എയര്‍ഹോണുകള്‍ വേണ്ട; ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ആഘോഷമാക്കിയ വുവുസേലയും പുറത്ത്

അമേരിക്കന്‍ ലോകകപ്പിന് കര്‍ശന മാര്‍ഗ നിര്‍ദേശങ്ങളുമായി ഫിഫ, കളിക്കളത്തിലും കൂടുതല്‍ നിയന്ത്രണങ്ങള്‍

എയര്‍ഹോണുകള്‍ വേണ്ട; ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ആഘോഷമാക്കിയ വുവുസേലയും പുറത്ത്
dot image

2010-ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഗാലറിയില്‍നിന്ന് മുഴങ്ങിയ വുവുസേലയുടെ മുഴക്കം ഇപ്പോഴും ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍നിന്ന് മാഞ്ഞിട്ടുണ്ടാകില്ല. റഫറിയുടെ വിസില്‍പോലും കേള്‍ക്കാനാകാത്ത വിധം വലിയ ശബ്ദമായിരുന്നു വുവുസേലയുടേത് എന്ന വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പ് മത്സരവേദികളെ ആവേശത്തിലാക്കാന്‍ വുവുസേലയ്ക്ക് കഴിഞ്ഞു എന്നത് ആരാധകര്‍ എടുത്തുപറഞ്ഞിരുന്നു. എന്നാല്‍ അമേരിക്കന്‍ ലോകകപ്പില്‍ വുവുസേല അനുവദിക്കില്ലെന്ന നിലപാടിലാണ് ഫിഫ.

കിക്കോഫിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഫിഫയുടെ തീരുമാനം. വലിയ ശബ്ദമുയര്‍ത്തി സ്റ്റേഡിയത്തില്‍ ആഘോഷാന്തരീക്ഷം സൃഷ്ടിക്കുന്ന വുവുസേലകള്‍, എയര്‍ഹോണുകള്‍ എന്നിവക്ക് പ്രവേശനമുണ്ടാകില്ലെന്ന് ഫിഫ മുന്നറിയിപ്പ് നല്‍കി. വെള്ളകുപ്പി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് നേരത്തെ ഫിഫ നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ വിലക്കുകള്‍ വരുന്നത്. യുഎസ്എ, കാനഡ, മെക്സികോ എന്നിവിടങ്ങളില്‍ സ്റ്റേഡിയം പെരുമാറ്റചട്ടത്തിന്റെ ഭാഗമായാണ് ഈ പ്ലാസ്റ്റിക് ഹോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് പറയുന്നത്.

2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പോടെയാണ് വുവുസേലകള്‍ ആഗോളതലത്തില്‍ ശ്രദ്ധേയമായത്. ഗാലറിയില്‍ ശബ്ദകോലാഹലമെന്ന നിലയില്‍ വിമര്‍ശനമേറെ ഉയര്‍ന്നിരുന്നെങ്കിലും അത് നിരോധിക്കപ്പെട്ടിരുന്നില്ല. ഫിഫയുടെ പെരുമാറ്റചട്ടം അനുസരിച്ച് ലേസര്‍ ഉപകരണങ്ങള്‍ക്കും അനുവാദമുണ്ടാകില്ല. നിയമങ്ങള്‍ ലംഘിക്കുന്നവരെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയുകയോ പുറത്താക്കുകയോ ചെയ്യും. അമേരിക്കന്‍ ലോകകപ്പില്‍ വിവിധ കാര്യങ്ങള്‍ക്ക് വലിയ നിയന്ത്രണങ്ങളാണ് കൊണ്ടുവരുന്നത്. കളിക്കളത്തിലും പെരുമാറ്റച്ചട്ടം നടപ്പാക്കുനുള്ള തയ്യാറെടുപ്പിലാണ് ഫിഫ. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഫിഫ കഴിഞ്ഞദിവസം തന്നെ പുറത്തുവിട്ടിരുന്നു. 48 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പ് ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് നടക്കുന്നത്. ജൂണ്‍ 11-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും.

content highlights: No to air horns; Vuvuzelas, made famous during the South African World Cup, are also banned

dot image
To advertise here,contact us
dot image