ന പേരിൽ പാർട്ടി രൂപീകരിക്കാനാണ് അണ്ണാമലയുടെ നീക്കം. തമിഴ്നാട്ടിൽ വിവിധ ഇടങ്ങളിൽ അണ്ണാമലയെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അണ്ണാമലൈയ്ക്കൊപ്പം വലിയൊരു വിഭാഗം പാർട്ടി വിട്ടേക്കുമെന്നാണ് വിവരം. ഐപിഎസ് ഓഫീസർ പദവി ഉപേക്ഷിച്ച് 2020ലായിരുന്നു അണ്ണാമലൈയുടെ ബിജെപി പ്രവേശനം. 2021ൽ ബിജെപി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
Content Highlights: BJP Tamil Nadu unit faces major crisis as two senior leaders resigned following K. Annamalai's resignation. Latest updates on the political turmoil and its impact on the party in Tamil Nadu.