'തമിഴ്‌നാടിനെക്കുറിച്ച് BJPക്കുള്ള കാഴ്ച്ചപ്പാടിനോട് യോജിപ്പില്ല, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും'

താന്‍ പെരുമയുള്ള ഇന്ത്യക്കാരനാണെന്നും അദ്ദേഹം പറഞ്ഞു

'തമിഴ്‌നാടിനെക്കുറിച്ച് BJPക്കുള്ള കാഴ്ച്ചപ്പാടിനോട് യോജിപ്പില്ല, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും'
dot image

ചെന്നൈ: ബിജെപി വിട്ടതിന് പിന്നാലെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കെ അണ്ണാമലൈ.
തമിഴ്‌നാടിനെക്കുറിച്ച് ബിജെപിക്കുള്ള കാഴ്ച്ചപ്പാടിനോട് തനിക്ക് യോജിപ്പില്ലെന്ന് അണ്ണാമലൈ പറഞ്ഞു. താന്‍ പെരുമയുള്ള ഇന്ത്യക്കാരനാണ്. പാരമ്പര്യം കൊണ്ട് തമിഴനാണ്. തമിഴ്‌നാടിന്റെ അടയാളവുമായി ഒറ്റയ്ക്ക് മുന്നോട്ട്‌ പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷത്തിലധികമായി പാര്‍ട്ടി വിടുന്നതിനെ കുറിച്ച് നേതാക്കളോട് പറയുന്നു. ദേശീയ പാര്‍ട്ടികള്‍ തമിഴ്‌നാടിന് മനസിലാകുന്ന ഭാഷ സംസാരിച്ചില്ല. താന്‍ ഏറെ പരിശ്രമിച്ചു. പല തടസങ്ങള്‍ക്കിടയിലും കുറച്ചൊക്കെ ജയിക്കാനായി. 18 മാസക്കാലമായി ഭിന്നാഭിപ്രായങ്ങള്‍ തുടരുകയായിരുന്നുവെന്നും അണ്ണാമലൈ പറഞ്ഞു.

'ബിജെപിയില്‍ പ്രവര്‍ത്തിച്ച ആറ് വര്‍ഷം ഒരു സുപ്രധാന അവസരമായും പഠനാനുഭവമായും കണക്കാക്കുന്നു. ലക്ഷ്യങ്ങള്‍ ഇപ്പോള്‍ വളരെ വലുതാണ്. യഥാര്‍ത്ഥ മാറ്റം കൊണ്ടുവരാന്‍ കഴിയുന്ന ഒരു രാഷ്ട്രീയത്തിന്റെ ആവശ്യകതയുണ്ട്', അദ്ദേഹം പറഞ്ഞു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പറഞ്ഞ അണ്ണാമലൈ പാര്‍ട്ടി വളര്‍ത്താന്‍ സമയം വേണമെന്നും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം അണ്ണാമലൈ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുനയനീക്കം വിജയിച്ചിരുന്നില്ല.

അഞ്ച് പേജുള്ള രാജിക്കത്ത് ആണ് അണ്ണാമലൈ നേതൃത്വത്തിന് കൈമാറിയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറ്റ അവഗണന, നിയമസഭ തെരഞ്ഞെടുപ്പ് പരാജയം അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു രാജിക്കത്ത്. രാജ്യസഭാ സീറ്റ് അടക്കം അണ്ണാമലൈക്ക് നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തമിഴ്നാട്ടില്‍ ദീര്‍ഘകാല അധ്യക്ഷനായി നിയമിക്കണമെന്നും ചുരുങ്ങിയത് ഏഴുവര്‍ഷം തുടര്‍ച്ചയായി അധികാരം നല്‍കണമെന്നുമായിരുന്നു അണ്ണാമലൈയുടെ ആവശ്യം. ഇതിനോട് ദേശീയ നേതൃത്വം പച്ചക്കൊടി വീശിയിരുന്നില്ല.

'മക്കള്‍ ശക്തി' എന്ന പേരില്‍ പാര്‍ട്ടി രൂപീകരിക്കാനാണ് അണ്ണാമലയുടെ നീക്കം. തമിഴ്നാട്ടില്‍ വിവിധ ഇടങ്ങളില്‍ അണ്ണാമലയെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അണ്ണാമലൈയ്ക്കൊപ്പം വലിയൊരു വിഭാഗം പാര്‍ട്ടി വിട്ടേക്കുമെന്നാണ് വിവരം. ഐപിഎസ് ഓഫീസര്‍ പദവി ഉപേക്ഷിച്ച് 2020ലായിരുന്നു അണ്ണാമലൈയുടെ ബിജെപി പ്രവേശനം. 2021ല്‍ ബിജെപി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.

Content Highlights: Annamalai says his party will fight next polls

dot image
To advertise here,contact us
dot image