

ദുബായിൽ ഗതാഗതക്കുരുക്ക് മറികടക്കാൻ നിയമവിരുദ്ധമായി വാഹനം ഓടിക്കുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഈ വർഷം മാത്രം നിയമം ലംഘിച്ച നാലായിരത്തി അഞ്ഞൂറിലധികം വാഹനങ്ങൾക്കാണ് പൊലീസ് പിഴ ചുമത്തിയത്. നിയമലംഘനത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ദുബായ് പൊലീസ് ഡ്രൈവർമാർക്ക് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
തകരാറിലായ വാഹനങ്ങൾ നിർത്തുന്നതിനും ആംബുലൻസ്, സിവിൽ ഡിഫൻസ്, പൊലീസ് എന്നിവയ്ക്ക് അപകടസ്ഥലങ്ങളിലേക്ക് വേഗത്തിൽ എത്തുന്നതിനും വേണ്ടി മാത്രമുള്ളതാണ് റോഡ് അരികിലുള്ള ഹാർഡ് ഷോൾഡർ. നിയമം ലംഘിച്ച് ഹാർഡ് ഷോൾഡറിലൂടെ വാഹനങ്ങൾ നിരനിരയായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ദുബായ് പൊലീസ് പുറത്തുവിട്ടു.
ഇത്തരം നിയമലംഘനങ്ങൾ അടിയന്തര രക്ഷാപ്രവർത്തനങ്ങളെ ബാധിക്കുകയും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യും. ഈ വർഷം ഇതുവരെ മാത്രം ഇത്തരത്തിലുള്ള 4,504 നിയമലംഘനങ്ങളാണ് പോലീസ് രേഖപ്പെടുത്തിയത്. പ്രതിമാസ കണക്കുകൾ പരിശോധിച്ചാൽ ഫെബ്രുവരിയിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത്. 1,638 കേസുകൾ. ജനുവരിയിൽ 1,379-ഉം മാർച്ചിൽ 676-ഉം മേയിൽ 482-ഉം ഏപ്രിലിൽ 329-ഉം കേസുകൾ വീതം റിപ്പോർട്ട് ചെയ്തു.
നിലവിലെ ഫെഡറൽ ട്രാഫിക് നിയമപ്രകാരം ഈ അടിയന്തര പാതയിലൂടെ നിയമവിരുദ്ധമായി ഓവർടേക്ക് ചെയ്യുന്ന ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴയും ഡ്രൈവിംഗ് ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റും ചുമത്തും. പൊതുജനങ്ങൾക്ക് ഇത്തരം ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 'ദുബായ് പൊലീസ് ആപ്പ്' വഴിയോ, 'വി ആർ ഓൾ പൊലീസ്' സർവീസിന്റെ 901 എന്ന നമ്പറിലോ വിവരമറിയിക്കാമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
Content Highlights: Dubai Police have cautioned motorists against breaking traffic regulations to avoid jams. The warning highlights the importance of adhering to road safety laws to maintain order, reduce accidents, and ensure safe driving conditions across the city.