

പാലക്കാട്: സിഎംആര്‍എല്‍-എക്‌സാലോജിക് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണത്തില്‍ പ്രതികരിച്ച് എ കെ ബാലന്‍. തങ്ങള്‍ക്ക് നേരെ വന്ന കൈ യുഡിഎഫിന് നേരെ തിരിയുമെന്ന് എ കെ ബാലന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയെ ലക്ഷ്യം വെച്ചാണ് ഇ ഡി കേസ് വന്നത്. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ. വീണ ടിയെ ചോദ്യം ചെയ്യുന്നതില്‍ കുഴപ്പം എന്താണ്. ഇ ഡി അന്വേഷണത്തില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകാന്‍ പോകുന്നത് ഇടതുപക്ഷത്തിന് നേരെ ആവില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.
മാസപടി കേസില്‍ മാത്യു കുഴല്‍നാടനാണ് തുടക്കക്കാരന്‍. വിഷയം വിജിലന്‍സ് കോടതി തള്ളി. റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി. അപ്പീല്‍ സുപ്രീം കോടതിയും തള്ളി. രാഷ്ട്രീയ പ്രേരിതമാണ് ആരോപണമെന്ന് കോടതി കണ്ടെത്തി. മാത്യുവിന് ശേഷം രംഗത്ത് വരുന്നത് ഷോണ്‍ ജോര്‍ജ് ആണ്. എസ്എഫ്‌ഐഒയ്ക്കു ശേഷമാണ് ഇ ഡി വരുന്നത്. ഇ ഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിണറായി വിജയനോ വീണയോ പ്രതിയായി ഇ ഡിയുടെ മുന്നില്‍ ഒരു കേസുണ്ടോ? അന്വേഷിക്കട്ടെ. ഇത് എവിടേക്കാണ് പോകുന്നത്. കള്ള പണം വെളുപ്പിച്ചവരെ ശിക്ഷിക്കുന്നതിന് സിപിഐഎമ്മിനൊന്നുമില്ല. അത് അന്വേഷിച്ച് തെളിയിക്കട്ടെയെന്നും എ കെ ബാലന്‍ പറഞ്ഞു. കരിമണല്‍ ഖനനം ചെയ്യാന്‍ ഉമ്മന്‍ ചാണ്ടി സിഎംആര്‍എല്ലിന് അനുമതി നല്‍കി. വി എസാണ് അത് റദ്ദ് ചെയ്തതെന്നും എ കെ ബാലന്‍ സൂചിപ്പിച്ചു.
സിപിഐഎം നേതൃത്വത്തിനെതിരെയുള്ള കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ വിമര്‍ശനത്തിലും എ കെ ബാലന്‍ പ്രതികരിച്ചു. കോടിയേരിയുടെ വിയോഗത്തില്‍ മാത്രമെ പിണറായി വിജയന്‍ കരഞ്ഞിട്ടുള്ളൂ. കുടുംബത്തേക്കാള്‍ അപ്പുറമുള്ള ബന്ധമാണ് നേതാക്കള്‍ തമ്മിലുള്ളതെന്നായിരുന്നു എ കെ ബാലന്റെ പ്രതികരണം.
Content Highlights: AK Balan has reacted to the Enforcement Directorate investigation in the CMRL-Exalogic case