

തെഹ്റാൻ: ഇറാൻ്റെ റഡാർ സൈറ്റുകളിൽ ആക്രമണം നടത്തി യുഎസ് സൈന്യം. ഹോർമൂസ് കടലിടുക്കിലെ ക്വിഷം ദ്വീപുകളോട് ചേർന്ന റഡാർ സൈറ്റുകളിലാണ് ആക്രമണമുണ്ടായത്. ഇറാൻ്റെ ആക്രമണത്തെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് കമാൻഡ് അറിയിച്ചത്.
ഹോർമൂസിൽ ഇറാൻ നടത്തിയ ഡ്രോണാക്രമണം കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുന്ന തരത്തിലായിരുന്നുവെന്നും മേഖലയിൽ സംഘർഷവസ്ഥയുണ്ടാക്കിയെന്നും യുഎസ് സെൻട്രൽ കമാൻഡ് ചൂണ്ടിക്കാട്ടി. ഇതിന് തിരിച്ചടി നൽകിയാണ് ഇറാൻ്റെ തന്ത്രപ്രധാന സൈനിക സൈറ്റുകളിൽ ആക്രമണം നടത്തിയതെന്നും യുഎസ് വ്യക്തമാക്കി. ഇറാൻ്റെ പരാക്രമണങ്ങളെ ന്യായീകരിക്കാൻ കഴിയില്ലെന്നും അമേരിക്ക പറഞ്ഞു. ഇറാൻ്റെ നീക്കങ്ങളെ നിരന്തരം നിരീക്ഷിക്കുമെന്നും പ്രതിരോധ സംവിധാനങ്ങളെ കുടുതൽ ശക്തമാക്കുമെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരുന്നു.
പേർഷ്യൻ ഗൾഫിലെ ഇറാന്റെ ഖാർഗ് ദ്വീപിൽ സ്ഫോടനങ്ങളും വ്യോമ പ്രതിരോധ പ്രവർത്തനങ്ങളും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. യുഎസ് ഈ പ്രദേശത്ത് ആക്രമണം നടത്തിയതായാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇറാൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഖാർഗ് ദ്വീപിലാണ് ഇറാന്റെ എണ്ണ ടെർമിനലുകൾ ഉള്ളത്. ഇറാന്റെ എണ്ണയുടെ ഏകദേശം 90% കയറ്റുമതി ചെയ്യുന്നത് ഖാർഗ് ദ്വീപിൽ നിന്നാണ്.
അതേസമയം, ഇറാൻ്റെ ഡ്രോണാക്രമണങ്ങളെ പ്രതിരോധിച്ചെന്ന് കുവൈത്ത് പറയുന്നുണ്ട്. സ്ഫോടന ശബ്ദങ്ങൾ കേട്ടാൽ അത് വ്യോമാക്രമണത്തിന്റെ ഫലമാണെന്ന് കുവൈത്ത് സൈന്യം പറഞ്ഞിരുന്നു. രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങൾ തടയുന്നുണ്ടെന്നാണ് കുവൈത്തിൻ്റെ വാദം.
Content Highlights: Reports indicate that the US military has carried out strikes targeting radar installations in Iran, escalating tensions in the region.